»   » ഈ ചായക്ക് മണമുണ്ട്, രുചിയുണ്ട്

ഈ ചായക്ക് മണമുണ്ട്, രുചിയുണ്ട്

Posted By:
Subscribe to Filmibeat Malayalam

ഈ ചായക്ക് മണമുണ്ട്, രുചിയുണ്ട്

ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കാള്‍ വലുതാണ് ഒരു സംസ്ഥാന അവാര്‍ഡെന്ന് ടി. കെ. രാജീവ്കുമാര്‍ നേരത്തെ വിളംബരം ചെയ്തിട്ടുള്ളതാണ്. തന്റെ ശേഷം എന്ന ചിത്രത്തിന് അവാര്‍ഡ് കിട്ടുമെന്ന് മോഹിച്ചാണല്ലോ അദ്ദേഹം അക്കാദമി വൈസ് ചെയര്‍മാന്‍ പുല്ലാണെന്ന് പ്രഖ്യാപിച്ചത്.

എന്നാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം മൂത്ത് ചെര്‍മാനായാലോ? കാര്‍ത്തികേയന്‍ മന്ത്രി നീട്ടുന്ന തളികയിലെ ചായ സ്വാദിഷ്ടം തന്നെ. അടൂര്‍ പറഞ്ഞതൊട്ടും ശരിയല്ല. ചായയുടെ രുചി നോക്കാന്‍ അദ്ദേഹത്തിനറിയാമോ. ഈ ചായക്ക് മണമുണ്ട്. ഈ ചായക്ക് രുചിയുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ച ഒഴിവിലാണല്ലോ രാജീവ്കുമാറിനെ സാംസ്കാരികമന്ത്രി കയറ്റിയിരുത്തിയിരിക്കുന്നത്. അടൂരിരുന്ന കസേരിയിലിരിക്കാനൊക്കെ രാജീവ്കുമാറിന് യോഗ്യതയുണ്ടെന്നാണോ, അതല്ല അടൂരും രാജീവ്കുമാറുമൊക്ക തനിക്ക് ഒരു പോലെയാണെന്നാണോ എന്താണ് സാംസ്കാരികമന്ത്രി ഉദ്ദേശിച്ചതെന്നറിയില്ല. നമ്മേക്കാള്‍ വലിയവനാണെന്നു തോന്നുന്നതുകൊണ്ടാണ് അടൂര്‍ അക്കാദമി ചെയര്‍മാനായിരുന്ന് സമയം കളഞ്ഞുവെന്ന് പറയുന്നതെന്ന് കാര്‍ത്തികേയന്‍ പറയുന്നു. അടൂരിനെ പരിഹസിക്കുന്ന സാംസ്കാരികം തന്റെ പുതിയ ശത്രുവിനെ ഒന്നിരുത്താന്‍ വേണ്ടിയാണോ ഈ കലാപരിപാടിയൊപ്പിച്ചതെന്നും സംശയിക്കാം.

അടൂര്‍ രാജിവച്ചതു കൊണ്ടാണ് സൂര്യ കൃഷ്ണമൂര്‍ത്തി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. അടൂരിനോട് കാണിച്ച അനീതിയില്‍ പ്രതിഷേധിച്ചാണ് കൃഷ്ണമൂര്‍ത്തിയുടെ രാജി. ആ നിലയ്ക്ക് അടൂരിനോട് പ്രതിപത്തിയുള്ളവരാരും അദ്ദേഹം ഉപേക്ഷിച്ച കസേരയില്‍ കയറി ഇരിക്കുമെന്ന് തോന്നുന്നില്ല.

