twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍താരമായാല്‍...

    By Staff
    |

    സൂപ്പര്‍താരമായാല്‍...

    ഉദയനാണ് താരം കേരളക്കരയിലെ തിയേറ്ററുകള്‍ നിറച്ചോടുകയാണ്. ശ്രീനിവാസന്‍ തീര്‍ത്ത തിരക്കഥയിലെ രസകരമായ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ക്ക് ക്ഷ പിടിച്ചിരിക്കുന്നു.

    സിനിമക്കാരുടെ ജാഡകളെയും അന്ധവിശ്വാസങ്ങളെയും കളിയാക്കുന്ന ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന നടന്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്ക് നന്നായിട്ടുവയ്ക്കുന്നുണ്ട്. സൂപ്പര്‍താരങ്ങളാണെന്ന പേരില്‍ ചില നടന്‍മാരില്‍ വേരുറച്ചുപോയ ശീലങ്ങളെയും അവരുടെ പൊള്ളയായ വിശ്വാസങ്ങളെയും കണക്കിനങ്ങ് കളിയാക്കുന്നുണ്ട് ശ്രീനിവാസന്‍.

    ഉദയനാണ് താരം സൂപ്പര്‍ഹിറ്റായി ഓടിയാലും അതില്‍ പരിഹസിക്കപ്പെടുന്ന സൂപ്പര്‍താരങ്ങള്‍ക്ക് തങ്ങളുടെ ശീലങ്ങളില്‍ നിന്ന് മാറിനില്‍ക്കാനാവുമോ? സൂപ്പര്‍താരങ്ങളെ കളിയാക്കുന്ന ഉദയനാണ് താരത്തില്‍ ഒരു സംവിധായകനായി വേഷം കെട്ടിയെങ്കിലും സൂപ്പര്‍താരം സൂപ്പര്‍താരം തന്നെ. സിനിമയുടെ സ്ക്രിപ്റ്റിലും പ്രമേയത്തിലും അനാവശ്യമായി കൈകടത്തുന്ന സൂപ്പര്‍താരങ്ങള്‍ ശ്രീനിവാസന്റെ രചനയില്‍ പരിഹസിക്കപ്പെടുന്നുണ്ടെങ്കിലും സൂപ്പര്‍താരം എന്ന പട്ടം ചുമത്തികിട്ടിയിട്ടുള്ള നടന്‍മാരൊക്കെ തങ്ങളുടെ കലാപരിപാടികള്‍ ഇനിയും തുടരുന്നതാണ്. അല്ലെങ്കിലും ശ്രീനിവാസന്‍ കണക്കിന് കൊട്ടിയെന്നുവച്ച് കഥയിലും സ്ക്രിപ്റ്റിലുമൊക്കെ തോന്നുമ്പോള്‍ കൈകടത്താന്‍ ജന്മാവകാശമായി കിട്ടിയുള്ള അധികാരം വേണ്ടെന്നും വയ്ക്കാന്‍ പറ്റുമോ?

    ഒരു സിനിമ ഹിറ്റായാല്‍ ആ ശൈലിയിലുള്ള ചിത്രങ്ങളില്‍ തന്നെ തുടര്‍ന്നഭിനയിക്കുക എന്ന ശീലം ചില താരരാജാക്കന്‍മാരില്‍ വേറുറച്ചുപോയിരിക്കുന്നു. കഥാപാത്രങ്ങളിലും പ്രമേയത്തിലും വൈവിധ്യമുണ്ടോ എന്ന് അന്വേഷിക്കുന്നതിന് പകരം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്ന വിശ്വാസത്തില്‍ ഒരേ തരം ചിത്രങ്ങള്‍ ആവര്‍ത്തിക്കാനാണ് താരരാജ സിംഹാസനത്തില്‍ വാണരുളുന്ന ചിലര്‍ക്ക് താത്പര്യം.

    കഴിഞ്ഞ വര്‍ഷത്തെ താരരാജാവിന്റെ ഒരേയൊരു വിജയ ചിത്രം നാട്ടുരാജാവ് ആയിരുന്നു. ശരാശരി വിജയം നേടിയ നാട്ടുരാജാവില്‍ താരസിംഹം വീണ്ടും മീശ പിരിച്ച് വീരനായകവേഷമാടുന്നതാണ് കണ്ടത്. ആ മട്ടിലുള്ള ചിത്രങ്ങള്‍ ഇനിയും തനിക്ക് വിജയം സമ്മാനിക്കും എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. തന്റെ വിശ്വാസങ്ങളൊന്നും ചോദ്യം ചെയ്യപ്പെടുന്നത് ഏത് രാജാവിനും സഹിക്കില്ലല്ലോ. അതുകൊണ്ട് സിനിമയെന്ന സാമ്രാജ്യത്തിലെ വെറും പ്രജകള്‍ മാത്രമായ സംവിധായകരും തിരക്കഥാകൃത്തുക്കളും അതൊക്കെ അനുസരിക്കുക തന്നെ.

