ഒറ്റച്ചിത്രത്തോടെ മുല്ല വാടുന്നു?!
ഒറ്റച്ചിത്രത്തോടെ മുല്ല വാടുന്നു?!
ഒരു ചിത്രത്തിലേ അഭിനയിച്ചുള്ളൂവെങ്കിലും മഞ്ജു വാര്യരുടെ പിന്‍ഗാമി എന്ന വിശേഷണം വരെ കിട്ടി മീരാ ജാസ്മിന്. അങ്ങനെ പറഞ്ഞത് ആദ്യചിത്രത്തിന്റെ സംവിധായകനല്ലേയെന്നും സംവിധായകനെയും സുന്ദരിനടിയെയും ചേര്‍ത്ത് മാലോകര്‍ പറഞ്ഞുനടക്കുന്നതെന്താണെന്ന് കേട്ടില്ലേയെന്നും ദോഷൈകദൃക്കുകള്‍ ചോദിച്ചേക്കാം. അതിന്റെ സത്യമെന്തു തന്നെയായാലും ഒറ്റചിത്രം കൊണ്ടുതന്നെ ഏറെ പറയിപ്പിച്ച നടി ഒറ്റച്ചിത്രം കൊണ്ടുതന്നെ അഭിനയ ജീവിതവും അവസാനിപ്പിക്കുന്ന ലക്ഷണമാണ് കാണുന്നത്.
ആദ്യചിത്രം കണ്ടുതന്നെ മീരയുടെ ആരാധകരായവര്‍ എണ്ണത്തിലേറെയാണ്. മീരയെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ കേട്ട് ദോഷൈകദൃക്കുകള്‍ക്ക് ആശ്വാസമായില്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്.
ആദ്യചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ മീരയെ തേടി ഓഫറുകളെത്തിയത് ഒന്നാംകിട സംവിധായകരില്‍ നിന്നു തന്നെയാണ്. ഫാസില്‍, രഞ്ജിത്ത്, ഭദ്രന്‍ എന്നിവര്‍ പുതിയ ചിത്രങ്ങളില്‍ നായികയാക്കാമെന്ന് പറഞ്ഞ് മീരയെ സമീപിച്ചെങ്കിലും അവരുടെ മുന്നില്‍ ഒളിച്ചുകളി നടത്തുകയായിരുന്നത്രെ സുന്ദരിക്കുട്ടി. വന്‍കിടക്കാരാണ് വീണ്ടും അവസരങ്ങള്‍ തുറന്നുവെച്ചതെങ്കിലും അഭിനയിക്കാമെന്ന് തീര്‍ത്തു പറയാന്‍ മീരക്കന്തോ ഒരു മടി.
കാര്യമെന്തന്നല്ലേ? മീര ഇനി അഭിനയിക്കേണ്ടെന്നാണത്രെ അച്ഛന്റെ തീരുമാനം. ആദ്യം അതു പറയാന്‍ മീര അറച്ചെങ്കിലും ഇപ്പോള്‍ മീരയെ വിളിക്കുന്ന സംവിധായകരോടും നിര്‍മാതാക്കളോടും മീര അഭിനയം നിര്‍ത്തിയെന്ന് അച്ഛന്‍ അറുത്തുമുറിച്ച് പറയുകയാണത്രെ.
എന്തു കഷ്ടമാണെന്ന് നോക്കണേ...സാധാരണ ഈ നടിമാരെല്ലാം വിവാഹത്തിന് കഴുത്തുനീട്ടികൊടുക്കാന്‍ തീരുമാനിച്ചാല്‍ മാത്രമേ അഭിനയം നിര്‍ത്തുന്നത് പതിവുള്ളൂ. എന്നാല്‍ അഭിനവ മഞ്ജുവാര്യരാവേണ്ട ഈ കുട്ടിയുടെ സ്ഥിതി ഇങ്ങനെയും. അതിന് കേട്ടതും കേള്‍പ്പിച്ചതുമായ കഥകള്‍ അത്തരത്തിലുള്ളതല്ലേ എന്നാണ് ദോഷൈകദൃക്കുകളുടെ ചോദ്യം.


Click it and Unblock the Notifications