കാവ്യയെ വിട്ടു; വീണ്ടും മീരയ്ക്കൊപ്പം
കാവ്യയെ വിട്ടു; വീണ്ടും മീരയ്ക്കൊപ്പം
മീര ജാസ്മിനില്ലാത്ത ഒരു സിനിമയെ കുറിച്ച് ലോഹിതദാസിന് ചിന്തിക്കാന്‍ പോലുമാവില്ലേ? ചിന്തിക്കാം. പക്ഷേ ചിന്ത യാഥാര്‍ത്ഥ്യമാവില്ലെന്നു മാത്രം. യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോഴേക്കും എല്ലാം മാറിമറിഞ്ഞ് മീര വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കും.
മീരാ ജാസ്മിന്റെ ആദ്യചിത്രമായ സൂത്രധാരന്‍ മുതല്‍ ലോഹിതദാസിനെ ഭരിക്കാന്‍ തുടങ്ങിയതാണ് ഈ മീര ഫാക്ടര്‍. സൂത്രധാരനു ശേഷം മീര ഒരു പാട് വളര്‍ന്നു. ദേശീയ അവാര്‍ഡ് വരെയെത്തി ആ വളര്‍ച്ച. തമിഴിലും തെലുങ്കിലും പാറിപ്പറക്കുന്ന മീര ഒട്ടേറെ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനിയിച്ചു. എന്നാല്‍ മീരയെ സിനിമയിലേക്ക് കൊണ്ടുവന്നതിനു ശേഷം ലോഹിതദാസ് ആ നടിയില്ലാതെ ഒരു ചിത്രം പോലും ചെയ്തിട്ടില്ല.
വിവാദങ്ങളും ഗോസിപ്പുകളും ഒരു വിധം അടങ്ങിയതിനു ശേഷമാണ് മീരയും ലോഹിയും തമ്മില്‍ തെറ്റിയെന്നൊരു വാര്‍ത്ത പ്രചരിച്ചത്. ചെമ്പട്ട് എന്നൊരു ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചതിനു ശേഷം അത് നിര്‍മിക്കാമെന്നേറ്റിരുന്ന മീര പിന്‍മാറിയതാണ് ഈ ഉടക്കിന്റെ കാരണമെന്നും പറഞ്ഞുകേട്ടു. ഈ കേള്‍ക്കുന്നതൊക്കെ ശരിയാണെന്ന് തോന്നിക്കുന്ന മട്ടിലാണ് ലോഹിയുടെ അടുത്ത പ്രൊജക്ടിനെ കുറിച്ച് വാര്‍ത്ത വന്നത്. മീരയില്ലാതെ ലോഹി ഒരു ചിത്രമൊരുക്കാന്‍ പോകുന്നുവെന്നായിരുന്നു ആ വാര്‍ത്ത.
ജയറാം നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ നായിക കാവ്യാ മാധവന്‍. ഈ പ്രഖ്യാപനത്തോടൊപ്പം മറ്റു ചില നിരീക്ഷണങ്ങളും ലോഹിയുടേതായുണ്ടായി. മീരാ ജാസ്മിന് സിനിമയോട് അര്‍പ്പണമനോഭാവമില്ല! ചില നേരങ്ങളില്‍ വല്ലാത്ത കാര്‍ക്കശ്യത്തോടെയാണ് മീര പെരുമാറുന്നത്!! ഒരു നടിയെന്ന നിലയില്‍ കാവ്യാമാധവന്റെ സിദ്ധികള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും താന്‍ അത് പുറത്തുകൊണ്ടുവരാന്‍ പോവുകയാണെന്നും ലോഹി പ്രഖ്യാപിച്ചു.
എന്നാല്‍ കാവ്യയുടെ അഭിനയസിദ്ധികള്‍ ലോഹി ചൂഷണം ചെയ്യുന്ന കാഴ്ചയ്ക്ക് പ്രേക്ഷകര്‍ കാത്തിരുന്നത് വെറുതെ. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി. ജയറാം-കാവ്യ ചിത്രം ലോഹി ഉപേക്ഷിച്ചു! മീരാ ജാസ്മിനെ നായികയാക്കി പുതിയ ചിത്രം ചെയ്യാനും അദ്ദേഹം തീരുമാനിച്ചു!! ലോഹിയുടെ പുതിയ രണ്ട് ചിത്രങ്ങളില്‍ താന്‍ അഭിനയിക്കുമെന്ന് മീരാ ജാസ്മിന്‍ പ്രഖ്യാപിച്ചു!!!
എന്താണ് ജയറാം ചിത്രം ഉപേക്ഷിക്കാന്‍ കാരണം? ലോഹിക്ക് വ്യക്തമായ ഉത്തരമുണ്ട്. ജയറാമിന്റെ പുതിയ ചിത്രം മധുചന്ദ്രലേഖ ബോക്സോഫീസില്‍ മൂക്കുംകുത്തി വീണതോടെ അദ്ദേഹത്തെ നായകനാക്കി ഒരു ചിത്രം ചെയ്യുന്നതില്‍ നിന്നും പിന്‍മാറാന്‍ വിതരണക്കാര്‍ ആവശ്യപ്പെട്ടുവത്രെ. അതു ശരിയായിരിക്കാം. പക്ഷേ മീരാ ജാസ്മിനെ കുറിച്ച് പറഞ്ഞതൊക്കെ വിഴുങ്ങി മീരയെ നായികയാക്കി ചിത്രം ചെയ്യാന്‍ ആവശ്യപ്പെട്ടതും വിതരണക്കാരാണോ?


Click it and Unblock the Notifications