ഹുസൈന്റെ ഭ്രമങ്ങള്‍
ഹുസൈന്റെ ഭ്രമങ്ങള്‍
കലാകാരന്മാര്‍ക്ക് ഭ്രമങ്ങള്‍ കൂടപ്പിറപ്പാണെന്നാണല്ലോ. അത് എന്തിനോടുമാവാം. ആരോടുമാവാം. ഏത് പ്രായത്തിലുമാവാം. പ്രായം ചെന്നുള്ള ചില വികട ഭ്രമങ്ങള്‍ ആയിരുന്നാല്‍ പോലും ഓ, കലാകാരന്മാര്‍ അങ്ങനെയൊക്കെയല്ലേ പിന്നെ എന്നൊരു എക്സ്ക്യൂസ് അവര്‍ക്ക് നല്‍കാന്‍ നമുക്ക് മടിയില്ല.
നമ്മുടെ ലോകപ്രശസ്ത ചിത്രകാരന്‍ എം. എഫ്. ഹുസൈനും ഉണ്ടായല്ലോ ഇങ്ങനെയൊരു ഭ്രമം. പ്രായം ഇത്തിരിയങ്ങോട്ട് ചെന്നെങ്കിലും മാധുരി ദീക്ഷിതിനോട് ഹുസൈന് തോന്നിയ ഭ്രമം കണ്ടപ്പോള്‍ അദ്ദേഹം ശരീരം വയ്യെങ്കിലും ഇപ്പോഴും മനസ് കൊണ്ട് ഒരു തരുണനാണെന്ന് നമുക്കെല്ലാം മനസിലായതാണ്. മാധുരിയുടെ ചിത്രം ഒന്നൊന്നായി വരയ്ക്കുന്നു, മാധുരിയെ വെച്ച് ഗജഗാമനി പിടിക്കുന്നു, മാധുരിയെ കൊണ്ട് ഗജം പോലെ നടത്തിക്കുന്നു എന്തെല്ലാം വേലകളാണ് ഹുസൈന്‍ ചെയ്തത്.
ഹുസൈനിതാ ഇപ്പോഴിതാ ഒരു പുതിയ ഭ്രമം- മറ്റാരുമല്ല, ഹിന്ദിയിലെ മറ്റൊരു തകര്‍പ്പന്‍ നടി താബു. താബുവിനെ പറ്റി ഹുസൈന്‍ പറയുന്നത് കേള്‍ക്കണ്ടേ? അപാര സിദ്ധിയുള്ള നടിയാണ് താബു. വടിവൊത്ത സൗന്ദര്യം. വികാരങ്ങള്‍ ഭംഗിയായി ചിത്രത്തിലെന്നവണ്ണം വരച്ചുകാട്ടാനുള്ള കഴിവ്. മറില്‍ സ്ട്രീപ്പിനു വേണ്ടി ഹോളിവുഡില്‍ തിരക്കഥകള്‍ രചിച്ചതു പോലെ താബുവിന് വേണ്ടി എന്താണ് ആരും ഇവിടെ തിരക്കഥകളെഴുതാത്തത്?
ആരും എഴുതിയില്ലെങ്കില്‍ ഹുസൈന്‍ എഴുതും, അല്ലെങ്കില്‍ എഴുതിക്കും. എന്നിട്ട് അതു വെച്ച് ഒരു പടം സംവിധാനം ചെയ്യുകയും ചെയ്യും. അതിനൊന്നും പ്രായം ഒരു പ്രശ്നമല്ല.
ബോളിവുഡിലെ ഈ മറില്‍ സ്ട്രിപ്പിനെ വെച്ച് ഹുസൈന്‍ പുതിയ പടം പിടിക്കാന്‍ പോവുന്നു. അതില്‍ പുതിയ പ്രലോഭനത്തെ കൊണ്ട് ഇരട്ട വേഷം തന്നെ ചെയ്യിക്കുന്നു, ഹുസൈന്‍.
ആരോടെങ്കിലും ഭ്രമം തോന്നിയാല്‍ ഉടന്‍ അവരെ വെച്ച് പടം പിടിക്കുന്ന ഈ ശീലം വിചിത്രം തന്നെ അല്ലേ? അല്ലെങ്കില്‍ ഈ കലാകാരന്മാര്‍ക്ക് എന്തുമാവാമല്ലോ...അവര്‍ക്കുണ്ടോ അങ്ങനെ പ്രായ ഭേദമൊക്കെ.


Click it and Unblock the Notifications