»   » ചെമ്പട്ടുടുക്കാനും മീര

ചെമ്പട്ടുടുക്കാനും മീര

Posted By:
Subscribe to Filmibeat Malayalam

ചെമ്പട്ടുടുക്കാനും മീര


തന്റെ പുതിയ ചിത്രത്തിന് നായികാനായകന്‍മാരായി പുതുമുഖങ്ങളെ തേടുന്നുവെന്ന് ലോഹിതദാസ് പ്രഖ്യാപിച്ചപ്പോള്‍ സിനിമാകുതുകികള്‍ ഒന്നന്തം വിട്ടതാണ്. മീരാ ജാസ്മിനില്ലാതെ ഒരു ലോഹിതദാസ് ചിത്രമോ?

നായികയായി പുതുമുഖത്തെ തേടുന്നുവെന്ന് പറഞ്ഞാല്‍ ആ ചിത്രത്തില്‍ മീരയില്ലെന്ന് വ്യക്തം. നായികയല്ലാതൊരു വേഷത്തില്‍ മലയാളത്തിലെ മുന്‍നിര നടിയായ മീരാ ജാസ്മിനെ പ്രതീക്ഷിക്കാനാവില്ലല്ലോ. അപ്പോള്‍ മീര അഭിനയിക്കാത്ത ഒരു ലോഹിതദാസ് ചിത്രം വരാന്‍ പോവുന്നെന്നോ? സിനിമാകുതുകികള്‍ അന്തംവിട്ടു. മീരയില്ലാത്ത ഒരു ലോഹിതദാസ് ചിത്രം സങ്കല്പിക്കാന്‍ പോലും കഴിയുമോ എന്നാണ് അവരുടെ ചോദ്യം.

അവരുടെ ചോദ്യത്തില്‍ കഴമ്പില്ലാതില്ല. ലോഹിതദാസിന്റെ കാര്യത്തില്‍ എല്ലാം മീരമയമായിട്ട് കുറച്ചുകാലമായി. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മീരയെ മലയാളത്തിന് പരിചയപ്പെടുത്തിയതോടെയാണ് ലോഹിയുടെ കാര്യത്തില്‍ സിനിമകളെല്ലാം മീരമയമായി മാറിയത്.

സൂത്രധാരന് ശേഷം ലോഹി സംവിധാനം ചെയ്ത കസ്തൂരിമാനില്‍ മീര തന്നെയായിരുന്നു നായിക. പിന്നീട് വന്ന ലോഹി ചിത്രമായ ചക്രത്തില്‍ നായികക്ക് വലിയ പ്രാധാന്യമില്ലെങ്കിലും മീരയെയല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് സങ്കല്പിക്കാന്‍ ലോഹിക്ക് കഴിയുമായിരുന്നില്ല. ചിത്രത്തില്‍ കുറച്ചു സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന റോളാണെങ്കിലും സിനിമയിലെ തന്റെ ഗോഡ്ഫാദറായ ലോഹിയുടെ ക്ഷണം മീരക്കും നിരസിക്കാവുന്നതായിരുന്നില്ല.

ചക്രത്തിന് ശേഷം രണ്ടു ചിത്രങ്ങളാണ് ലോഹി അനൗണ്‍സ് ചെയ്തത്. ദിലീപ് നായകനാവുന്ന ചക്കരപ്പൊട്ടന്‍. അതിന് ശേഷം മമ്മൂട്ടി ചിത്രമായ ഭീഷ്മര്‍. രണ്ടിലും നായിക മീര തന്നെ. പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും ദിലീപിനും നായികയായി അഭിനയിച്ച മീര മമ്മൂട്ടിയുടെ നായികയായി ചേരുമോയെന്ന ചോദ്യമൊന്നും ഒരു ലോഹി ചിത്രത്തിന്റെ കാര്യത്തില്‍ പ്രസക്തമേയല്ല. ലോഹിയുടെ ചിത്രമാണെങ്കില്‍ നായകന്‍ ആരായാലും നായിക മീര തന്നെ.

ഇതിനിടയിലാണ് ചെമ്പട്ട് എന്ന ചിത്രമൊരുക്കുന്നുവെന്ന് ലോഹി പ്രഖ്യാപിച്ചത്. അഭിനയിക്കുന്നത് പുതുമുഖങ്ങളാണെന്നും പ്രഖ്യാപനം വന്നു. ഒരു ടിവി ചാനലില്‍ ലോഹി തന്നെ പ്രത്യക്ഷപ്പെട്ട് പുതിയ ചിത്രത്തിനായി പുതുമുഖങ്ങളെ തേടുന്നുവെന്നും താത്പര്യമുള്ള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നുവെന്നും പ്രേക്ഷകരെ അറിയിച്ചു.

ചിത്രം കണ്ട് പല യുവാക്കളും യുവതികളും ലോഹിക്ക് അപേക്ഷ അയച്ചു. അപേക്ഷയൊക്കെ സ്വീകരിച്ചതിന് ശേഷം ലോഹി നേരെ ഭരണി നടക്കുന്ന കൊടുങ്ങല്ലൂരേക്ക് യാത്രയായി. അവിടെ വച്ച് അദ്ദേഹം ഒരു പെണ്‍കുട്ടി കോമരമായി ഉറഞ്ഞുതുള്ളുന്നത് ക്യാമറയില്‍ ചിത്രീകരിച്ചു. ആദ്യമൊന്നും ആള്‍ക്കാര്‍ കോമരത്തെ ശ്രദ്ധിച്ചില്ലെങ്കിലും ദൂരെ ക്യാമറ കണ്ടതോടെ അവര്‍ കോമരമാരെന്ന് നോക്കി. ഉറഞ്ഞുതുള്ളുന്നത് ആരാണെന്ന് മനസിലായതോടെ അവര്‍ ബഹളം വച്ച് കോമരത്തിന്റെ ചുറ്റുംകൂടി. സാക്ഷാല്‍ മീരാ ജാസ്മിനാണ് കോമരമായി ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്നത്.

തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് ഈ ഭാഗങ്ങള്‍ ചിത്രീകരിച്ചതെന്ന് ലോഹി പിന്നീട് അറിയിച്ചു. അതോടെ കാര്യങ്ങള്‍ വീണ്ടും പഴയപടിയാണെന്ന് സിനിമാകുതുകികള്‍ക്ക് ബോധ്യമായി. ലോഹിയുടെ പുതിയ ചിത്രമായ ചെമ്പട്ടിലും നായിക മീരാ ജാസ്മിന്‍ തന്നെ.

പിന്നെയെന്തിനാണ് അദ്ദേഹം പുതുമുഖ നായികയെ തേടുന്നുവെന്ന് പരസ്യം ചെയ്തത് എന്ന ചോദ്യം വേണ്ട. അതങ്ങനെയാണ്. ലോഹിയുടെ കാര്യത്തില്‍ പുതിയ നായികയെ തേടിയാലും ആ അന്വേഷണം കറങ്ങിത്തിരിഞ്ഞ് മീര എന്ന ബിന്ദുവിലെത്തി നില്‍ക്കുന്നു. ഗ്രഹങ്ങള്‍ക്ക് ഭ്രമണപഥങ്ങളില്‍ നിന്ന് വേറിട്ടൊരു സഞ്ചാരമില്ലല്ലോ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X