twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരങ്ങള്‍ ഇനി വീട്ടിലിരിക്കട്ടെ

    By Staff
    |

    താരങ്ങള്‍ ഇനി വീട്ടിലിരിക്കട്ടെ

    മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കും മറ്റു താരങ്ങള്‍ക്കും ഇനി വീട്ടിലിരിക്കാം. താരങ്ങളെയെല്ലാം വീട്ടിലിരുത്തുമെന്ന് ഫിലിം ചേംബര്‍ പ്രഖ്യാപിച്ച നിലയ്ക്ക് സിനിമയില്‍ തുടര്‍ന്നും അഭിനയിച്ച് താരമായി വിലസാം എന്ന് അവര്‍ സ്വപ്നത്തില്‍ പോലും മോഹിക്കേണ്ട.

    താരങ്ങളുടെ ഒരു കഷ്ടകാലം നോക്കേണേ...ഫിലിം ചേംബറിലെ ഉഗ്രപ്രതാപികളായ ദൈവങ്ങള്‍ താരങ്ങളെ വീട്ടിലിരുത്തുമെന്ന് പ്രഖ്യാപിച്ചാല്‍ അഭിനയമല്ലാതെ മറ്റൊന്നുമറിയാത്ത അവര്‍ എന്തു ചെയ്യും?

    ഏതായാലും ഇവര്‍ക്ക് പകരം സിയാദ് കോക്കര്‍, നവോദയ അപ്പച്ചന്‍ തുടങ്ങിയ അഭിനയ പ്രതിഭകള്‍ സിനിമയില്‍ അഭിനയിച്ചു വിലസുന്നത് ഇനി താരങ്ങള്‍ക്ക് കാണേണ്ടിവരും. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ ആരാധകരായ പ്രേക്ഷകര്‍ ഒട്ടും നിരാശപ്പെടേണ്ട. അവര്‍ക്ക് ആരാധിക്കാന്‍ സിയാദ് കോക്കറെയും നവോദയ അപ്പച്ചനെയും പോലുള്ള ഉജ്വലപ്രതിഭകള്‍ മമ്മൂട്ടിക്കും ലാലിനുമൊക്കെ പകരം രംഗത്തു വരും. പ്രേക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചും കലാസ്വാദന ആനന്ദത്തില്‍ ആറാടിക്കാന്‍ മമ്മൂട്ടിക്കും ലാലിനുമൊക്കെ പകരം നിര്‍മാതാക്കള്‍ തന്നെ സ്ക്രീനിലെത്തുന്നതാണ്.

    ഏഷ്യാനെറ്റിന്റെ അവാര്‍ഡുനിശയില്‍ പങ്കെടുക്കുന്ന അമ്മയിലെ താരങ്ങളെയെല്ലാം വിലക്കി പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാനാണ് ഫിലിം ചേംബര്‍ ഉഗ്രശാസന പുറപ്പെടുവിച്ചിരിക്കുന്നത്. മലയാളത്തിലെ സിനിമാതാരങ്ങളെല്ലാം അമ്മയിലെ അംഗങ്ങളാണെന്നതിനാല്‍ ഒരു താരത്തിന് പോലും ഇനി സിനിമാഭിനയം സ്വപ്നം പോലും കാണാനാവില്ല. താരങ്ങളെല്ലാം അമ്മയുടെ ആള്‍ക്കാരാണെന്നതിനാല്‍ സിനിമയില്‍ അഭിനയിക്കാന്‍ അഭിനയരംഗത്തെ പുതുമുഖങ്ങളായ ഫിലിം ചേംബര്‍ അംഗങ്ങള്‍ തന്നെ വേണ്ടിവരും. തങ്ങളുടെ അഭിനയപ്രതിഭയ്ക്ക് അവധികൊടുത്ത് നിര്‍മാണ രംഗത്തു വ്യാപരിച്ചിരിക്കുകയായിരുന്ന ലാലിനെയും മമ്മൂട്ടിയെയും അതിശയിപ്പിക്കുന്ന ഈ പ്രതിഭകളുടെ വൈഭവം എന്താണെന്ന് ഇനിയെങ്കിലും കാണാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിക്കും. ലാല്‍ ഫാന്‍സ് അസോസിയേഷന്‍, മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയവ പിരിച്ചുവിട്ട് പ്രേക്ഷകര്‍ക്ക് സിയാദ് കോക്കര്‍ ഫാന്‍സ് അസോസിയേഷന്‍, നവോദയ അപ്പച്ചന്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയവ തുടങ്ങുകയും ചെയ്യാം.

