ഭാവനയ്ക്ക് ജിഷ്ണുവിനെ വേണ്ട
ഭാവനയ്ക്ക് ജിഷ്ണുവിനെ വേണ്ട
നടിമാരുടെ അഹംഭാവത്തെയും പൊങ്ങച്ചത്തെയും കുറിച്ച് സിനിമാലോകത്ത് കഥകള്‍ക്കൊരു പഞ്ഞവുമില്ല. നിസ്സാരപ്രശ്നങ്ങളുടെ പേരില്‍ പോലും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് തലവേദനയുണ്ടാക്കുന്ന നടിമാരെ പറ്റി വാര്‍ത്തകള്‍ എന്നുമുണ്ടാവാറുണ്ട്.
ഇത്തരം വാര്‍ത്തകള്‍ക്ക് അധികം ഇടംകൊടുക്കാതെ മലയാളത്തിലെ മുന്‍നിരനടിമാര്‍ മുമ്പൊക്കെ പ്രായത്തിന്റെ പക്വതയെങ്കിലും കാട്ടിയിരുന്നു. എന്നാല്‍ മുതിര്‍ന്ന നടിമാര്‍ പോയി മുന്‍നിര നായികമാരുടെ സ്ഥാനത്ത് സ്ഥാനത്ത് ടീനേജ് നടിമാര്‍ വന്നതോടെ ആ പാകതയൊന്നും പ്രതീക്ഷിക്കാന്‍ പറ്റില്ലെന്നായി. ഇപ്പോള്‍ കഥകളും വാര്‍ത്തകളും കൂടുതലും മുന്‍നിര നായികമാരെ പറ്റിയാണ്.
നവ്യാനായരും മീരാജാസ്മിനും രേണുകാമോനോനുമൊക്കെ സിനിമയില്‍ തുടക്കമിട്ട് അധികം വൈകാതെ തന്നെ വാര്‍ത്തകള്‍ സൃഷ്ടിച്ചു. ഗ്രാമഫോണ്‍ എന്ന ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലെന്ന് പറഞ്ഞ് നവ്യ സംവിധായകന്‍ കമലിനെതിരെ വാളെടുത്തു. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിന്റെ പരസ്യത്തില്‍ തനിക്ക് പ്രാധാന്യം നല്‍കിയില്ലെന്ന ആരോപണവുമായി രേണുകാ മേനോന്‍ വിനയനെതിരെ തിരിഞ്ഞു. പ്രതിഫല പ്രശ്നത്തില്‍ നവ്യ വീണ്ടും വിവാദമുണ്ടാക്കി. ഇതിനിടയില്‍ കമലും മീരാ ജാസ്മിനും പ്രസ്താവനകളിലൂടെ കൊമ്പുകോര്‍ത്തു.
പുതിയ നായികമാരെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ക്ക് ഒരു കുറവുമില്ല. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് മറ്റൊരു ടീനേജ് നായികയായ ഭാവന താന്‍ ഇതുവരെ വിവാദങ്ങളൊന്നും ഉണ്ടാക്കിയില്ലല്ലോ എന്ന കാര്യത്തെ പറ്റി ബോധവതിയായത്. അങ്ങനെ ആ നടിയും പുതിയൊരു വിവാദത്തിന് തീകൊളുത്തിയിരിക്കുന്നു. ഒരു സംവിധായകനെയും ഒരു പ്രമുഖ യുവനടനെയും ഒന്നിച്ച് തള്ളിപ്പറഞ്ഞാണ് ഈ ടീനേജ് നടി വിവാദമുണ്ടാക്കിയിരിക്കുന്നത്.
ജിഷ്ണുവിനോടൊപ്പമാണ് ഭാവന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇരുവരുടെയും ആദ്യചിത്രമായ നമ്മളില്‍ ജിഷ്ണുവിന്റെ നായികയായിരുന്നു ഭാവന. പിന്നീട് വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് എന്ന ചിത്രത്തില്‍ വീണ്ടും ഇരുവരും നായികാനായകന്മാരായി. റിലീസ് ചെയ്യാനിരിക്കുന്ന പറയാം എന്ന ചിത്രത്തിലും ഭാവനയുടെ നായകന്‍ ജിഷ്ണുവാണ്. കൂടുതല്‍ ചിത്രങ്ങളിലും ഭാവന ജിഷ്ണുവിന്റെ നായികയായാണ് അഭിനയിച്ചത്. മേലില രാജശേഖന്‍ സംവിധാനം ചെയ്യുന്ന ഫോര്‍ എവര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവന ഡേറ്റ് നല്‍കിയിരുന്നതാണ്. ഇതിലും ജിഷ്ണുവാണ് നായകന്‍.
ചിത്രത്തില്‍ അഭിനയിക്കുന്നതിന് അഡ്വാന്‍സ് വാങ്ങിയതിന് ശേഷമാണ് ഭാവനയ്ക്ക് ഒരു പുനര്‍വിചിന്തനമുണ്ടായത്. തന്റെ നായകനാവാന്‍ ഈ പയ്യന്‍ ജിഷ്ണു പോര. കാര്യം ഒരേ ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയിലെത്തിയതെങ്കിലും പയ്യന് തന്റെ നായകനാവാനുള്ള ഗ്ലാമര്‍ ഇല്ല. പയ്യന്‍ അഭിനയിച്ച ചൂണ്ട, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് എന്നിവയൊക്കെ ഫ്ലോപ്പ്. അതുകൊണ്ട് പയ്യന്റെ നായികയായി ഇനി അഭിനയിക്കാതിരിക്കുന്നതാണ് നല്ലത്.
തന്റെ മനസിലുള്ള കാര്യം മേലില രാജശേഖരനെ ഭാവന അറിയിക്കുകയും ചെയ്തു. തനിക്കീ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് ഭാവന അറിയിച്ചു. അങ്ങനെയെങ്കില്‍ അഡ്വാന്‍സ് വാങ്ങി സിനിമയില്‍ നിന്ന് പിന്മാറിയ ഭാവന നഷ്ടപരിഹാരം തരണമെന്നായി സംവിധായകന്‍. ഭാവന അങ്ങനെ പറഞ്ഞതായി തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് ജിഷ്ണു.
വിവാദം അങ്ങനെ കൊഴുക്കുകയാണ്. സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ നായികയായി ഏത് നടിയെ വേണമെന്ന് നിര്‍ദേശിക്കുന്നത് പതിവാണ്. എന്നാല്‍ തന്റെ നായകനടന്റെ പേരില്‍ നായിക സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാവാതെ പിണങ്ങിപ്പോവുന്നത് ആദ്യസംഭവമായിരിക്കണം.
ഏതായാലും മലയാളത്തിലെ യുവതാരങ്ങള്‍ക്ക് ഇതൊരു അപകടസൂചനയാണ്. ഋത്വിക് റോഷന്റെയും വിക്രമിന്റെയുമൊക്കെ നായികയായേ അഭിനയിക്കൂവെന്ന് ഈ നടിമാര്‍ ശാഠ്യം പിടിച്ചുകളഞ്ഞാല്‍ പാവം ജിഷ്ണുവിന്റെയും പൃഥ്വിരാജിന്റെയും ജയസൂര്യയുടെയുമൊക്കെ കഞ്ഞികുടി മുട്ടിയതുതന്നെ.


Click it and Unblock the Notifications