For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടങ്ങൂ, ഇതാ അടുത്ത വികലാംഗ സിനിമ

  By Staff
  |

  അടങ്ങൂ, ഇതാ അടുത്ത വികലാംഗ സിനിമ

  സാഹിത്യത്തിലും കലയിലും സിനിമയിലുമെല്ലാം സ്ത്രീകളെയും ദളിതരെയും പോലെ പ്രശ്നങ്ങള്‍ നേരിടുന്ന വിഭാഗങ്ങളെ കേന്ദ്രീകരിച്ച് സൃഷ്ടികള്‍ ഉണ്ടാവുന്നുണ്ട്. ദളിത് സാഹിത്യം, സ്ത്രീപക്ഷ സിനിമ എന്നിങ്ങനെ ഇത്തരം സൃഷ്ടികളെ പേരിട്ടുവിളിക്കാറുമുണ്ട്.

  സിനിമയിലും സാഹിത്യത്തിലുമെല്ലാം സ്ത്രീവാദം, ദളിത്വാദം എന്നിവ മുന്‍നിര്‍ത്തിയുള്ള സൃഷ്ടികളുടെ വക്താക്കളും പ്രയോക്താക്കളുമുണ്ട്. ഗൗരവത്തോടെ സിനിമയെയും സാഹിത്യത്തെയും കാണുന്ന ഇത്തരമാളുകളുടെ കൂട്ടത്തില്‍ ഹിറ്റുകളുണ്ടാക്കാന്‍ മിടുക്കനായ സംവിധായകന്‍ വിനയനെയും പെടുത്തേണ്ടതാണ്. അവരേക്കാളുമുയരത്തില്‍ പ്രതിഷ്ഠിച്ച് ചര്‍ച്ചയ്ക്ക്വിധേയനാക്കേണ്ടതുമാണ് ഈ മഹാകലാകാരനെ. കാരണം ഇദ്ദേഹമാണല്ലോ ലോകസിനിമയുടെയും സാഹിത്യത്തിന്റെയുമൊക്കെ ചരിത്രത്തില്‍ ആദ്യമായി വികലാംഗവാദം എന്ന വഴി വെട്ടിത്തെളിച്ചത്. അദ്ദേഹം തന്നെ ആ വഴി വെട്ടിവെളുപ്പിച്ച് വൃത്തിയാക്കി ആളുകള്‍ക്ക് സഞ്ചരിക്കാന്‍ പാകത്തിലാക്കിയിരിക്കുന്നു.

  ലോകസിനിമയിലെ വികലാംഗവാദത്തിന് അടിത്തറയിട്ടയാളെന്ന പേരില്‍ ഭാവിലോകമായിരിക്കും ഒരു പക്ഷേ കൂടുതലായി അദ്ദേഹത്തിന്റെ സംഭാവനകളെ വിലയിരുത്തുന്നത്. കാലത്തിന് അതീതമായ സിനിമകളെയും സാഹിത്യത്തെയുമൊക്ക അതുണ്ടാവുന്ന കാലത്ത് പുഛിക്കുകയും പിന്നീട് വാഴ്ത്തുകയും ചെയ്യുന്നവരാണല്ലോ നമ്മള്‍ മലയാളികള്‍. വികലാംഗവാദിയായ വിനയനെ കുറിച്ച് ഭാവി ലോകം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാള സിനിമ കീര്‍ത്തിയുടെ കൊമ്പത്തെത്തുമെന്ന് ഇപ്പോള്‍ വിനയന്റെ സിനിമകള്‍ കാണാതെ പോകുന്നവര്‍ അറിയുന്നില്ല.

  ഒരു കലാകാരന് മാത്രമുണ്ടാവുന്ന സര്‍ഗവേദനയോടെയുള്ള ആത്മരോഷമാണ് വിനയനെ ഒരു വികലാംഗവാദി ചലച്ചിത്രകാരനാക്കിയത്. സ്ത്രീകളുടെയും ദളിതരുടെയും ആദിവാസികളുടെയും എന്തിന് ആരാച്ചാര്‍മാരുടെ പോലും പ്രശ്നങ്ങള്‍ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. സ്ത്രീപക്ഷ സിനിമ, ആരാച്ചാര്‍ സിനിമ എന്നീ വിഭാഗങ്ങളുണ്ടാവുമ്പോള്‍ എന്തുകൊണ്ട് വികലാംഗരുടെ പ്രശ്നങ്ങളിലേക്കും യാതനകളിലേക്കും ക്യാമറയുടെ കണ്ണ് തുറയ്ക്കുന്നില്ല എന്ന ആത്മരോഷം കലര്‍ന്ന ചോദ്യമാണ് വികലാംഗരുടെ മുന്നണിപ്പോരാളിയായി അദ്ദേഹത്തെ സിനിമയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.

  അങ്ങനെ അദ്ദേഹം അന്ധരുടെയും മന്ദബുദ്ധികളുടെയും ബധിരരുടെയും ഊമകളുടെയും പ്രശ്നങ്ങളെ കുറിച്ച് തൂലിക എന്ന പടവാളുന്തി തിരക്കഥകള്‍ രചിക്കുകയും പിന്നീട് ഫിലിമില്‍ പകര്‍ത്തുകയും ചെയ്തു. അന്ധന്മാരും ഊമകളും നേരിടുന്ന പ്രശ്നങ്ങള്‍ കണ്ട് പ്രേക്ഷകര്‍ പൊട്ടിക്കരയുകയും കണ്ണീരൊപ്പിയ തൂവാല വീണ്ടും വീണ്ടും പിഴിയുകയും ചെയ്തു.

