twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്ദ്രന് ഓര്‍മകള്‍ ഉണ്ടായിരിക്കണം

    By Staff
    |

    ചന്ദ്രന് ഓര്‍മകള്‍ ഉണ്ടായിരിക്കണം

    നമ്മുടെ സംവിധായകന്‍ ടി.വി.ചന്ദ്രന്‍ അഹിംസയോട് അത്ര പ്രതിപത്തിയുള്ളയാളല്ല. ചലച്ചിത്ര മേളകളിലെ ഓപ്പണ്‍ഫോറത്തിലും അതുപോലുള്ള വേദികളിലും അത്തരം ഔപചാരികതയുള്ളതല്ലാത്ത സ്ഥലങ്ങളിലും മൂപ്പര്‍ പ്രശ്നങ്ങള്‍ പലതുമുണ്ടാക്കിയിട്ടുണ്ട്. പ്രകോപനപരമായി സംസാരിക്കുകയും ഒടുവില്‍ കയ്യാങ്കളിയിലേര്‍പ്പെടുകയുമാണ് മൂപ്പരുടെ വിനോദം. പൊതുവെ ഇത്തരം സീനുകള്‍ സൃഷ്ടിക്കുമ്പോള്‍ ഒരു പ്രചോദനമെന്ന നിലയില്‍ അദ്ദേഹം സുരപാനം നടത്തിയിരിക്കുമെന്നാണ് കേട്ടുകേള്‍വി. കലാകാരന്മാരല്ലേ എന്തിനും ഒരു പ്രചോദനം വേണമല്ലോ അവര്‍ക്ക്.

    തന്റെ സിനിമകള്‍ അത്ര നല്ലതല്ലെന്ന് ആരു പറയുന്നതും മൂപ്പര്‍ക്ക് സഹിക്കില്ല. അങ്ങനെ പറയുന്നവര്‍ കൈയെത്തും ദൂരത്താണെങ്കില്‍ അവരുടെ കൊങ്ങക്ക് പിടിക്കുകയാണ് അദ്ദേഹത്തിന്റെ ഒരു രീതി. അത്തരക്കാരെ കൊങ്ങക്ക് പിടിക്കാവുന്ന ദൂരത്ത് കിട്ടുന്നതുവരെ കാത്തിരിക്കാനും അദ്ദേഹം തയ്യാര്‍. സ്വന്തം മകന് വേണ്ടി പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുകയും ഉത്തരക്കടലാസ് നോക്കി മകന് വേണ്ടുവോളം മാര്‍ക്ക് നല്‍കുകയും ചെയ്ത തിരുവനന്തപുരത്തെ ഒരു അധ്യാപകനെ പോലെ തന്റെ സിനിമയാണ് ലോകത്തിലെ ഏറ്റവും മഹത്തായ കലാസൃഷ്ടിയെന്ന് മാര്‍ക്കിടാന്‍ മാത്രമല്ല അടുത്ത കാലത്തൊന്നും തന്റെ സിനിമയെ വെല്ലുന്ന ഒരു സിനിമ ഒരുത്തനും (താനടക്കം!) എടുക്കാന്‍ പോവുന്നില്ലെന്ന് കവടി നിരത്തി പറയാനും അപാര വൈഭവമുണ്ട് കക്ഷിക്ക്.

    തന്റെ സിനിമയെ വിമര്‍ശിക്കുന്ന കശ്മലന്മാരെ റിംഗിലെ ശത്രുവിനെ സമീപിക്കുന്ന ഗുസ്തിക്കാരനെ പോലെ അടിച്ചുനിരത്താനുള്ള വല്ലാത്തൊരു ചോദന പുള്ളിക്ക് പണ്ടേ കിട്ടിയിട്ടുണ്ട്. മദ്യപിച്ചുകഴിഞ്ഞാല്‍ നമ്മുടെ സംവിധായകന്റെയുള്ളിലെ ഗുസ്തിക്കാരന്‍ എവിടെവെച്ചും ഉണരും. ഈയിടെയും അങ്ങനെയൊരു ഉണരലുണ്ടായി.

    ലൊക്കേഷന്‍ ഷൊര്‍ണൂരാണ്. മീരാ ജാസ്മിനെ നായികയാക്കി എടുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ഇദ്ദേഹം അവിടെയെത്തിയത്.

    സീന്‍ ഇങ്ങനെ:

    രാത്രി താന്‍ താമസിക്കുന്ന ഹോട്ടലിലെ മറ്റൊരു മുറിയുടെ വാതിലില്‍ ചന്ദ്രന്‍ ആഞ്ഞുതട്ടുന്നു. മുറിയ്ക്കകത്തുള്ളയാളോട് പുറത്തുവരാന്‍ ചന്ദ്രന്‍ കൊലവിളി നടത്തുന്നു. വാതില്‍ തുറന്ന് പുറത്തുവന്നത് ബി. ഉണ്ണിക്കൃഷ്ണന്‍. റിംഗിലെ ഗുസ്തിക്കാരന്റെ ശൗര്യത്തോടെ ചന്ദ്രന്‍ ഉണ്ണിക്കൃഷ്ണന്റെ കൊങ്ങക്ക് പിടിക്കാനോങ്ങുന്നു.

    ഇനി അല്പം ഫ്ലാഷ് ബാക്ക്. എത്രാണ് ഈ ശത്രുതയുടെ കാരണമെന്തെന്നറിയേണ്ടേ.ആദ്യം റിംഗിലെ ചന്ദ്രന്റെ ശത്രുവിനെ ഒന്ന് പരിചയപ്പെടാം. ശിവം, കവര്‍സ്റോറി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും മലയാള സാഹിത്യത്തിലെ പുതിയ ആധുനികോത്തര നിരൂപകരില്‍ ഒരാളുമാണ് ഇദ്ദേഹം. (ബുദ്ധിജീവിയുടെ ആധികാരികതയെല്ലാം തകര്‍ന്നുതരിപ്പണമായി പോയിയെന്നാണല്ലോ പോസ്റ് മോഡേണിസം പറയുന്നത്. പോസ്റ് മോഡേണിസ്റുകള്‍ ഇങ്ങനെ പറഞ്ഞുവെച്ചിരിക്കുന്നതുകൊണ്ട് അവരെ ഉദ്ദരിച്ചുനടക്കുന്ന ബുദ്ധിജീവികള്‍ക്ക് ചില സൗകര്യങ്ങളുണ്ട്. നല്ല ഒന്നാന്തരം സാഹിത്യ നിരൂപണങ്ങള്‍ എഴുതിപ്പിടിപ്പിക്കുമ്പോള്‍ തന്നെ കവര്‍സ്റോറി, ശിവം പോലുള്ള നാലാം കിട സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവുമെല്ലാം കാച്ചിവിടാം. അങ്ങനെ ഒരു പോലെ സാഹിത്യനിരൂപകനുമാവാം, തറ സിനിമക്കാരനുമാവാം. നന്ദി, ദെറീദ. നന്ദി.)

    ഈയുണ്ണിക്കൃഷ്ണന്‍ ടി. വി. ചന്ദ്രന്റെ ഡാനി എന്ന സിനിമയെ വിമര്‍ശിച്ച് ഒരു പ്രസിദ്ധീകരണത്തിലെഴുതി. ഒരു കത്തിനുള്ള മറുപടിയിലായിരുന്നു ഈ വിമര്‍ശനം. നോക്കണേ ഉണ്ണിക്കൃഷ്ണന്റെ ഒരു ഗതികേട്! ഈയടുത്തൊന്നും ആരും ഇതിനേക്കാള്‍ മികച്ച സിനിമയെടുക്കാന്‍ പോവുന്നില്ലെന്ന് ചന്ദ്രന്‍ ഇതിനകം ഉഗ്രശാസവം പുറപ്പെടുവിച്ചിട്ടുള്ളതാണ്. അതൊന്നും ഉണ്ണിക്കൃഷ്ണന്‍ അറിഞ്ഞിട്ടില്ലായിരിക്കണം. അല്ലെങ്കില്‍ പിന്നെ ഈ ലോകോത്തര ഗുസ്തിക്കാരന്റെ സിനിമയെ വിമര്‍ശിക്കേണ്ട വല്ല കാര്യവുമുണ്ടോ.

    അതു വായിച്ചപ്പോഴെ ഉണ്ണിക്കൃഷ്ണന്റെ കൊങ്ങക്കായി ചന്ദ്രന്റെ കൈതരിച്ചതാണ്. തേടിയ വള്ളി കാലില്‍ ചുറ്റിയതിപ്പോഴും. ഏതായാലും ചന്ദ്രന്റെ കൈ ഉണ്ണിക്കൃഷ്ണന്റെ കൊങ്ങയില്‍ മുറുകി.

    മഹാപരാധമാണ് ചെയ്തതെങ്കിലും കൈ വല്ലാതങ്ങ് മുറുകിയപ്പോള്‍ ഉണ്ണിക്കൃഷ്ണനും അഹിംസയോട് പ്രതിപത്തിയില്ലാതായി. തുടര്‍ന്ന് സംഭാഷണങ്ങളില്ലാത്ത ഒരു സംഘട്ടനരംഗം കൊഴുത്തു.

    റിംഗില്‍ ആര്‍ക്കാണ് വിജയമുണ്ടായതെന്നതിനെ കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളുണ്ട്. ചന്ദ്രനാണ് കൂടുതല്‍ സ്കോര്‍ നേടിയതെന്ന് ചിലര്‍. അല്ല ഉണ്ണിക്കൃഷ്ണനാണ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടതെന്ന് മറ്റുചിലര്‍. ഏതാണ് സത്യമെന്ന് നമുക്കറിയില്ല. സത്യം എങ്ങോ മറഞ്ഞിരിക്കുന്നു.

    എന്തായാലും ഈ സംഭവം ചന്ദ്രന്‍ അങ്ങനെ മറക്കാനിടയില്ലെന്നാണ് ചില വിശ്വസ്ത കേന്ദ്രങ്ങള്‍ പറയുന്നത്. ചില കേടുപാടുകളോടെയാണത്രെ അദ്ദേഹത്തിന് രംഗത്തു നിന്ന് പോവേണ്ടിവന്നത്. എന്തായും സുരപാനം വരുത്തിവെച്ച വിനയാണെങ്കിലും അദ്ദേഹത്തിന് ഓര്‍മകള്‍ ഉണ്ടായിരിക്കണം!

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X