'മൂന്നാഴ്ച മുമ്പായിരുന്നു പ്രസവം, പുറത്ത് പറയാൻ വൈകി, അനുവും കുഞ്ഞും സുഖംപ്രാപിക്കാൻ കാത്തിരുന്നു'; ലക്ഷ്മി
മിനി സ്ക്രീൻ പ്രേക്ഷകർക്കും പാചകം ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ഏറെ സുപരിചിതയാണ് ലക്ഷ്മി നായർ. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ലക്ഷ്മി കുടുംബത്തിന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകർക്കൊന്നും ലക്ഷ്മിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.
യുട്യൂബും സോഷ്യൽമീഡിയകളും സജീവമാകുന്നതിന് മുമ്പ് ലക്ഷ്മിയുടെ കുക്കറി ഷോയിലൂടെയാണ് പ്രേക്ഷകർ പുതിയ റെസിപ്പികൾ പരിചയപ്പെട്ടിരുന്നതും അവ ഉണ്ടാക്കാൻ പഠിച്ചിരുന്നതും. ഒരു പാചകവിദഗ്ധ എന്ന ടൈറ്റിലിലാണ് ലക്ഷ്മിയെ ആളുകൾക്ക് കൂടുതൽ പരിചയം.
ഒരു യുട്യൂബ് ചാനലും പ്രേക്ഷകരുമായി സംവദിക്കാനായി ലക്ഷ്മിക്കുണ്ട്. പുത്തൻ റെസിപ്പികളും ആരാധകർക്ക് ആ യുട്യൂബ് ചാനൽ വഴിയാണ് ലക്ഷ്മി പരിചയപ്പെടുത്താറുള്ളത്. കഴിഞ്ഞ ദിവസമാണ് താൻ വീണ്ടും മുത്തശ്ശിയായ വിവരം ലക്ഷ്മിയും കടുംബവും പുറത്ത് വിട്ടത്. ലക്ഷ്മിയുടെ മകൻ വിഷ്ണുവിനും ഭാര്യ അനുവിനും ഒരു പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്.

മരുമകൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ പുതിയൊരു അതിഥിയെ കൂടി കുടുംബത്തിലേക്ക് സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ലക്ഷ്മി. ലക്ഷ്മിയുടെ മകൾക്ക് നാല് മക്കളാണുള്ളത്. വിഷ്ണുവിന് കൂടി കുഞ്ഞ് പിറന്നതോടെ അഞ്ച് പേരക്കുട്ടികളുള്ള മുത്തശ്ശിയായി ലക്ഷ്മി നായർ മാറി.
പെൺകുഞ്ഞാണ്... അവൾ ഞങ്ങളുടെ ഹൃദയം കവർന്നു എന്ന കുറിപ്പെടെയാണ് കുഞ്ഞ് പിറന്ന സന്തോഷം ലക്ഷ്മിയും കുടുംബവും അറിയിച്ചത്. കുഞ്ഞിനൊപ്പമുള്ള അനുരാധയുടെയും വിഷ്ണുവിന്റെയും ചിത്രമാണ് പങ്കുവെച്ചത്. എന്നാൽ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.
നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. നേരത്തെ അനുരാധയുടെ സീമന്തം ചടങ്ങുകളെല്ലാം കുടുംബം ആഘോഷമാക്കിയിരുന്നു. അതേസമയം ഇപ്പോഴിതാ അനുരാധയ്ക്ക് കുഞ്ഞ് പിറന്നതുമായി ബന്ധപ്പെട്ട് അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ കൂടി ലക്ഷ്മി പുതിയ വ്ലോഗിലൂടെ പങ്കുവെച്ചു. 'ഞാൻ വീണ്ടും അമ്മൂമ്മയായി.'
'ആ സന്തോഷം പങ്കുവെയ്ക്കുന്നു', എന്ന തലക്കെട്ട് നൽകിയാണ് പുതിയ വീഡിയോ ലക്ഷ്മ പങ്കുവെച്ചിരിക്കുന്നതും വിശേഷങ്ങൾ പങ്കിട്ടിരിക്കുന്നതും. 'ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ഞാൻ വളരെ ഹാപ്പിയായിട്ടാണ് നിൽക്കുന്നത്. കുറച്ച് പേർക്കെങ്കിലും കാര്യം മനസിലായിക്കാണും.'

'എങ്കിലും ഞാൻ അറിയാത്തവർക്കായി പറയുകയാണ്. ഞാൻ വീണ്ടും അമ്മൂമ്മയായി. അതായത് മുത്തശ്ശിയായി. ചിലർ പറയും അച്ഛമ്മയായി എന്ന്. എനിക്ക് പക്ഷെ അമ്മമ്മ എന്ന് പറയുന്നത് കേൾക്കാനാണ് ഇഷ്ടം. കാരണം അനു എനിക്ക് മോളെപ്പോലെയാണല്ലോ. വലിയ സന്തോഷത്തിലാണ്. ഇത് എന്റെ അഞ്ചാമത്തെ പേരക്കുട്ടിയാണ്.'
'എല്ലാം ദൈവത്തിന്റെ അനുഗ്രഹം. രണ്ട് ദിവസം മുമ്പാണ് കുഞ്ഞ് പിറന്നുവെന്നത് അനൗൺസ് ചെയ്തതെങ്കിലും പ്രസവം രണ്ട് മൂന്ന് ആഴ്ച മുമ്പാണ് നടന്നത്. മൂന്ന്, നാല് ആഴ്ച കഴിഞ്ഞു. ഇത്രയുംനാൾ വെയിറ്റ് ചെയ്തത് കുഞ്ഞ് ആരോഗ്യവതിയാകാൻ വേണ്ടിയാണ്.'
'പ്രതീക്ഷിക്കാതെ കുറച്ച് നേരത്തെയായിരുന്നു പ്രസവം. അതുകൊണ്ട് തന്നെ കുഞ്ഞിനും അമ്മയ്ക്കും കുറച്ച് സംരക്ഷണം വേണ്ട സമയമായിരുന്നു. അതുകൊണ്ടാണ് തിരക്ക് പിടിച്ച് കുഞ്ഞ് പിറന്നത് അനൗൺസ് ചെയ്യാതിരുന്നത്. അനുകുട്ടിക്ക് സിസേറിയനായിരുന്നു. ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നു.'
'അതിന്റെ സന്തോഷമാണ് വീട്ടിൽ എല്ലാവർക്കും', എന്നാണ് കുഞ്ഞ് പിറന്നസന്തോഷത്തെ കുറിച്ച് സംസാരിച്ച് ലക്ഷ്മി നായർ പറഞ്ഞത്. പലരും ഒരുപാട് ചോദ്യങ്ങൾ കമന്റ് ബോക്സിലൂടെ ചോദിച്ചിരുന്നു. സമയ കുറവുകൊണ്ടാണ് ഒന്നിനോടും പ്രതികരിക്കാതെ ഇരുന്നതെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications