For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എലി തുമ്മിയാല്‍ മല വീഴുമോ?...2

  By Super
  |

  എലി തുമ്മിയാല്‍ മല വീഴുമോ?...2

  നായിക അവിടെ നിന്ന് രക്ഷപെട്ട് നായകന്റെ മുന്നിലെത്തുന്നത് എത്ര വിശ്വാസയോഗ്യമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നോക്കൂ. രക്ഷപെട്ടുവരുന്ന നായികയെ രഹസ്യമായി പിന്തുടരുന്ന നായകസംഘത്തിലൊരാള്‍ ബസിന്റെ ഏണിയില്‍ തൂങ്ങി വിവരം മൊബൈല്‍ ഫോണ്‍ വഴി നായകനെ അറിയിക്കുന്നു. ഒരു ഗതിയും പരഗതിയുമില്ലാത്ത നായിക ചെന്നു പെടുന്നത് കാര്‍ത്തികേയന്‍ മുതലാളിയുടെ തൊട്ടുമുന്നില്‍. ഓന്തോടിയാല്‍ ഏതുവരെ?

  കാണികളില്‍, (വെറും ആരാധകരില്‍ എന്നു പാഠഭേദം) ആവേശമുണ്ടാക്കാന്‍ ഇതൊക്കെ മതി. ഇതു ജനപ്രിയമാവുകയും ചെയ്യും. എന്നാല്‍ ഇതാണ് കലയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞാല്‍....... പ്രിയദര്‍ശന്‍ അങ്ങനെയേ പറയൂ. അതാണ് അദ്ദേഹത്തിന്റെ കല.

  ജയറാമിന്റെ മേയ്ക്കപ്പിനെക്കുറിച്ച് ഉറഞ്ഞു തുളളുന്ന പ്രിയദര്‍ശന്‍, രാവണപ്രഭുവിലെ ഇന്നസെന്റിന്റെ മേയ്ക്കപ്പിനെക്കുറിച്ച് പറയാത്തതെന്തേ? ദേവാസുരത്തില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന് എത്രയായിരുന്നു സാര്‍, പ്രായം? 60 എന്നു കണക്കാക്കിയാലും കക്ഷി രാവണപ്രഭുവിലെത്തുമ്പോള്‍ എത്ര മതിക്കണം? മോഹന്‍ലാലിന്റെ കാര്‍ത്തികേയന്‍ മുതലാളിയ്ക്ക് പ്രായം 30 കണക്കാക്കിയാലും ഇന്നച്ചന് 90 ആകണം. അത്രയും പ്രായമുളള ഒരാളിന്റെ ശരീരഭാഷയും സംസാരരീതിയുമാണോ ഇന്നസെന്റിന്? നൂറു വയസിനു ശേഷവും ആരോഗ്യത്തോടെയിരിക്കുന്ന കാരണവന്‍മാരുടെ ഗണത്തില്‍ പെട്ടതായിരിക്കും പുളളി.

  മോഹന്‍ലാലിന്റെ കാര്‍ത്തികേയനോ? നീലകണ്ഠന്‍ ഭാനുമതിയെ വിവാഹം കഴിച്ചു കൊണ്ടുവരുന്ന സമയത്തു നടക്കുന്ന ഏറ്റുമുട്ടലില്‍ മരിയ്ക്കുന്ന ശിങ്കിടി (രാമു) യുടെ മകനാണ് മനോജ് കെ. ജയന്‍ അവതരിപ്പിയ്ക്കുന്ന എം.എല്‍.എ. അതായത് കാര്‍ത്തികേയന്‍ മുതലാളിയ്ക്കു മുമ്പേ ജനിച്ചതാണ് എംഎല്‍എ. ചിത്രം കണ്ടാല്‍ മോഹന്‍ലാലിനെക്കാള്‍ ഏറ്റവും കുറഞ്ഞത് അഞ്ചു വയസിനെങ്കിലും ഇളയതാണ് മനോജ് കെ. ജയന്‍. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ലെന്ന പരസ്യ ന്യായീകരണം പറയാം. അല്ലാതെന്താ?

  ചുരുക്കത്തില്‍ കഥാപാത്രങ്ങളുടെ സൃഷ്ടിയിലോ, കഥാസന്ദര്‍ഭങ്ങള്‍ ഒരുക്കുന്നതിലോ സാമാന്യബുദ്ധിയ്ക്ക് ഒരു പ്രാധാന്യവും നല്‍കാത്ത ചിത്രമാണ് രാവണപ്രഭു. കഥ നടക്കുന്ന കാലമോ ദേശമോ അറിയണമെന്നാഗ്രഹിക്കുന്നവരുടെ കാര്യം സവാരി ഗിരി ഗിരി ആവുകയേ ഉളളൂ. അങ്ങനെയുളള ചിത്രത്തിന്റെ കലാമൂല്യം കേമമാണെന്ന് കണ്ടെത്തിയ മിടുക്കനാണ് മറ്റുളളവരെ ആക്ഷേപിക്കുന്നത്.

  രാവണപ്രഭുവിന് ജനപ്രിയ ചിത്രത്തിനുളള അവാര്‍ഡു കിട്ടിയെന്നു വച്ച് ഇവിടെ ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. ഇതിനു മുമ്പും ഇങ്ങനെയൊക്കെയാണ് ഇവിടെ അവാര്‍ഡുകള്‍ നല്‍കിയിട്ടുളളത്. റിലീസാകാത്ത ചിത്രത്തിന് ജനപ്രിയതയ്ക്കുളള അവാര്‍ഡു കൊടുത്തിട്ടുണ്ട്. അതു കൊണ്ട് ഒരു മെഗാഹിറ്റ് ചിത്രം ഇങ്ങനെയൊരവാര്‍ഡ് തീര്‍ച്ചയായും അര്‍ഹിക്കുന്നുമുണ്ട്.

  പിന്നെയെന്താണ് പ്രശ്നമെന്നല്ലേ. സഹിക്കാന്‍ വയ്യാത്ത ഈ ജാഡ തന്നെ. ടി.വി. ചന്ദ്രന് നല്ല സംവിധായകനുളള അവാര്‍ഡു നല്‍കുക. എന്നിട്ട് അദ്ദേഹത്തിന്റെ ചിത്രത്തിലെ നായകന്‍ നന്നായി അഭിനയിച്ചില്ലെന്ന് പരസ്യമായി പറയുക. എന്താണ് സാര്‍ അതിന്റെ അര്‍ത്ഥം? നായക കഥാപാത്രത്തെപ്പോലും നന്നായി അഭിനയിപ്പിക്കാനറിയാത്തയാള്‍ എങ്ങനെ നല്ല സംവിധായകനാകും? കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ നടന്മാരെ പ്രാപ്തരാക്കുക എന്നതാണല്ലോ സംവിധായകന്റെ മികവ്.

  ഡാനി എന്ന ചിത്രത്തിന് ആകെ കിട്ടിയ അവാര്‍ഡ് വെറും രണ്ടെണ്ണമാണ്. മികച്ച സംവിധായകനും മികച്ച ഛായാഗ്രഹണത്തിനുമുളള അവാര്‍ഡ്. എന്നിട്ടും പറയുന്നു ഡാനിയുടെ സംവിധായകന്‍ മിടുക്കനാണെന്ന്. സംവിധായകനും കാമെറാമാനും അല്ലാതെ മറ്റാരുടെയും പ്രകടനം അവാര്‍ഡിനര്‍ഹമാകുന്ന തലത്തിലേയ്ക്ക് ഉയര്‍ന്നില്ല. സിനിമ ആദ്യമായും അവസാനമായും സംവിധായകന്റെ കലയാണെന്നാണ് ശാസ്ത്രം. അപ്പോള്‍ ഈ പരാജയത്തിന് സംവിധായകന്‍ ഉത്തരവാദിയല്ലേ?

  കഴുക്കോലു പണിഞ്ഞത് ഒട്ടും പോര, ഭിത്തിയാണെങ്കില്‍ തീരെ ശരിയായില്ല. അടിത്തറയ്ക്ക് വലിയ ഉറപ്പൊന്നും ഇല്ലെന്നാണ് തോന്നുന്നത്. കതകും ജനലും പണിതതും ഉറപ്പിച്ചതും തീരെ ശരിയായില്ല. ഓടിട്ടതും അത്ര പോര. പക്ഷേ മൊത്തത്തില്‍ വീടുപണി ഉഗ്രന്‍. ആഗോള സിനിമാജ്ഞാനിയുടെ ഈ ലൈന്‍ അനുസരിച്ചാണ് ഡാനിയുടെ സംവിധായകന്‍ മികച്ച സംവിധായകനാകുന്നത്.

  നല്ല സംവിധായകനുളള അവാര്‍ഡും നല്‍കിയിട്ട് ടി. വി. ചന്ദ്രനെ ഇങ്ങനെ പരസ്യമായി അപഹസിക്കണോ? വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറയുമ്പോള്‍ എന്തായിരുന്നു പ്രിയദര്‍ശന്റെ ഭാവം? അഹങ്കാരവും സര്‍വജ്ഞ ഭാവവും ഓളം വെട്ടുന്നുണ്ടായിരുന്നു ആ മുഖത്ത്.

  ശേഷം നല്ല ചിത്രം. നായകന്‍ നന്നായി അഭിനയിക്കുകയും ചെയ്തു. മികച്ച നടന്റെ തൊട്ടടുത്തു വരെ എത്തി. അപ്പോഴാണ് ജൂറി ചെയര്‍മാന് ബോധോദയം. പുളളിയ്ക്ക് അവാര്‍ഡു നല്‍കിയാല്‍ അതു മേയ്ക്കപ്പിനായിപ്പോകും. അതുകൊണ്ട് മേയ്ക്കപ്പ് തെല്ലുമില്ലാതെ അഭിനയിച്ച മുരളിയ്ക്ക് അവാര്‍ഡ്. മേയ്ക്കപ്പ് കൂടിയെങ്കിലും ജയറാമിന് പ്രത്യേക പുരസ്ക്കാരം കിട്ടാന്‍ അതു തടസമായില്ല.

  ജയറാമിന് മേയ്ക്കപ്പ് കൂടിയെന്നും മമ്മൂട്ടിയ്ക്ക് കഥാപാത്രം ആവശ്യപ്പെടും വിധം അഭിനയിക്കാനായില്ലെന്നും പറയുമ്പോള്‍ അമ്പ് യഥാര്‍ത്ഥത്തില്‍ കൊളളുന്നതാര്‍ക്കാണ്. ആ ചിത്രങ്ങളുടെ സംവിധായകര്‍ക്ക്. രാജീവ് കുമാറും ടി. വി. ചന്ദ്രനും ശ്രദ്ധിക്കാത്തതു കൊണ്ടാണല്ലോ ഇങ്ങനെയൊക്കെ സംഭവിച്ചത്.

  ചുരുക്കം പറഞ്ഞാല്‍ ഭൂമിമലയാളത്തില്‍ ഇതൊക്കെ നോക്കി സംവിധാനം ചെയ്യാന്‍ അറിയുന്ന ഒരാളേ ഉളളൂ. അയാളാണ് ജൂറി ചെയര്‍മാനായ പ്രിയദര്‍ശന്‍. അങ്ങനെ എല്ലാം നോക്കി പുളളി സംവിധാനം ചെയ്ത ലോകോത്തര ചിത്രങ്ങളാണ് കാക്കക്കുയില്‍, ചന്ദ്രലേഖ, രാക്കിളിപ്പാട്ട് എന്നിവ. പിന്നെ കുറേ പിന്നോട്ട് പോയാല്‍ ചിത്രം, താളവട്ടം, അഭിമന്യു, കിലുക്കം എന്നിവയും. (പൂച്ചയ്ക്കൊരു മൂക്കുത്തിയും ധീം തരികിടതോമും മഴപെയ്യുന്നു മദ്ദളം കൊട്ടുന്നതുമൊക്കെ തല്‍ക്കാലം നമുക്കു മറന്നു കളയാം) അതിനാല്‍ എല്ലാം തികഞ്ഞവനാകുന്നു പ്രിയദര്‍ശന്‍ എന്ന നാം. അടൂരും ടി.വി. ചന്ദ്രനും രാജീവ് കുമാറുമൊക്കെ വളളിനിക്കറുമിട്ട് സ്ലേറ്റുമായി ചെന്നാല്‍ ഡിപിഇപി സ്റൈലില്‍ പ്രിയന്‍ പറഞ്ഞു തരും, എങ്ങനെയാണ് സിനിമയെടുക്കേണ്ടതെന്ന്.

  ജംപ് കട്ട് : രാവണപ്രഭുവിലെ അറിയാതെ, അറിയാതെ എന്ന പാട്ടു രംഗം തുടങ്ങുന്നതിന് തൊട്ടു മുമ്പ് നായികനടി വസുന്ധരാദാസിന്റെ കലാമൂല്യം അല്‍പ നേരത്തേയ്ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇനി അതിനാണോ സാര്‍ അവാര്‍ഡ്.....?

  Read more about: priyadarsan award mammootty mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X