twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു സൂപ്പര്‍സ്റാറിന്റെ വിളയാട്ടങ്ങള്‍

    By Staff
    |

    ഒരു സൂപ്പര്‍സ്റാറിന്റെ വിളയാട്ടങ്ങള്‍

    മലയാളത്തിലെ സൂപ്പര്‍സ്റാര്‍മാരുടെ എണ്ണം മൂന്നാണെന്നാണല്ലോ സങ്കല്പം. അതില്‍ മൂന്നാമത്തെ സൂപ്പര്‍ സ്റാറിന്റെ സ്ഥിതി അല്പം പരുങ്ങലിലാണ്. അദ്ദേഹത്തിന് എന്തു പറ്റിയെന്നാണ് ജനസംസാരം. സിനിമാ ലോകത്തുള്ളവരാണെങ്കില്‍ ചുളിഞ്ഞ നെറ്റിയോടെയാണ് മലയാളത്തിലെ ഈ മൂന്നാമത്തെ സൂപ്പര്‍ സ്റാറിനെ വീക്ഷിക്കുന്നത്. അഭിനയിക്കാന്‍ തല്ക്കാലം സിനിമയൊന്നുമില്ലെന്നുവച്ച് ആളുകള്‍ ഇങ്ങിനെയുമാവുമോ എന്നാണ് അവരുടെ സംശയം.

    സ്ക്രീനില്‍ തോക്കുപിടിച്ചും മസില് പെരുപ്പിച്ചും നെടുങ്കന്‍ ഡയലോഗുകള്‍ പറഞ്ഞ് പ്രേക്ഷകരെ ഹരം പിടിപ്പിച്ചും കഴിഞ്ഞിരുന്ന ഈ മൂന്നാംനമ്പര്‍ സൂപ്പര്‍സ്റാറിന്റെ വിളയാട്ടം ഇപ്പോള്‍ സ്ക്രീനിനു പുറത്താണ്. പഴശ്ശിരാജയുടെ വേഷം കെട്ടി കസര്‍ത്ത് കാണിക്കാന്‍ പോവുന്ന അദ്ദേഹം ഇപ്പോള്‍ സ്ക്രീനിനു പുറത്ത് ഒരു വേഷം കെട്ടലുമില്ലാതെ തനി ശ്രീനാരായണ ഗുരു ലൈനിലാണ്.

    മദ്യമേ കഴിക്കരുതെന്നും വിഷമദ്യം എന്നൊരു പ്രത്യേക വിഭാഗമില്ലെന്നും എല്ലാ മദ്യവും വിഷമദ്യമാണെന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞുനടക്കുന്നത്. അതെ, മദ്യത്തിനെതിരെ നെടുനെടുങ്കന്‍ ഡയലോഗുകള്‍ അദ്ദേഹം കിട്ടുന്ന വേദികളില്‍ വെച്ചൊക്കെ കാച്ചുന്നു. സാക്ഷാല്‍ മദ്യവിരുദ്ധസമിതി നേതാവ് മന്മഥനെപ്പോലും അതിശയിപ്പിക്കുന്ന ഡയലോഗുകള്‍.....സിനിമയില്‍ മദ്യപിച്ച് അഭിനയിക്കേണ്ടി വന്നതിന് അദ്ദേഹം പശ്ചാത്താപം പ്രകടിപ്പിക്കുയും ചെയ്തു. സര്‍ക്കാരിനെ കൊണ്ട് മദ്യം നിരോധിപ്പിച്ചേ അടങ്ങൂവെന്ന മട്ടിലാണ് ഈ മൂന്നാംനമ്പര്‍ സൂപ്പര്‍ സ്റാറിന്റെ പടപ്പുറപ്പാട്. കമ്മിഷണറിലെ ഭരത് ചന്ദ്രനെ പോലെ അദ്ദേഹം ഇനി എന്തെങ്കിലും ചെയ്തുകളയുമോ എന്ന ആശങ്കയും ഇല്ലാതില്ല.

    അവിടം കൊണ്ടും തീരുന്നില്ല സൂപ്പര്‍സ്റാറിന്റെ വീരശൂര പരാക്രമങ്ങള്‍. കലാപം നടന്ന കോഴിക്കോട്ടെ മാറാടെത്തി അദ്ദേഹം സ്ഥലവാസികളെയൊക്കെയൊന്ന് സന്ദര്‍ശിച്ചു. മരിച്ച പാവപ്പെട്ടവരുടെ വീടുകളിലെത്തി അദ്ദേഹം സിനിമാ സ്റൈലില്‍ വളരെ പതുക്കെ സംഭാഷണം ഉരുവിട്ട് അവിടെയുള്ളളവരെ സമാധാനിപ്പിച്ചു. തീര്‍ന്നില്ല, ഇങ്ങിനെ അക്രമമൊന്നും ചെയ്യരുതെന്ന് അവിടെയുള്ളവരോടെല്ലാം ആഹ്വാനം ചെയ്തേ സൂപ്പര്‍ സ്റാര്‍ മടങ്ങിയുള്ളൂ.

    മദ്യം, കലാപം തുടങ്ങിയ സാമൂഹിക കെടുതികള്‍ക്കെതിരെയുള്ളഈ യുദ്ധം കണ്ട് കണ്ണ് തള്ളിയിരിക്കുന്നവര്‍ക്ക് കാര്യമെന്തെന്ന് ഇതുവരെ മനസിലായിട്ടില്ല. പക്ഷേ കാര്യം മനസിലാക്കിയ ചിലര്‍ ചിരിച്ചുതുടങ്ങിയിട്ടുണ്ട്. കണ്ണ് തള്ളിയവരെ അവര്‍ സംഗതി പറഞ്ഞ് മനസിലാക്കുകയും ചെയ്യുന്നു.

    കാര്യമെന്തന്നല്ലേ..... മൂന്നാമത്തെ സൂപ്പര്‍സ്റാറാണെങ്കിലും മറ്റ് രണ്ട് മുന്‍നിര സൂപ്പര്‍സ്റാര്‍മാര്‍ക്ക് പത്മശ്രീ കിട്ടിയത് നമ്മുടെ മൂപ്പിലാന് അത്ര രസിച്ചിട്ടില്ല. അവര്‍ക്ക് കിട്ടിയതുകൊണ്ടല്ല, മറ്റൊരു സൂപ്പര്‍സ്റാറായ തനിക്ക് ഈ പത്മശ്രീമാന്‍ പദവി ആരും വിളിച്ചുതരുന്നില്ലല്ലോ എന്നാണ് അദ്ദേഹത്തിന്റെ പരാതി. ഒരു തവണ ഭരത് അവാര്‍ഡ് മറ്റൊരു നടനോടുകൂടി പങ്കുവെച്ചിട്ടും തന്നോട് എന്താണീ അവഗണന എന്നാണ് മൂപ്പിലാന്റെ ചോദ്യം.

    ചില ശിങ്കിടികളോട് തന്റെ ഈ സങ്കടം പറഞ്ഞപ്പോള്‍ അവരിലാരോ ആണത്രെ ഈ ഉപദേശം അദ്ദേഹത്തിന് പറഞ്ഞുകൊടുത്തത്. സാമൂഹ്യ പ്രവര്‍ത്തനം, മനുഷ്യകാരുണ്യം തുടങ്ങിയ മേഖലകളില്‍ എത്രയും പെട്ടെന്ന് വ്യാപരിച്ചോളുക, പത്മശ്രീ നല്‍കുന്ന ഏമാന്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്ന ഉപദേശം കേട്ട പാതി കേള്‍ക്കാത്ത പാതി തുടങ്ങീ അദ്ദേഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍. എങ്ങനെയും ശ്രദ്ധ പിടിച്ചുപറ്റണ്ടേ?

    എന്നാലു ം ആളെ കൊണ്ടു ചിരിപ്പിക്കുന്ന വിദ്യകളല്ലേ ഇതൊക്കെ എന്ന് അദ്ദേഹത്തിന്റെ ചില യഥാര്‍ഥ അഭ്യുദയകാംക്ഷികള്‍ സങ്കടപ്പെടുന്നുണ്ട്. സാരമില്ലെന്നേ.... മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ സൂപ്പറുകള്‍ ഇത്തരം വ്യാപരിക്കല്‍ ഒന്നും നടത്താതെയാണല്ലോ പത്മശ്രീമാന്മാരായത് എന്ന് ആരെങ്കിലും അദ്ദേഹത്തിന് ചൂണ്ടിക്കാട്ടികൊടുത്താല്‍ അദ്ദേഹം ഈ വിധമുള്ള വിളയാട്ടങ്ങള്‍ നിര്‍ത്തി വീണ്ടും ക്യാമറയ്ക്കു മുന്നിലെ പെരുങ്കളിയാട്ടം തുടങ്ങിക്കോളും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X