പൊലീസ് ഇടപെട്ട ഒരു താരപ്രണയം
പൊലീസ് ഇടപെട്ട ഒരു താരപ്രണയം
സല്‍മാന്‍ ഖാന് ഇതെന്തുപറ്റി? ബോളിവുഡിലെ കേമികളായ നടിമാര്‍ ഈ ബോഡിബില്‍ഡറുടെ വാലായി നടക്കാന്‍ തയ്യാറായി നില്‍പ്പുണ്ട്. പ്രണയ പാരവശ്യങ്ങള്‍ അവരിലാരിലേക്കെങ്കിലും വഴിതിരിച്ചുവിട്ടുകൂടേ സല്‍മാന്. പക്ഷേ, സല്‍മാന് ബോളിവുഡിലെ നമ്പര്‍ വണ്‍ ആയ ലോകസുന്ദരി തന്നെ മതി. ഐശ്വര്യാറായി മുഖം തിരിച്ചുതുടങ്ങിയിട്ട് മാസങ്ങളായെങ്കിലും പ്രണയപരവശത അടക്കാനാവാതെ സല്‍മാന്‍ എന്തെല്ലാം കോപ്രായങ്ങളാണ് കാട്ടിക്കൂട്ടുന്നത്. ഇപ്പോഴിതാ മുംബൈ പൊലീസ് തന്നെ ഈ പ്രണയനാടകത്തില്‍ ഇടപെട്ടിരിക്കുന്നു.
ഐശ്വര്യയെ മേലില്‍ ശല്യപ്പെടുത്തരുതെന്നാണ് പൊലീസ് സല്‍മാന് താക്കീത് നല്‍കിയിരിക്കുന്നത്. പൊലീസ് ഇടപെടാന്‍ മാത്രം അത്രയേറെ അസഹ്യമായി കഴിഞ്ഞിരിക്കുന്നത്രെ സല്‍മാന്റെ ലോകസുന്ദരിയോടുള്ള വയലന്റ് പ്രണയം.
ഈയിടെ ഗോരെഗാവിലുള്ള ഫിലിം സിറ്റിയില്‍ വെച്ചാണ് പ്രണയത്താല്‍ മതിഭ്രമം ബാധിച്ച ഈ നടന്‍ അഴിഞ്ഞാടിയത്. ഷൂട്ടിംഗ് അലങ്കോലപ്പെടുത്തുന്നിടത്തോളം വരെ കാര്യങ്ങളെത്തി. അഭിഷേക് ബച്ചനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ഒരു ചിത്രത്തിലെ ഷൂട്ടിംഗ് വേളയിലാണ് മദ്യപിച്ച് പ്രണയപാരവശ്യം പൂണ്ട ചുവന്ന കണ്ണുകളോടെ സല്‍മാന്‍ഖാനെത്തിയത്. തന്നോടൊപ്പം വരണമെന്ന് ഐശ്വര്യയോട് സല്‍മാന്‍ ആവശ്യപ്പെട്ടു. ഐശ്വര്യ അതിന് തയ്യാറാവാഞ്ഞപ്പോള്‍ രോഷപ്രകടനത്തിന് കുപ്രസിദ്ധനായ നടന്‍ കോപാന്ധനായി. ഐശ്വര്യയെ കയറിപിടിക്കുകയും പിടിച്ചുതള്ളുകയും ചെയ്താണ് പ്രണയനൈരാശ്യം കാമുകന്‍ പ്രകടിപ്പിച്ചത്.
അപ്പോഴേക്കും അഭിഷേക് ബച്ചന്‍ ഇടപെട്ടു. നായകനും കൂട്ടാളികളും ഇടപെട്ടപ്പോള്‍ വില്ലന്‍ പതുക്കെ വലിഞ്ഞു. എന്നാല്‍ അത്ര പെട്ടെന്ന് തണുക്കുന്നതായിരുന്നില്ല സല്‍മാന്റെ രോഷം. നിര്‍ത്തിയിട്ടിരുന്ന ഐശ്വര്യയുടെ കാറില്‍ തന്റെ വാഹനം സല്‍മാന്‍ ഇടിച്ചുകയറ്റി. ഷൂട്ടിംഗ് നടത്തുന്നവരുടെ ഒരു കാറിലും സല്‍മാന്റെ കാറിടിച്ചു.
നിരാശാകാമുകന്റെ അക്രമാസക്തമായ ഈ ചെയ്തികളെ തുടര്‍ന്ന് ഐശ്വര്യയുടെ അച്ഛന്‍ കൃഷ്ണരാജ് റായി പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സല്‍മാനെ ചോദ്യം ചെയ്തത്.
ബോളിവുഡില്‍ എങ്ങും പരന്ന മനോഹരമായ ഒരു പ്രണയകഥയിലെ നായികാനായകന്മായിരുന്നു മുമ്പ് സല്‍മാനും ഐശ്വര്യയും. ആ പ്രണയബന്ധം തകര്‍ന്നതും വളരെ പെട്ടെന്നായിരുന്നു. സല്‍മാന്‍ വളരെ മോശമായാണത്രെ ഐശ്വര്യയോട് പെരുമാറാറുള്ളത്. ലോകസുന്ദരി മുഖം തിരിച്ചുതുടങ്ങിയതോടെ സല്‍മാന്റെ പെരുമാറ്റം കൂടുതല്‍ മോശമായി. തന്നെ ഗൗനിക്കാത്ത കാമുകിയുടെ ഫ്ലാറ്റില്‍ ഇടിച്ചുകയറാന്‍ സല്‍മാന്‍ രണ്ടു തവണ ശ്രമിച്ചു. രണ്ടു തവണയും പരിക്കുകളോടെ ഈ ബോളിവുഡ് ഹീറോക്ക് പിന്‍വാങ്ങേണ്ടിവന്നു.
സല്‍മാന്റെ പ്രണയഅക്രമങ്ങള്‍ ഇനിയെങ്കിലും അവസാനിക്കുമോ? പൊലീസ് ഇടപെട്ടിട്ടും സല്‍മാന് വലിയ കൂസലൊന്നുമില്ല. തന്നെ ചോദ്യം ചെയ്ത മുംബൈ അസിസ്റന്റ് കമ്മിഷണറോട് തനിക്ക് ഐശ്വര്യയെ കാണാതിരിക്കാനാവില്ല എന്നാണ് സല്‍മാന്‍ പറഞ്ഞത്. പൊലീസിനെ പോലും വെല്ലുവിളിക്കുന്ന ഈ അപകടകരമായ പ്രണയം എവിടെയെത്തിനില്‍ക്കുമോ ആവോ?


Click it and Unblock the Notifications