'പൂർണിമയ്ക്കും സുപ്രിയയ്ക്കുമുള്ള കൊട്ട്, പരാതികൾ പറയാതെ പറയുന്നു, മല്ലിക സുകുമാരൻ ആ വേദന അനുഭവിച്ചിട്ടില്ല'
പെൺകുട്ടികൾ അമ്മയെക്കാൾ അമ്മായിയമ്മയ്ക്ക് ജീവിതത്തിൽ പ്രധാന്യം കൊടുക്കണമെന്ന പ്രസ്താവന നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് വിവാദപരമായ പ്രസ്താവന നടി നടത്തിയത്. വീഡിയോ വൈറലായതോടെ നിരവധിപേർ മല്ലികയെ വിമർശിച്ച് എത്തിയിരുന്നു. നിരവധി പ്രിവിലേജുകളിൽ ജീവിക്കുന്ന മല്ലിക സുകുമാരന് ഇത്തരം പ്രിവിലേജുകൾ ലഭിക്കാത്ത സ്ത്രീകൾ അനുഭവിക്കുന്ന വേദന മനസിലാവില്ലെന്ന് പറയുകയാണ് യുട്യൂബറായ ഉണ്ണി വ്ലോഗ്സ്.
ഭർത്താവിന് ദേഷ്യം വന്നാലും ഭർത്താവിന്റെ അമ്മയ്ക്ക് ദേഷ്യം വന്നാലും പെൺകുട്ടി സഹിക്കണമെന്നും മല്ലികാമ്മ അഭിമുഖത്തിൽ പറയാതെ പറയുന്നുണ്ടെന്നും ഉണ്ണി പറയുന്നു. മല്ലികാമ്മ ഇന്റർവ്യൂസിൽ പറയുന്ന കാര്യങ്ങൾ കേട്ട് ഇൻസ്പെയേർഡാകുന്ന ഒരുപാട് ആളുകളുണ്ട്. കാരണം അവർ അവരുടെ കരിയർ നഷ്ടപ്പെടുത്തിയിട്ടില്ല. ഒരു അമ്മയെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

അമ്മ എന്ന പേരിനോട് ചേർത്തുവെച്ച് അതുകൊണ്ട് തന്നെ ആളുകൾക്ക് മല്ലികാമ്മയോട് ഒരു ഇഷ്ടമുണ്ട്. മല്ലികാമ്മ അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ ഒരുപാട് കാര്യങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായകമാകുന്നവയുമാണ്. പക്ഷെ ഒരുപാട് പെൺകുട്ടികൾ അവരുടെ ജീവനും ജീവിതവും കൊടുത്ത് അൺലേൺ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വീണ്ടും ഇതാണ് നമുക്ക് വേണ്ടത്, ഇതാണ് ശരിയെന്ന രീതിയിൽ അടിച്ചുറപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവന മല്ലികാമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായി.
വിവാഹത്തിനുശേഷമുള്ള പെൺകുട്ടികൾ എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചാണ് അത്. ഒരുപാട് പ്രിവിലേജ്ഡായിട്ടുള്ള വ്യക്തി ചുറ്റുമുള്ള സമൂഹത്തെ മനസിലാക്കാതെ സംസാരിക്കുന്നത് പോലെയാണ് ആ പ്രസ്താവന കേട്ടപ്പോൾ തോന്നിയത്. ഇതുവരെ നൽകിയ ഒരു അഭിമുഖത്തിലും ഭർത്താവിന്റെ അമ്മയ്ക്ക് സ്വന്തം അമ്മയെക്കാൾ പ്രാധാന്യം കൊടുക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് മല്ലികാമ്മ പറഞ്ഞിട്ടില്ല.
അതുകൊണ്ട് തന്നെ ഭർത്താവിന്റെ അമ്മയ്ക്ക് സ്വന്തം അമ്മയെക്കാൾ പ്രാധാന്യം കൊടുത്ത് ജീവിക്കേണ്ടി വരുന്ന സ്ത്രീയുടെ വേദന മല്ലിക സുകുമാരൻ അനുഭവിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാൻ. ഭർത്താവിന്റെ വീട്ടുകാരുടെ സ്വത്ത് പോലെ അഭിനയിക്കേണ്ടി വരുന്ന സ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും മല്ലിക സുകുമാരന് അറിയില്ല. കാരണം ഇതൊന്നും അറിയിക്കാതെ അവരെ പ്രൊട്ടക്ട് ചെയ്ത് നിന്ന ഭർത്താവുണ്ടായിരുന്നു. അതൊരു പ്രിവിലേജാണ്. അതുകൊണ്ടാണ് ഇങ്ങനൊരു പ്രസ്താവന അവർ നടത്തിയത്.