    സക്കറിയാപോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രം രഞ്ജിത്ത് എന്ന സിനിമാലോകത്തെ പ്രജ വളരെ നേരത്തെ അനൗണ്‍സ് ചെയ്തതാണ്. തന്റെ പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഒരു മോഹന്‍ലാല്‍ കഥാപാത്രത്തെയാണ് അദ്ദേഹം ആ കഥയില്‍ മെനഞ്ഞത്. പക്ഷേ സൂപ്പര്‍താരത്തിന് ആ കഥയില്‍ താത്പര്യമില്ലത്രെ. രഞ്ജിത്ത് പ്രജ മുമ്പൊരുക്കിയിട്ടുള്ള നരസിംഹം, രാവണപ്രഭു എന്നീ ചിത്രങ്ങളുടെ മാതൃകയില്‍ ഒരു തട്ടുപൊളിപ്പന്‍ ചിത്രം മതിയത്രെ അദ്ദേഹത്തിന്.

    നാട്ടുരാജാവ് വിജയിച്ചതു കണ്ടില്ലേ, അതുകൊണ്ട് ആ മട്ടിലുള്ള ചിത്രമെടുത്താല്‍ ഇനിയും വിജയിക്കും എന്നാണ് താരരാജാവ് പറയുന്നത്. അങ്ങനെയാണ് ചന്ദ്രോത്സവം എന്ന ചിത്രത്തിന്റെ ജോലികള്‍ രഞ്ജിത്ത് തുടങ്ങിയത്.

    രാജാവിന്റെ വിശ്വാസം അദ്ദേഹത്തെ ചക്രവര്‍ത്തിയാക്കാന്‍ സഹായിക്കുമെങ്കില്‍ നല്ലതുതന്നെ. പക്ഷേ ഇത്തരം അന്ധവിശ്വാസങ്ങള്‍ ഈ രാജപ്രമുഖനെ നിരാശപ്പെടുത്തിയിട്ടേയുള്ളൂ എന്നാണ് മുന്നനുഭവം. നരസിംഹവും രാവണപ്രഭുവുമൊക്കെ വന്‍വിജയം നേടിയപ്പോള്‍ ആ വിജയം അദ്ദേഹത്തിന്റെ തലക്കുപിടിക്കുകയും അത്തരം ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂവെന്ന് അദ്ദേഹം ശപഥം ചെയ്തതുമാണ്. എന്നിട്ടെന്തു സംഭവിച്ചുവെന്നത് മാലോകര്‍ക്കെല്ലാമറിയാം.

    പ്രജ, ഒന്നാമന്‍, താണ്ഡവം തുടങ്ങിയ മഹത്സൃഷ്ടികളൊക്കെ എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ താരരാജാവിന് വീണ്ടും മനംമാറി. അങ്ങനെയാണ അദ്ദേഹം ബാലേട്ടന്‍ എന്ന മിമിക്രി ചെയ്തത്. തന്റെ തന്നെ പഴയ ചില പഴയ കഥാപാത്രങ്ങളെ മിമിക് ചെയ്യുക എന്ന കലാപരിപാടിയായിരുന്നു അദ്ദേഹം ഈ സിനിമയില്‍ നടത്തിയത്. തങ്ങളുടെ പ്രിയങ്കരനായ സൂപ്പര്‍താരത്തോടുള്ള സഹതാപ തരംഗം കേരളക്കരയാകെ ആഞ്ഞടിച്ചപ്പോള്‍ ബാലേട്ടന്‍ സൂപ്പര്‍ഹിറ്റായി.

    തുടര്‍ന്നങ്ങോട്ട് ബാലേട്ടന്‍ പോലുള്ള ചിത്രങ്ങളേ ചെയ്യൂവെന്നായി താരരാജാവിന്റെ ഉഗ്രശപഥം. അങ്ങനെയാണ് അദ്ദേഹം ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വാമനപുരം ബസ് റൂട്ട് തുടങ്ങിയ മലയാളത്തില്‍ എക്കാലവും ഓര്‍മിപ്പിക്കപ്പെടുന്ന ക്ലാസിക്കുകളില്‍ അഭിനയിച്ചത്. പക്ഷേ എന്തോ ആ ക്ലാസിക്കുകളൊക്കെ പ്രേക്ഷകര്‍ അപ്പാടെ തള്ളിക്കളഞ്ഞു. മുടക്കമുതല്‍ തിരിച്ചുകിട്ടാതെ നിര്‍മാതാവ് ആഴക്കയത്തില്‍ കൈയും കാലുമിട്ടടിക്കുന്ന സ്ഥിതിയിലായി.

    താരസിംഹത്തിന് വീണ്ടും മനംമാറിയപ്പോഴാണ് നാട്ടുരാജാവ് ഉണ്ടായത്. അത് ഒരു വിധം ഓടിയതു കണ്ടാണ് ആ മട്ടിലുള്ള ചിത്രമെടുക്കാന്‍ അദ്ദേഹം രഞ്ജിത്തിനോട് കല്പിച്ചത്. ആ ചിത്രം കൂടി വിജയിച്ചാല്‍ ഇനി നെഞ്ചുപിളര്‍ക്കുന്ന നരസിംഹ വേഷങ്ങള്‍ മാത്രമേ ചെയ്യൂവെന്ന പ്രതിജ്ഞയായിരിക്കും അദ്ദേഹമെടുക്കുന്നത്.

    വാല്‍ക്കഷ്ണം: സിനിമക്കുള്ളിലെ സിനിമയില്‍ ശ്രീനിവാസന്‍ കളിയാക്കിയതിനപ്പുറമല്ലേ യഥാര്‍ഥ സിനിമാലോകത്തെ ഈ സൂപ്പര്‍താര പ്രകടനങ്ങള്‍...

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X