മാത്രവുമല്ല ചലച്ചിത്ര അക്കാദമി തന്റെ ഭാര്യവീടാണെന്ന് സാംസ്കാരികമന്ത്രി പറഞ്ഞുവെച്ചതുമാണ്. തോന്നുമ്പോഴൊക്കെ അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതാണ് അദ്ദേഹത്തിന്റെ സംസ്കാരം. കാരണം സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇത്തിള്‍ക്കണ്ണി മാത്രമാണ് ചലച്ചിത്ര അക്കാദമി. സാഹിത്യ, ലളിതകലാ അക്കാദമികളും അങ്ങനെ തന്നെയാണല്ലോ സര്‍ എന്ന് മന്ത്രിയോട് ചോദിച്ച് ഉടക്കുണ്ടാക്കരുത്. അദ്ദേഹത്തിന്റെ സംസ്കാരമെന്താണെന്ന് നമുക്കറിയാവുന്നതാണല്ലോ.

ആ നിലക്ക് സാംസ്കാരികമന്ത്രിയുടെ ഭാര്യവീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്ന പണി ആത്മാഭിമാനമുള്ളവരാരും സ്വീകരിക്കുമെന്ന് തോന്നുന്നില്ല. അത് വെറും കാര്യസ്ഥന്റെയോ ചിലപ്പോള്‍ വേലക്കാരന്റെയോ പണി മാത്രമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞതാണ്.

അടൂരിനോട് അത്ര പ്രതിപത്തിയുള്ളയാളുമല്ല രാജീവ്കുമാറെന്ന് തോന്നുന്നു. കാരണം ഈ അടൂരാണല്ലോ ഒരു തരത്തില്‍ വൈസ് ചെയര്‍മാന്‍ ഊഞ്ഞാല്‍ വിട്ട് അവാര്‍ഡ് ഊഞ്ഞാലിലേക്ക് ചാടുന്ന അതിസാഹസികമായ ട്രിപ്പീസ് കലാപരിപാടി കാണിക്കാന്‍ രാജീവ്കുമാറിനെ നിര്‍ബന്ധിതനാക്കിയത്. ചലച്ചിത്ര അക്കാദമിയുടെ ഭാരവാഹികളെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കേണ്ടതില്ലെന്ന് അടൂരാണല്ലോ നിബന്ധന കൊണ്ടുവന്നത്. അഥവാ വല്ല വിധേനയും അവാര്‍ഡ് ഊഞ്ഞാലില്‍ എത്തിപ്പിടിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ പിന്നെ വീണിതല്ലോ കിടക്കുന്നു ധരണിയില്‍!

അവാര്‍ഡ് കിട്ടിയെങ്കിലും തന്നെ ഒരു സാഹസികനാക്കി മാറ്റിയതിന്റെ ഒരു ഉടക്ക് രാജീവ്കുമാറിന്റെ മനസിലുണ്ടാവാതിരിക്കില്ലല്ലോ. അടൂരിന് വേണ്ടെങ്കില്‍ സര്‍ എനിക്ക് തന്നോ എന്ന് സാംസ്കാരികമന്ത്രിയ്ക്ക് മുന്നില്‍ തല ചൊറിയാന്‍ മറ്റൊരു കാരണവും ഉണ്ടാവാം. ആദ്യം അടൂര്‍ കൊണ്ടുവന്ന ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ക്ക് അവാര്‍ഡ് തൊട്ടുകൂടാത്തതാണെന്ന അയിത്തം മാറ്റുക. പിന്നെ ശേഷങ്ങള്‍ എത്ര വേണമെങ്കിലും പിടിക്കുകയും ചെയ്യാം. അവാര്‍ഡുകള്‍ വാങ്ങി പോക്കറ്റിലിടുകയും ചെയ്യാം. അക്കാദമി ചെയര്‍മാനായി വാഴുകയും ചെയ്യാം. ഇനി അഥവാ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ നിലയ്ക്ക് അടൂരെങ്ങാന്‍ അവാര്‍ഡിനായി നിഴല്‍ക്കുത്തും കൊണ്ടുവന്നാലോ അപ്പോള്‍ കാണിച്ചുകൊടുക്കുകയും ചെയ്യാം. ഒരു വെടിക്ക് എത്ര പക്ഷികള്‍!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X