മല്ലികാമ്മ മാത്രമല്ല അവരുടെ മരുമക്കൾക്കും അങ്ങനൊരു സാഹചര്യത്തിലൂടെ കടന്ന് പോകേണ്ട അവസ്ഥ മല്ലികാമ്മ ഉണ്ടാക്കിയിട്ടില്ല. അമ്മയേക്കാൾ അമ്മായിയമ്മയെ സ്നേഹിക്കൂവെന്ന് പറയുന്ന മല്ലികാമ്മ തന്നെ പറഞ്ഞിട്ടുണ്ട് പൂർണിമയും സുപ്രിയയും മക്കളല്ല തനിക്ക് അവർ മരുമക്കളാണെന്ന്. ഭർത്താവിന് ദേഷ്യം വന്നാലും ഭർത്താവിന്റെ അമ്മയ്ക്ക് ദേഷ്യം വന്നാലും പെൺകുട്ടി സഹിക്കണമെന്നും പറയാതെ പറയുന്നുണ്ട്.

സഹിക്കൂ, പൊറുക്കൂ, അഡ്ജസ്റ്റ് ചെയ്യൂവെന്ന് പെൺകുട്ടികളെ ഉപദേശിക്കേണ്ട കാര്യമില്ല. ഇത് കേട്ട് സഹിച്ച് പല പെൺകുട്ടികളും ജീവൻ വെടിഞ്ഞിട്ടുണ്ടെന്ന് കൂടി മനസിലാക്കണമെന്നും ഉണ്ണി വ്ലോഗ്സ് പറയുന്നു. ഉണ്ണിയുടെ റിയാക്ഷൻ വീഡിയോയ്ക്ക് ലഭിച്ചത് ഏറെയും മല്ലികയെ വിമർശിച്ചുള്ള പ്രതികരണങ്ങളാണ്. മല്ലിക സുകുമാരൻ എല്ലാ ഇന്റർവ്യൂസിലും പറയുന്ന കാര്യങ്ങൾ സ്വന്തം മരുമക്കൾക്ക് ഇട്ട് കൊടുക്കുന്ന കുത്തായിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്.
പ്രത്യേകിച്ച് സുപ്രിയയ്ക്കിട്ട്. മാത്രമല്ല മല്ലികയ്ക്ക് മരുമക്കളെ കുറിച്ച് ചില പരാതികളുണ്ട്. അത് അവർ ഇന്റർവ്യൂസിൽ പറയാതെ പറയുന്നുണ്ട്. ആ പരാതിയിൽ നിന്നായിരിക്കാം ഇങ്ങനെ ഒരു വർത്തമാനം വന്നത്. മല്ലികയ്ക്ക് സോഷ്യൽമീഡിയ കൊടുത്ത ഒരു അർഹതയില്ലാത്ത ടൈറ്റിലാണ് ന്യൂജൻ അമ്മ എന്നത്. ഒരുതരം വൃത്തികെട്ട ഇരട്ടത്താപ്പ് ഇവരുടെ എല്ലാ വീഡിയോസിലും കാണാം.
എല്ലാ മനുഷ്യന്മാരും സാധാരണയായി ചെയ്യുന്ന കാര്യങ്ങൾ ഇവർ വലിയ ഔദാര്യം ചെയ്ത് കൊടുത്തതുപോലെ പറയുന്നു. മക്കൾ പ്രണയിച്ച് വിവാഹം കഴിക്കുന്നതും ഒറ്റക്ക് കുടുംബമായി ജീവിക്കുന്നതും മരുമക്കൾ ഇഷ്ടമുള്ള ജോലി ചെയ്യുന്നതുമൊക്കെ ഞാൻ വലിയ നന്മമരമായതുകൊണ്ടാണെന്നാണ് വെപ്പ്. സ്വന്തം ചെറുപ്രായത്തിൽ ഇവർ എല്ലാ ഇഷ്ടങ്ങൾക്കും അനുസരിച്ച് ജീവിച്ചിട്ടാണ് ഇപ്പോഴത്തെ കുട്ടികളെ മൊത്തത്തിൽ ജഡ്ജ് ചെയ്യുന്നതെന്നുമെല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications