twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പക്ഷേ ദിലീപ് ചെയ്യുന്നതോ?

    By Staff
    |

    പക്ഷേ ദിലീപ് ചെയ്യുന്നതോ?

    തിരക്കഥാകൃത്തുക്കളായ സിബി കെ. തോമസ്-ഉദയ്കൃഷ്ണ ടീമിനോട് ദിലീപിനെന്താണ് ഇത്ര താത്പര്യം?

    തന്റെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായ സിഐഡി മൂസയ്ക്ക് രചന നടത്തിയത് സിബി കെ. തോമസ്-ഉദയ്കൃഷ്ണയാണെന്നതുകൊണ്ട് അവരോട് ദിലീപ് പ്രത്യേക പരിഗണന കാട്ടുന്നത് സ്വാഭാവികം. എന്നാല്‍ താന്‍ അഭിനയിക്കുന്ന സിനിമകള്‍ക്കെല്ലാം ഇവരെ കൊണ്ടേ തിരക്കഥ എഴുതിക്കുകയുള്ളൂവെന്ന് വന്നാലോ....

    ദിലീപ് അടുത്തതായി ചെയ്യാന്‍ പോവുന്ന ചിത്രങ്ങള്‍ക്കെല്ലാം രചന നിര്‍വഹിക്കുന്നത് സിബി കെ. തോമസ്-ഉദയ്കൃഷ്ണ ടീമാണ്. ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ ആദ്യമായി ഒരുക്കുന്ന ചിത്രം കാര്‍വര്‍ണന്‍, ചിത്രീകരണം തുടങ്ങിക്കഴിഞ്ഞ ജോഷി ചിത്രം റണ്‍വെ, ഷാഫി സംവിധാനം ചെയ്യുന്ന ഛോട്ടാ ദാദ, സിഐഡി മൂസയുടെ സംവിധായകന്‍ ജോണി ആന്റണി ഒരുക്കുന്ന കൊച്ചി രാജാവ് എന്നീ ചിത്രങ്ങള്‍ക്കെല്ലാം തിരക്കഥയെഴുതുന്ന് സിബി കെ. തോമസ്-ഉദയ്കൃഷ്ണ ടീം തന്നെ.

    തങ്ങളുടെ കരിയറിലെ ഉയര്‍ച്ചയ്ക്ക് വഴിയൊരുക്കിയ തിരക്കഥാകൃത്തുക്കളോടും സംവിധായകരോടും താരങ്ങള്‍ക്ക് പ്രത്യേക താത്പര്യമുണ്ടാവാം. എന്നാല്‍ ഒരു സൂപ്പര്‍ഹിറ്റിന് രചന നടത്തിയതുകൊണ്ട് തുടര്‍ന്നുള്ള ചിത്രങ്ങള്‍ക്കെല്ലാം എഴുത്തുജോലി അവര്‍ തന്നെ നടത്തിയാല്‍ മതിയെന്ന് ശഠിക്കുകയാണ് ദിലീപ്. പ്രിയദര്‍ശനോടും ജോഷിയോടും സിബി കെ. തോമസ്-ഉദയ്കൃഷ്ണ ടീമിനെ കൊണ്ട് തിരക്കഥ എഴുതിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചത് ദിലീപാണ്.

    പ്രിയദര്‍ശന്‍ തന്നെയാണ് തന്റെ മിക്ക ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയിട്ടുളളത്. കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ, മേഘം, കിളിച്ചുണ്ടന്‍ മാമ്പഴം, കാക്കക്കുയില്‍ തുടങ്ങിയ പ്രിയന്റെ ഒടുവിലത്തെ ചിത്രങ്ങള്‍ക്കെല്ലാം രചന അദ്ദേഹത്തിന്റേതു തന്നെ. പുതിയ ചിത്രത്തിനും പ്രിയന്‍ തന്നെയാണ് തിരക്കഥ എഴുതാന്‍ ഉദ്ദേശിച്ചിരുന്നത്. കഥയും പ്രിയന്റേതാണ്. എന്നാല്‍ സിബി കെ. തോമസ്-ഉദയ്കൃഷ്ണ ടീമിനെ കൊണ്ട് തിരക്കഥയെഴുതിക്കാമെന്ന് ദിലീപ് നിര്‍ദേശിച്ചതോടെ തന്റെ കഥ ദിലീപിന്റെ പ്രിയരചയിതാക്കളെ പ്രിയന്‍ ഏല്പിക്കുകയായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രിയന്‍ മറ്റൊരു തിരക്കഥാകൃത്തിന്റെ തിരക്കഥയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

    ജോഷി ചിത്രത്തിന്റെ കാര്യവും ഇതുപോലെ തന്നെ. ആക്ഷന്‍ ചിത്രമായ റണ്‍വേയ്ക്ക്, അത്തരം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ഡെന്നീസ് ജോസഫിനെ കൊണ്ട് തിരക്കഥയെഴുതിക്കാനായിരുന്നു ജോഷി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ദിലീപിന്റെ നിര്‍ദേശമനുസരിച്ച് ഡെന്നീസ് ജോസഫിന് പകരം തിരക്കഥാകൃത്തുക്കളായി സിബി കെ. തോമസ്-ഉദയ്കൃഷ്ണ ടീം വന്നു.

    ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കല്യാണരാമന്റെ സംവിധായകന്‍ ഷാഫി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതാനും സിബി കെ. തോമസ്-ഉദയ്കൃഷ്ണ ടീം മതിയെന്ന് ദിലീപ് തീരുമാനിച്ചു. കല്യാണരാമന് തിരക്കഥ എഴുതിയത് ബെന്നി പി. നായരമ്പലമാണ്. 2002ലെ ദിലീപിന്റെ മറ്റൊരു വിജയചിത്രമായ കുഞ്ഞിക്കൂനന് തിരക്കഥയെഴുതിയതും ബെന്നി പി. നായരമ്പലമാണ്. എന്നാല്‍ പുതിയ ഷാഫി ചിത്രത്തിന് ബെന്നി പങ്കാളിയല്ല. തന്റെ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്ക് രചന നടത്തിയിട്ടുള്ള ബെന്നിയെ പരിഗണിക്കാതെയാണ് സിബി കെ. തോമസ്-ഉദയ്കൃഷ്ണ ടീമിനെ കൊണ്ടുതന്നെ ഷാഫി ചിത്രത്തിനായി രചന നടത്തിക്കുന്നത്.

    ചില തിരക്കഥാകൃത്തുക്കളുടെ രചനയില്‍ അഭിനയിച്ചത് മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ കരിയറിലെ വളര്‍ച്ചയ്ക്ക് വളമായിട്ടുണ്ടെന്നത് ശരിയാണ്. എസ്. എന്‍. സ്വാമിയുടെ തിരക്കഥകള്‍ മമ്മൂട്ടിയെ സൂപ്പര്‍താര പദവിയിലെത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ തിരക്കഥകളാണ് മലയാളത്തിലെ വിലയേറിയ താരമായ മോഹന്‍ലാലിന് വീരനായക പരിവേഷവും മെഗാതാര പദവിയും സമ്പാദിച്ചുകൊടുത്തത്. രഞ്ജി പണിക്കരുടെ തിരക്കഥകളിലെ കഥാപാത്രസൃഷ്ടിയും തീപൊരി പാറുന്ന സംഭാഷണങ്ങളുമാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍താര പദവിയിലെത്താന്‍ കഴിഞ്ഞ ഏകനടനാവാന്‍ സുരേഷ് ഗോപിയെ സഹായിച്ചത്.

    എന്നാല്‍ ഇവരാരും തങ്ങളുടെ വളര്‍ച്ചയ്ക്ക് ചവിട്ടുപടിയൊരുക്കിയ തിരക്കഥാകൃത്തുക്കളുടെ രചനയില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന് ശഠിച്ചതായി അറിവില്ല. മറ്റ് പ്രഗത്ഭ തിരക്കഥാകൃത്തുക്കള്‍ രചന നടത്തിയ സിനിമകളില്‍ അഭിനയിക്കാന്‍ ഇവര്‍ യാതൊരു മടിയും കാണിച്ചിട്ടില്ല. പക്ഷേ ദിലീപ് ചെയ്യുന്നതോ?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X