twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സേതുമാധവനും ഗുണ്ടുകാട് സാബുവും

    By Staff
    |

    ഗുണ്ടുകാട് സാബു തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഒരു ക്രിമിനലാണ്. കൊലപാതകം മുതല്‍ അടിപിടി വരെ നീളുന്നു ടിയാന്റെ ലീലാ വിലാസങ്ങള്‍. ഒട്ടേറെക്കേസുകളില്‍ പ്രതിയായ ശ്രീമാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ചില രാഷ്ട്രീയ നേതാക്കളുടെ വരെ അടുത്ത സുഹൃത്തും വഴികാട്ടിയുമാണത്രേ.

    സേതുമാധവന്‍ ആരെന്നല്ലേ, പറയാം. കിരീടം എന്ന സൂപ്പര്‍ഹിറ്റ് സിബി - ലോഹിച്ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായകകഥാപാത്രമാണ് സേതുമാധവന്‍. പിതാവിനെ തല്ലുന്ന ഗുണ്ടയെ അടിച്ചൊതുക്കിയതു വഴി ഗുണ്ടാനേതാവായി അവരോധിക്കപ്പെട്ട് ജീവിതം നശിച്ച് ഒടുവില്‍ കൊലപാതകിയായി ജയിലില്‍ പോകുന്ന മകന്‍. അനായാസസുന്ദരമായ അഭിനയം മോഹന്‍ലാലിന് ദേശീയ അവാര്‍ഡും നേടിക്കൊടുത്തിട്ടുണ്ട്.

    ഗുണ്ടുകാട് സാബു ഈയിടെ വീണ്ടും വാര്‍ത്തയില്‍ എത്തി. ഇത്തവണ കൊലയും പിടിച്ചുപറിയും അടിപിടിയുമൊന്നുമല്ല. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കിഴക്കേകോട്ടയിലെ ഗാന്ധിപാര്‍ക്ക് മൈതാനത്ത് പ്രസംഗിച്ചു നില്‍ക്കവേ. സാക്ഷാല്‍ ഗുണ്ടുകാട് സാബുവും കിങ്കരനും കൈയില്‍ വടിവാളുമായി വേദിയ്ക്കു സമീപം ചുറ്റിത്തിരിയുന്നത് പൊലീസ് കാണുന്നു. കയ്യോടെ അറസ്റും ചെയ്യുന്നു. ഇസഡ് കാറ്റഗറി സെക്യൂരിറ്റിയുളള അച്യുതാനന്ദന്റെ യോഗത്തില്‍ പ്രസംഗം കേള്‍ക്കാനാണത്രേ സാബു വടിവാളുമായി പോയത്. ആ കഥയെന്തോ ആവട്ടെ.

    കേസ് കോടതിയിലെത്തി. ഗുണ്ടുകാട് സാബുവിനു വേണ്ടി വാദിക്കാനെത്തിയത് തലസ്ഥാനത്തെ പ്രമുഖ വനിതാ അഭിഭാഷക. വിദ്യാസമ്പന്നനും സുന്ദരനും സല്‍സ്വഭാവിയുമായ തന്റെ കക്ഷി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ ഗുണ്ടയായി മാറുകയായിരുന്നവെന്ന് വക്കീല്‍, പൊടിപ്പ്, തൊങ്ങല്‍, കണ്ണീര്‍ എന്നിവയുടെ അകമ്പടിയോടെ ജഡ്ജിയെ ബോധിപ്പിച്ചു. തീര്‍ന്നില്ല. ഗുണ്ടുകാട് സാബുവിന്റെ ജീവിതമാണ് ലോഹിതദാസ് കിരീടം സിനിമയ്ക്ക് കഥയായി സ്വീകരിച്ചതെന്നു കൂടി പറഞ്ഞാണ് വക്കീലമ്മ വാദം നിര്‍ത്തിയത്.

    വക്കീലിന്റെ വാദം വിശ്വസിച്ചാവാം കോടതി സാബുവിന് ജാമ്യം അനുവദിച്ചു. കിരീടം സിനിമ ജഡ്ജി കണ്ടോ എന്നറിയില്ല. എന്നാല്‍ തന്റെ കഥാപാത്രങ്ങള്‍ രൂപപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ലോഹിതദാസ് എഴുതി പ്രസിദ്ധീകരിച്ച കഥയുടെ കാണാപ്പുറങ്ങള്‍ എന്ന പുസ്തകം ജഡ്ജി തീര്‍ച്ചയായും വായിച്ചിട്ടില്ല. കാരണം സേതുമാധവനെ കണ്ടെത്തിയ വഴി പുസ്തകത്തില്‍ ലോഹി വിവരിക്കുന്നത് വേറെ തരത്തിലാണ്.

    തന്റെ നാട്ടുകാരനായ റൗഡിക്കേശവനെ തിരുവനന്തപുരത്തുകാരനായ ഒരാശാരി കുത്തിമലര്‍ത്തുന്ന കാഴ്ചയാണ് കിരീടത്തിന്റെ പിറവിയ്ക്ക് കാരണമായതെന്നാണ് ടി പുസ്തകത്തില്‍ ലോഹി പറയുന്നത്. സത്യവും അതാവാനാണിട. കാരണം ലോഹിയുടെ മനസില്‍ കിരീടം രൂപപ്പെടുന്ന കാലത്ത് സാബു ഗുണ്ട പോയിട്ട് ഉണ്ട പോലും ആവാനിടയില്ല.

    ഏതായാലും ജഡ്ജി ഈ പുസ്തകം വായിക്കാത്തത് നന്നായി. വായിച്ചിരുന്നെങ്കില്‍ ഗുണ്ടയും വക്കീലും ജയിലില്‍ കിടന്നേനെ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X