twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൈലാസച്ചേട്ടന്റെ ത്രിബിള്‍ തമാശകള്‍

    By പരദൂഷണന്‍
    |

    പ്രിഥ്വിയില്‍ നില്‍ക്കുന്നവര്‍ക്ക് കൈലാസം കാതങ്ങളോളം അകലെയാണ്. സൂപ്പര്‍താരമാകണമെങ്കില്‍ കൈലാസം കീഴടക്കണമെന്നൊരു ധാരണയും നമ്മുടെ നാട്ടിലുണ്ട്. മിമിക്രിയും തക്കിട തരികിടയുമായി നടന്ന ഉയരമില്ലാ സൂപ്പര്‍ സ്റ്റാറും ആക്ഷന്‍ ഹീറോയാവാന്‍ കൈലാസത്തില്‍ കയറുകയും അധോലോക നായകന്‍ മൂക്കും കുത്തി വീഴുകയും ചെയ്തത് സമീപകാലത്താണ്. ഡോണ്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നിയിരുന്ന ആ ഒരിത് ഏതായാലും ആ സംഭവത്തോടെ മാറിക്കിട്ടി.

    വരാനിരിക്കുന്ന എല്ലാ തലമുറകളുടെയും സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണ പദത്തോടെ എല്ലാവരും കൊണ്ടാടുന്ന കൗമാരതാരത്തെയാണ് കൈലാസം നോട്ടമിട്ടിരിക്കുന്നത്. വലിയ വായിലെ ചെറിയ ഡയലോഗുകളുമായി സൂപ്പര്‍താര പദവി പയ്യന്‍സ് ഏതാണ്ട് ഇപ്പോഴേ ഉറപ്പിച്ചിട്ടുമുണ്ട്.

    മൂന്നു റോളുകളിലാണത്രേ പയ്യന്‍സ് കൈലാസച്ചേട്ടന്റെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ കഥ പോകട്ടെ, കഥാകാരനെപ്പോലും തീരുമാനിച്ചിട്ടില്ല. എന്നാല്‍ താരത്തിന് വേഷം മൂന്നാണെന്ന കാര്യം തീരുമാനിച്ചു കഴിഞ്ഞു.

    പണ്ടൊക്കെ കഥയും തിരക്കഥയുമായതിനു ശേഷമാണ് വേഷങ്ങള്‍ക്ക് ആളെ നിശ്ചയിക്കുന്നത്. ഇപ്പോഴത്തെ രീതി മറിച്ചാണ്. താരം അവതരിപ്പിക്കാത്ത ഏത് ജനുസ് മനുഷ്യരെയാണ് പടച്ച തമ്പുരാന്‍ സൃഷ്ടിച്ചതെന്ന കണക്കെടുപ്പാണ് ആദ്യം. പിന്നെ അതിനൊപ്പിച്ചാണ് ചെരുപ്പും വേഷവും മെനയുന്നത്. കിട്ടിയാല്‍ ഊട്ടി, ഇല്ലെങ്കില്‍ നിര്‍മ്മാതാവിന്റെ യോഗം.

    പറഞ്ഞു വരുന്നതെന്തെന്നാല്‍ കൈലാസ സംവിധായകന്റെ ഒരു ചിത്രം തീയേറ്ററില്‍ രണ്ടുവാരം തികച്ചോടിയിട്ട് കാലം കുറെയായി. അവസാനമിറങ്ങിയ ബൂട്ടിന്റെ ശബ്ദം ഒരു ശബ്ദവും കേള്‍പ്പിക്കാതെയാണ് തീയേറ്റുകള്‍ വിട്ടു പോയത്.

    ചില സിനിമകള്‍ അങ്ങനെയാണ്. ചിത്രീകരണം മുതല്‍ നൂറ്റിയൊന്നാം ദിവസം വരെ വല്ലാത്ത ബഹളമായിരിക്കും. മറ്റു ചില ചിത്രങ്ങള്‍ ചിത്രീകരിക്കുന്നതും തീയേറ്ററിലെത്തുന്നതും കാണികള്‍ ഇറങ്ങിയോടുന്നതുമൊന്നും ആരും അറിയാറില്ല. എല്ലാം രഹസ്യമായിട്ടായിരിക്കും.

    ഏതായാലും 'ഫാവി' സൂപ്പര്‍സ്റ്റാര്‍ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. എടുത്താല്‍ പൊങ്ങാത്ത വേഷങ്ങള്‍ ഇപ്പോള്‍ തന്നെ കുറെയായി. ലാലേട്ടന് തയ്പിച്ച ചക്രം വേഷം മുതല്‍ വിജി തമ്പിയുടെ കൃത്യം വരെ ഓര്‍മ്മയിലുണ്ടോ ആവോ?

    ആക്ഷന്‍ ഹീറോയും മര്യാദരാമനുമൊക്കെയായി 'ഫാവി' സൂപ്പര്‍ നടിച്ച് വിജി തമ്പി സംവിധാനം ചെയ്ത കൃത്യത്തിന്റെ നിര്‍മ്മാതാവിന്റെ നടപ്പ് സാമ്പത്തിക സ്ഥിതിയും മാനസികാവസ്ഥയുമൊക്കെ മനസിലാക്കി വേണം മൂന്നു വേഷങ്ങളിലൊക്കെ പ്രത്യക്ഷപ്പെടാന്‍. കൈലാസ സംവിധായകന്‍ ഇതുപോലെ പല നമ്പരുകളും ഇറക്കും. അതിലൊന്നും വീഴാതെ മുന്നേറാനും വേണം ഒരു ജാതകയോഗം.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X