  വികലാംഗ വാദത്തില്‍ നിന്ന് ഈ ലോകോത്തര ചലച്ചിത്രകാരന്‍ ഇടയ്ക്കൊന്ന് ശ്രദ്ധ തിരിച്ചത് അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ക്ക് അത്രയ്ക്കങ്ങ് ഇഷ്ടമായില്ല. ആദിവാസികള്‍ക്കും പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം കാട്ടുചെമ്പകം പിടിച്ചത്. എന്നാല്‍ ആദിവാസികള്‍ക്ക് പ്രശ്നങ്ങളുണ്ടെങ്കിലും ആ സിനിമ പ്രേക്ഷകര്‍ക്ക് അത്ര രുചിച്ചില്ല (പൊതുവെ ആദിവാസി വിരോധികളാണല്ലോ നമ്മള്‍ മലയാളി നാഗരികര്‍). മിക്ക വിനയന്‍ പ്രേക്ഷകരും ഈ സിനിമ കാണാന്‍ വിസമ്മതിക്കുകയും ചെയ്തു. വിനയന്‍ വികലാംഗവാദം ഉപേക്ഷിക്കുന്നുവോ അവര്‍ നെറ്റിച്ചുളിച്ചു. വികലാംഗവാദത്തിന് ജന്മം നല്‍കിയയാള്‍ അതില്‍ നിന്ന് മാറിപ്പോകുന്നുവോ എന്ന അതീവപ്രസക്തമായ ചോദ്യം അവര്‍ ഉന്നയിച്ചു. പ്രേക്ഷകര്‍ പ്രതിഷേധ തിരയിളക്കി.

  താനൊരിക്കലും വികലാംഗവാദം ഉപേക്ഷിക്കില്ല എന്നും സി. കെ. ജാനുവൊക്കെ ആദിവാസി സമരം നയിക്കുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശവാദിയായ താന്‍ ആദിവാസികളുടെ പ്രശ്നങ്ങളില്‍ കൂടി ഇടപെട്ടതാണെന്നും വിനയന് നയം വ്യക്തമാക്കേണ്ടിവന്നു. അടുത്ത സിനിമയിലൂടെ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനും അദ്ദേഹം തീരുമാനിച്ചു.

  വിനയനോടുള്ള പ്രിയം കൊണ്ടാണെങ്കിലും അദ്ദേഹത്തെ വിമര്‍ശിക്കുന്ന പ്രേക്ഷക സുഹൃത്തുക്കളേ, വിമര്‍ശനത്തിന്റെ അമ്പുകള്‍ പിന്‍വലിക്കൂ. ഇതാ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന മറ്റൊരു ക്ലാസിക്കിന് ഈ മഹാകലാകാരന്‍ ജന്മം നല്‍കാന്‍ പോവുന്നു. ഇതിലെ നായികയായ മീര സുന്ദരിയും കവിതയെഴുത്തുകരിയാണെങ്കിലും ഇത് കവികളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള സിനിമയാണെന്ന് തെറ്റിദ്ധരിക്കേണ്ട. അവള്‍ പക്ഷാഘാതം ബാധിച്ച് എഴുന്നേറ്റ് നടക്കാന്‍ പോലുമാവാത്തവളാണ്. അവളുടെ അംഗവൈകല്യം മാറ്റുക എന്ന സ്വപ്നവുമായി നടക്കുന്ന ഒരു സഹോദരന്‍ അവള്‍ക്കുണ്ട്. അവന്‍ ചെയ്യാത്ത കുറ്റത്തിന് ജയിലിലായപ്പോള്‍ നടന്നുപോയി അവനെ കാണാനുള്ള ശേഷിയില്ലാതെ കുടിലില്‍ തന്നെ കുത്തിരിക്കേണ്ടിവന്ന ദു:ഖിതയായ ഒരു പാവം പെണ്ണാണ് മീര. ഇടയ്ക്ക് അവള്‍ കവിതകളെഴുതിപോയെങ്കില്‍ അതവളുടെ ദു:ഖം മൂലമാണെന്ന് നിങ്ങള്‍ മനസിലാക്കൂ.

  ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് മനസിലായില്ലേ വികലാംഗവാദം അങ്ങനെയങ്ങ് ഉപേക്ഷിച്ച് നിങ്ങളെ പോലുള്ള പാവം പ്രേക്ഷകരെ തിയേറ്ററിന് പുറത്ത് വഴിയാധാരമാക്കുന്നവനല്ല വിനയന്‍. അദ്ദേഹത്തിന്റെ അടുത്ത വികലാംഗസിനിമ എത്രയും പെട്ടെന്ന് തിയേറ്ററുകളിലെത്തുന്നതിന് പ്രാര്‍ഥിക്കൂ, വേണമെങ്കില്‍ ക്രിക്കറ്റ് പ്രേമികളെ പോലെ പൂജകളും ആയിക്കോട്ടെ.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X