For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തലൈവി നീണാള്‍വാഴട്ടെ: റോജ

  By Staff
  |

  തലൈവി നീണാള്‍വാഴട്ടെ: റോജ

  കഥകള്‍ക്ക് ജീവിതത്തില്‍ ചില പ്രാധാന്യമൊക്കെയുണ്ട്. കഥയില്‍ ജീവിതത്തിന്റെ ചൂടും ചൂരുമുണ്ടെങ്കില്‍ അത് നമുക്ക് പ്രചോദനമാകും. ഇനി ആ കഥ പറഞ്ഞുതരുന്നത് നമ്മുടെ വേണ്ടപ്പെട്ടവരാണെങ്കിലോ കഥയിലെ ഗുണപാഠം നേരെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലും.

  അങ്ങിനെ ഒരു കഥയിലൂടെയാണ് നമ്മുടെ പ്രിയപ്പെട്ട തമിഴ്നടി റോജയ്ക്ക് ജീവിതം തിരിച്ചുകിട്ടിയത്. മുഴുവന്‍ പല്ലുകളും പുറത്തുകാട്ടിയുള്ള റോജയുടെ ആ ചിരി കാണുമ്പോള്‍ ആരെങ്കിലും കരുതുമോ റോജയ്ക്ക് ദു:ഖമുണ്ടെന്ന്. എന്നാല്‍ കേട്ടോളൂ. റോജയ്ക്ക് ദു:ഖമുണ്ട്. വെറും ദു:ഖമൊന്നുമല്ല. ആത്മഹത്യചെയ്യാന്‍ പോന്നിടത്തോളം ദു:ഖം.

  റോജയ്ക്ക് കണ്ടകശനിയാണ്. അടിക്കടിയുള്ള തിരിച്ചടി. വണ്ടിച്ചെക്ക് കേസ്, നാലുലക്ഷം രൂപ പിഴയൊടുക്കാന്‍ പറഞ്ഞുകൊണ്ടുള്ള കോടതി വിധി. ഇതിനൊക്കെ പുറമെയാണ് റോജയ്ക്ക് എയ്ഡ്സുണ്ടെന്ന പ്രചാരണം. ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്നു പറഞ്ഞതുപോലെയാണ് കമലഹാസനുമായുണ്ടായ അഭിപ്രായവ്യത്യാസം. ഇതിന്റെ പേരില്‍ തമിഴിലെ സൂപ്പര്‍ സംവിധായകന്‍ കെ.എസ്. രവികുമാര്‍ റോജയെ കണക്കറ്റു ശകാരിച്ചു. കമലുമായി പിണങ്ങിയതില്‍ പ്രതിഷേധിച്ച് കമലിന്റെ ആരാധകര്‍ ഈയിടെ റോജയുടെ കോലവും കത്തിച്ചു. ഒരു സ്ത്രീ തളരാന്‍ ഇതൊക്കെ ധാരാളമല്ലേ.

  റോജ പറയുന്നു: കഴിഞ്ഞയാഴ്ച കോടതിയില്‍ നീ കുറ്റവാളിയാണോ എന്ന ജഡ്ജി ചോദിച്ചു. ജഡ്ജിയുടെ ഈ ചോദ്യം എന്നെ വല്ലാതെ അലട്ടി. കോടതിക്കുള്ളില്‍ ക്യാമറയുമായി വാര്‍ത്താലേഖകര്‍ എന്നെ വളഞ്ഞു. ഒരു വിധത്തില്‍ വീട്ടിലെത്തിയ എനിക്ക് കടുത്ത നിരാശ തോന്നി. അങ്ങിനെയാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

  മനംനൊന്ത റോജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പക്ഷെ കാമുകി അങ്ങിനെ മരിയ്ക്കാന്‍ കാമുകന്‍ സമ്മതിക്കുമോ? റോജ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചയുടന്‍ സംവിധായകന്‍ ശെല്‍വമണി ഓടിയെത്തി. പിന്നെ ഒരു മണിക്കൂര്‍ നേരം മനംമാറ്റത്തിനുള്ള ഉപദേശമായിരുന്നു. ശെല്‍വമണിയുടെ ആത്മഹത്യാ കൗണ്‍സിലിംഗില്‍ മുഴുക്കെ നിറഞ്ഞു നിന്നത് സാക്ഷാല്‍ തലൈവി ജയലളിതയുടെ കഥയായിരുന്നു. എങ്ങിനെ കിടന്ന ജയലളിതയാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ രാജ്ഞിയെപ്പോലെ വാഴുന്നത്? - ശെല്‍വമണി തലൈവിയുടെ ജീവിതകഥകള്‍ ഒന്നൊന്നായി ഉദ്ധരിക്കാന്‍ തുടങ്ങി. (പക്ഷെ ഈ കഥയൊന്നും പുറത്തുപറഞ്ഞേക്കരുതെന്ന് റോജയ്ക്ക് സ്വകാര്യമായി ഉപദേശവും നല്കി. ) കൃത്യമായി പറഞ്ഞാല്‍ ഒരു ഇന്‍-ക്യാമറ ടോക്ക്.

  തലൈവിയുടെ കഥ കേട്ട റോജയുടെ തലയ്ക്ക് വെളിവുവന്നു. തലൈവിയുടെ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോള്‍ തന്റെ പ്രശ്നങ്ങള്‍ എത്രനിസ്സാരം എന്ന് റോജയ്ക്ക് തോന്നി.

  എന്തൊക്കെ പ്രതിസന്ധിയുണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്ത് അധികാരത്തില്‍ തിരിച്ചെത്തിയ സാക്ഷാല്‍ തലൈവിയുടെ കഥ. ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ റോജ തലൈവീക്കീ ജയ് വിളിച്ചു. റോജ: ഫിബ്രവരി 24ന് ജയലളിതയുടെ ജന്മദിനമാണ്. അന്ന് അമ്മ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും.

  കേരളത്തിലെ നടിമാര്‍ ഇങ്ങിനെ ആത്മഹത്യയ്ക്ക് മുതിര്‍ന്നാല്‍ , അവര്‍ക്ക് തിരിച്ചുവരവിന് പ്രേരിപ്പിക്കുന്ന കേള്‍ക്കാന്‍ കൊള്ളാവുന്ന ആരുടെ കഥയുണ്ട് ?

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X