    ഫിലിം ചേംബറിന്റെ തലപ്പത്തിരിക്കുന്ന പലരെയും ഈ താരങ്ങള്‍ക്ക് കണ്ണില്‍ പിടിക്കുന്നില്ല. ഇതെന്താ വിലക്ക് ചേംബറാണോ എന്നൊക്കെയാണ് അവര്‍ ചോദിക്കുന്നത്. സിനിമയെടുത്ത് ഇവര്‍ക്കൊക്കെ പ്രതിഫലം നല്‍കാമെങ്കില്‍ പിന്നെ ഇവര്‍ക്കൊക്കെ തോന്നുമ്പോള്‍ തോന്നുമ്പോള്‍ വിലക്കേര്‍പ്പെടുത്താനുള്ള അവകാശം ഫിലിം ചേംബറിനല്ലാതെ മറ്റാര്‍ക്കാണ്?

    താരങ്ങളെ പാഠം പഠിപ്പിക്കാന്‍ അവരെ വീട്ടിലിരുത്തിയാല്‍ മാത്രം പോരാ. സിനിമാ ബന്ദ് കൂടി പ്രഖ്യാപിച്ചാലേ താരങ്ങളുടെ നെഗളിപ്പ് അവസാനിപ്പിക്കാനാവൂ. അതിനാണ് മാര്‍ച്ച് എട്ട് മുതല്‍ സിനിമാ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുദിവസ സിനിമാ ബന്ദ് നടത്തി അത് വിജയിച്ച് തൊപ്പിയില്‍ തൂവലുമായാണ് ഇപ്പോള്‍ കോക്കര്‍ -നവോദയ സംഘം നടക്കുന്നത്. ആ ബന്ദ് 2004 ഫിബ്രവരി 12 നായിരുന്നു. അന്ന് എറണാകുളത്ത് യോഗം ചേര്‍ന്ന് ഇവര്‍ സര്‍വ അമ്മ അനുഭാവികളേയും വായ്ക്ക് രുചിയായി നാല് പറഞ്ഞ ശേഷമാണ് ഇനി ഇവരാരും സിനിമ അഭിനയിയ്ക്കാമെന്ന് കരുതേണ്ടെന്ന പ്രഖ്യാപനം നടത്തിയത്.

    മാര്‍ച്ച് എട്ട് മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് സിനിമകള്‍ മാത്രം ഓടിയാല്‍ മതി. ലാലും മമ്മൂട്ടിയും ദിലീപുമൊക്കെ അഭിനയിക്കുന്ന ഒരു സിനിമ പോലും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കരുത്. വെള്ളിത്തിരയില്‍ അങ്ങനെ വെട്ടിത്തിളങ്ങാമെന്ന മോഹം ഇനി ഈ അഹങ്കാരികളായ താരങ്ങള്‍ക്ക് വേണ്ട. തങ്ങള്‍ തന്നെ നിര്‍മിച്ച സിനിമകളാവാം ഇങ്ങനെ പ്രദര്‍ശിപ്പിക്കപ്പെടാതെ പോവുന്നത്. എന്നാലും ഇവരെയൊന്നും ഇനി തിയേറ്ററുകളിലെ സ്ക്രീനില്‍ കാണരുത്. കൊമ്പ് ദേഹത്തു വീണ് താരങ്ങളുടെ കൈയും കാലും ഒടിയുമെങ്കില്‍ പിന്നെ ഇരിക്കുന്ന കൊമ്പ് മുറിച്ചാലെന്താ.....

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X