ഇഞ്ചക്ഷനെടുത്തതും ആള്‍ പോയി! ഒരിക്കലും മറക്കില്ല ആ നിമിഷം! സങ്കടം പറഞ്ഞ് സീനത്ത്
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളെക്കുറിച്ച് വാചാലയായിരിക്കുകയാണ് സീനത്ത്. സഹോദരന്റെ മരണവും, സഹോദരിയുടെ മകന്റെ വിയോഗവും ഇന്നും തീരാവേദനയാണ്. അസുഖമെന്താണെന്ന് അവരോട് തന്നെ ഡോക്ടേഴ്‌സ് നേരിട്ട് പറഞ്ഞിരുന്നു. അതായിരുന്നു ഏറ്റവും സങ്കടകരമായ കാര്യം. അത് കേട്ടതോടെ തന്നെ അവരും ഞങ്ങളും വല്ലാതെ തകര്‍ന്നുപോയിരുന്നുവെന്നും സീനത്ത് പറയുന്നു. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ജീവിതത്തിലെ വലിയ സങ്കടത്തെക്കുറിച്ച് പറഞ്ഞത്.
ഉമ്മ മരിച്ചത് പ്രായമായിട്ടായിരുന്നു. കാന്‍സര്‍ ബാധിച്ച് സഹോദരനും മരിച്ചിരുന്നു. ഉമ്മയ്ക്ക് തുല്യമായി കാണുന്ന ഞങ്ങളുടെ സഹോദരിയുടെ മകന്റെ വിയോഗം വല്ലാത്ത വേദനയാണ്. 35 വയസായിരുന്നു. ഗള്‍ഫിലൊക്കെ പോയി വീടൊക്കെ എടുത്ത്, സുഖമായി ജീവിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് അവന് പെട്ടെന്നൊരു വേദന വന്നത്. ശരീരം മുഴുവനും വേദനയായിരുന്നു. അത് കൂടിക്കൂടി വരികയായിരുന്നു. പിന്നെപ്പിന്നെ ഷര്‍ട്ടിന്റെ ബട്ടണ്‍സൊന്നും ഇടാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയൊക്കെയായപ്പോഴാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുന്നത്. എന്ത് അസുഖമാണെങ്കിലും രോഗിയോട് പറയണമെന്നാണല്ലോ ഡോക്ടര്‍മാര്‍ക്ക്. അത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പറയുന്നവര്‍ക്ക് ഈസിയാണ്. പക്ഷേ, കേള്‍ക്കുന്നവര്‍ക്ക് അത് താങ്ങാന്‍ പറ്റണമെന്നില്ലല്ലോ.

ഇത് ഇന്ന അസുഖമാണ്. ഭയങ്കരമായിട്ട് ബുദ്ധിമുട്ടും, ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം. വെന്റിലേറ്ററിലൊക്കെ ഇടേണ്ടി വരും. അവന്‍ ആരോഗ്യത്തോടെ ഇരിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ പറയുന്നത്. കുഴപ്പമില്ലെന്ന് പറയുന്നതിന് പകരം ഡോക്ടര്‍ ഇങ്ങനെയാണ് പറഞ്ഞത്. അത് കേട്ടപ്പോഴേ അവന്റെ മനസ് തകര്‍ന്നുപോയിക്കാണും. വളരെ അപൂര്‍വ്വമായിട്ട് വരുന്ന അസുഖമാണ് പോലും. 75,000 രൂപയുടെ ഇഞ്ചക്ഷന്‍ വെക്കണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ആ ഇഞ്ചക്ഷന്‍ വെച്ച് കുറച്ച് കഴിഞ്ഞപ്പോഴേക്കും ആള്‍ പോയി. നമുക്ക് അന്നൊന്നും അറിയില്ല. വെന്റിലേറ്റര്‍ സപ്പോര്‍ട്ട് കൊടുക്കുന്നു എന്നതിനെക്കുറിച്ച് അന്ന് വലിയ ധാരണയില്ലായിരുന്നു.
കാല് ഇങ്ങോട്ടും, മുഖം അങ്ങോട്ടുമായാണ് അവര്‍ കിടത്തുന്നത്. നമ്മള്‍ നോക്കുമ്പോള്‍ വയര്‍ ഇങ്ങനെ പൊങ്ങുന്നത് കാണാം. വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലാണ് അത്. ആള്‍ നേരത്തെ പോയതാണ്. അത് കുഴപ്പമില്ല, ഡോക്ടര്‍ പറഞ്ഞതല്ലേ വെന്റിലേറ്ററിലൊക്കെ കിടക്കേണ്ടി വരുമെന്ന് എന്നായിരുന്നു അന്ന് എല്ലാവരോടും ഞാന്‍ പറഞ്ഞത്. ഞങ്ങളുടെ സംസാരം കേട്ട് ആള്‍ മരണപ്പെട്ടു എന്ന് പറയാനാവതെ ഡോക്ടേഴ്‌സ് തിരിച്ച് പോവുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് ഞങ്ങളില്‍ ഒരാളെ വിളിക്കുന്നത്. ചെറിയൊരു ജീവന്റെ നാളം കിടക്കുന്നുണ്ട്. അകത്തേക്ക് കയറി ചേച്ചി അവനെയൊന്ന് തൊട്ടതും അതും നിലച്ചു.
രോഗിയോട് എടുത്തടിച്ചത് പോലെ രോഗാവസ്ഥയെക്കുറിച്ച് പറയുന്നത് വളരെ സങ്കടകരമായ കാര്യമാണ്. എന്റെ സഹോദരനോട് കാന്‍സറാണെന്നും, ആറ് മാസം കൂടിയേ ജീവിച്ചിരിക്കുള്ളൂ എന്നും ഡോക്ടേഴ്‌സ് നേരിട്ട് പറഞ്ഞിരുന്നു. അന്നത്തോടെ അവന്‍ ഭക്ഷണം നിര്‍ത്തി. അതുവരെ നല്ല സ്മാര്‍ട്ടായിരുന്ന ആള്‍ തകര്‍ന്നുപോയി. നിങ്ങള്‍ മരിക്കും എന്നൊരാള്‍ മുഖത്ത് നോക്കി പറഞ്ഞാല്‍ എങ്ങനെയാണ് സഹിക്കുക. ജീവിതത്തില്‍ മറക്കാനേ പറ്റാത്ത അനുഭവമാണ് ഇതൊക്കെ എന്നുമായിരുന്നു അവര്‍ പറഞ്ഞത്.


Click it and Unblock the Notifications