ശാന്തം പറഞ്ഞു തരുന്നത്...
ശാന്തം പറഞ്ഞു തരുന്നത്...
കണ്ണൂരിലെ അക്രമസംഭവങ്ങള്‍ക്കു നേരെ തുറന്നു പിടിച്ചിരിക്കുന്ന കണ്ണാണല്ലോ ജയരാജ് സംവിധാനം ചെയ്ത ശാന്തം. പക്ഷെ ശാന്തത്തിനൊരു മറുവശവുമുണ്ട്.
ശാന്തം നിര്‍മ്മിച്ചിരിക്കുന്നത് പി.വി. ഗംഗാധരന്റെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സാണല്ലോ. മലയാളത്തില്‍ വന്‍ ബജറ്റ് ചിത്രങ്ങള്‍ മാത്രം ചിത്രീകരിച്ച് പേരെടുത്ത പ്രൊഡക്ഷന്‍ കമ്പനി ഒരു സുപ്രഭാതത്തില്‍ ഇത്തരമൊരു ലോ ബജറ്റ് ചിത്രത്തിനൊരുങ്ങിയപ്പോള്‍ പലരുടെയും നെറ്റി ചുളുങ്ങിയിട്ടുണ്ട്.
ജയരാജ് നവരസങ്ങളെ അടിസ്ഥാനമാക്കി എടുത്ത ആദ്യ ചിത്രമായ കരുണം ലോക പ്രശസ്തി നേടിയതാണത്രെ ഗൃഹലക്ഷ്മിയെ ഇത്തരമൊരു ചിത്രം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്. ശാന്തവും ആ നിലയിലേക്കുയരുകയാണെങ്കില്‍ വിദേശ ചലച്ചിത്രോത്സവങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക വഴി നിര്‍മ്മാതാവിനൊരു വിദേശ യാത്ര... ചിത്രത്തിന് വിദേശ ഡോളറുകള്‍. ഇതിനെല്ലാം പുറമെ കേരളത്തില്‍ നിന്നും ഇന്ത്യയിലെ മറ്റു ചലച്ചിത്രോത്സവങ്ങളില്‍ നിന്നുമായി കോടിക്കണക്കിന് ഉറുപ്പികകള്‍..! ചുരുക്കത്തില്‍ വന്‍ ബജറ്റ് ചിത്രത്തേക്കാളും ലാഭം...!
വെറും 20 ലക്ഷത്തിന്റെ ചെലവിലല്ലേ ലക്ഷ്മി ഇത്രയും കാര്യം ഒപ്പിച്ചെടുക്കുന്നത്. എങ്ങനെയാ ചിത്രത്തിന്റെ ചെലവ് കുറച്ചതെന്നല്ലേ... ചിത്രത്തിലെ നായകന്‍ ഫുട്ബോള്‍ താരമായ ഐ.എം. വിജയന്‍. കഥാചിത്രത്തില്‍ ആദ്യമായി അഭിനയിക്കുന്ന വിജയന് കൊടുക്കേണ്ട പ്രതിപലത്തെക്കുറിച്ച് ചിന്തിക്കാവുന്നതല്ലേയുള്ളൂ. പിന്നെയുള്ളത് ഹിന്ദിയില്‍ നിന്നെത്തിയ സീമാ ബിശ്വാസാണ്. ബിശ്വാസിന്റെ ആദ്യ മലയാളചിത്രമായതിനാല്‍ അതും കുറഞ്ഞ കാശേ ആവുള്ളൂ. ഹാവൂ... ഗൃഹലക്ഷ്മിയുടെ കച്ചവടക്കണ്ണ് സൂപ്പര്‍ തന്നെ...
വാനപ്രസ്ഥം നിര്‍മ്മിച്ച് കുത്തുപാളയെടുത്തുപോയ സൂപ്പര്‍താരം മോഹന്‍ലാലിന്റെ കണ്ണുതുറപ്പിക്കാനും ഈ ശാന്തം മതിയല്ലേ...!?
ഒരു കാര്യം കൂടി... ജയരാജിന് മലയാളത്തില്‍ മേല്‍വിലാസമുണ്ടാക്കി കൊടുത്ത സിനിമയാണല്ലോ ദേശാടനം. ആ ചിത്രത്തിനു വേണ്ടി നിര്‍മ്മാതാവിനെ തേടിയലഞ്ഞ ജയരാജിനെ സഹായിക്കാന്‍ ഒരു ലക്ഷ്മിയും ഉണ്ടായിരുന്നില്ലത്രെ. അവസാനം ജയരാജ് തന്നെ ആ ചിത്രത്തിനു പണം കണ്ടെത്തേണ്ടിവന്നുപോലും...!


Click it and Unblock the Notifications