twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേതം വിനയനെ രക്ഷിക്കുമോ?

    By Staff
    |

    പ്രേതം വിനയനെ രക്ഷിക്കുമോ?

    വിനയന് ഇപ്പോള്‍ കഷ്ടകാലമാണ്. ഇടക്കാലത്തെ നല്ല സമയത്തിന്റെ ഓര്‍മകള്‍ അയവിറക്കി കഴിയേണ്ട ഗതികേടിലാണ് അദ്ദേഹം ഇപ്പോള്‍.

    മലയാളത്തിലെ ഹിറ്റ് മേക്കറെന്നും എടുക്കുന്ന സിനിമകളെല്ലാം വിജയിപ്പിക്കാന്‍ കഴിയുന്ന അത്ഭുതരഹസ്യ ഫോര്‍മുല കണ്ടെത്തിയവനെന്നും സിനിമാരംഗത്തുള്ളവര്‍ അദ്ദേഹത്തെ വാഴ്ത്തി പാടിയത് പഴങ്കഥയായി. തന്റെ ആ വിനയന്‍ സ്പര്‍ശത്തിന് എന്തു സംഭവിച്ചെന്ന് അദ്ദേഹം തന്നെ സംശയിച്ചു തുടങ്ങിയിരിക്കുന്നു.

    കോടികള്‍ മുടക്കിയ സിനിമകള്‍ പോലും ബോക്സോഫീസില്‍ നിര്‍മാതാവിനെ കൊഞ്ഞനംകുത്തി കാണിക്കുമ്പോള്‍ തന്റെ സിനിമകള്‍ക്ക് എന്തു പറ്റുന്നുവെന്ന ആശങ്കയിലാണ് വിനയന്‍. (പണ്ട് സിനിമകള്‍ ഒന്നൊന്നായി വിജയിക്കുമ്പോള്‍ ഈ ആശങ്കയുടെ സ്ഥാനത്ത് വിനയന് അത്ഭുതമായിരുന്നു. സിനിമകളിതെങ്ങനെ ഹിറ്റാവുന്നു എന്ന വിസ്മയം!)

    കാട്ടുചെമ്പകത്തില്‍ തുടങ്ങിയതാണ് വിനയന്റെ കഷ്ടകാലം. വികലാംഗ സിനിമകളുടെ പരമ്പരയെ തുടര്‍ന്ന് ഒന്ന് ട്രാക്ക് മാറ്റിച്ചവിട്ടി നോക്കാം എന്ന് കരുതി ആദിവാസികളുടെ ദുരിതമയമായ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നതാണ് വിനയന്‍. യൂത്ത് ഫെസ്റിവലിലെ നാടോടിനൃത്തമത്സരങ്ങളില്‍ ധരിക്കുന്ന വസ്ത്രങ്ങളാണ് കേരളത്തിലെ ആദിവാസികള്‍ ധരിക്കുന്നതെന്ന ധാരണയുടെ പുറത്ത് പെണ്‍കുട്ടികളെ ഫാന്‍സി ഡ്രസ് ഉടുപ്പിച്ച് അണിനിരത്തി അണിയിച്ചൊരുക്കിയ കാട്ടുചെമ്പകം വിനയന് അപ്രതീക്ഷിതമായ ആഘാതമുണ്ടാക്കി. ചിത്രം ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ മിക്ക തിയേറ്ററുകളില്‍ നിന്നും അപ്രത്യക്ഷമായി.

    കാട്ടുചെമ്പകത്തിന്റെ പരാജയം നല്‍കിയ അനുഭവപാഠമാണ് വീണ്ടും വികലാംഗരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സിനിമകളിലേക്ക് തിരിച്ചുപോവാന്‍ വിനയനെ പ്രേരിപ്പിച്ചത്. വികലാംഗയായ മീരയുടെ ദു:ഖകഥ കാണാന്‍ പ്രേക്ഷകരുടെ വന്‍ക്യൂ തിയേറ്ററുകളിലുണ്ടാവുമെന്ന പ്രതീക്ഷയോടെ അദ്ദേഹം വികലാംഗ പരമ്പരയിലെ അടുത്ത ചിത്രമായ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും തിയേറ്ററുകളിലെത്തിച്ചു. എന്നാല്‍ തന്റെ മറ്റ് വികലാംഗ സിനിമകള്‍ പോലെ ഇതും വിജയിക്കുമെന്ന വിനയന്റെ പ്രതീക്ഷ തകര്‍ന്നു.

    രണ്ട് സിനിമകളുടെ തുടര്‍ച്ചയായ പരാജയത്തെ തുടര്‍ന്നാണ് ഇടയ്ക്ക് നിര്‍ത്തിവച്ച ഒരു ചിത്രം പൊടിതട്ടിയെടുത്ത് പൂര്‍ത്തിയാക്കാന്‍ വിനയന്‍ തീരുമാനിച്ചത്. ദിലീപിന്റെ ജനപ്രിയനായക പദവി മുതലാക്കി സിനിമ മെഗാഹിറ്റാക്കാമെന്ന കണക്കുകൂട്ടലോടെയാണ് ദേശസ്നേഹത്തോടും പാകിസ്ഥാന്‍ വിരോധത്തോടുമൊപ്പം ഒട്ടും കുറയാതെ മസാല മേമ്പൊടി ചേര്‍ത്ത് അദ്ദേഹം വാര്‍ ആന്റ് ലൗ എന്ന അപൂര്‍വവിഭവം ഒരുക്കിയത്. പക്ഷേ ദിലീപിന്റെ ഡയലോഗ് കസര്‍ത്തുകള്‍ക്കോ പ്രേക്ഷകനെ കോരിത്തരിപ്പിക്കുമെന്ന പ്രതീക്ഷയോടെ കാശ് പൊടിച്ചുണ്ടാക്കിയ യുദ്ധരംഗങ്ങള്‍ക്കോ ചിത്രത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചിത്രത്തോട് പ്രേക്ഷകര്‍ യുദ്ധം പ്രഖ്യാപിച്ചതോടെ ആ ചിത്രം നിര്‍മാതാവിനെ കണ്ണീരിലാക്കി.

    ആകാശഗംഗ എന്ന ഹൊറര്‍ ചിത്രത്തില്‍ തുടങ്ങിയ വിനയന്‍ വിജയ പരമ്പര പഴങ്കഥയായതിന്റെ സങ്കടം എങ്ങനെ തീര്‍ക്കണം എന്ന ആലോചനയാണ് വിനയനെ പുതിയ ആശയത്തില്‍ കൊണ്ടുചെന്നെത്തിച്ചത്. ചിത്രങ്ങളെടുക്കാന്‍ ധൈര്യമില്ലാതെ സിനിമാ വനവാസം അനുഷ്ഠിച്ച കാലത്താണ് ആകാശഗംഗ എന്ന പ്രേതസിനിമ എന്ന ആശയം തന്റെ മനസിലുദിച്ചത്. ആകാശഗംഗ തന്നെ ഹിറ്റ്മേക്കറാക്കി. എങ്കിലെന്തുകൊണ്ട് വീണ്ടും ഒരു ഹൊറര്‍പരീക്ഷണം നടത്തിക്കൂടാ?

    വെള്ളിനക്ഷത്രം എന്ന ഹൊറര്‍ ചിത്രത്തിലാണ് ഇനി വിനയന്റെ പ്രതീക്ഷകളത്രയും. ഈ ചിത്രം കൂടി പരാജയപ്പെട്ടാല്‍ മറ്റൊരു വനവാസം കൂടി അനുഷ്ഠിക്കേണ്ടിവരുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X