ദിലീപ് നിരസിച്ചില്ലായിരുന്നെങ്കില്‍...
ദിലീപ് നിരസിച്ചില്ലായിരുന്നെങ്കില്‍...
ജയസൂര്യയുടെ സമയം ശരിക്കും തെളിഞ്ഞിരിക്കുന്നു. ചതിക്കാത്ത ചന്തുവും സൂപ്പര്‍ഹിറ്റ്. ചിത്രത്തിലെ നോണ്‍സ്റോപ്പ് കോമഡി പ്രേക്ഷകര്‍ക്ക് ശരിക്ക് രസിച്ചിരിക്കുന്നു. ജയസൂര്യയുടെ ചിരി നമ്പരുകളും അവര്‍ക്ക് സുഖിച്ചിരിക്കുന്നു. തിയേറ്ററുകള്‍ നിറയുന്നത് കണ്ട് ജയസൂര്യയുടെ മനം നിറയുന്നു.
ജയസൂര്യയുടെ ക്രെഡിറ്റിലുള്ള മൂന്നാമത്തെ ഹിറ്റാണിത്. ആദ്യചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ ഹിറ്റ്. രണ്ടാമത്തെ ഹിറ്റ് ക്രിസ്തുമസ് ചിത്രമായ പുലിവാല്‍ കല്യാണം. ഇപ്പോള്‍ ചതിക്കാത്ത ചന്തുവും. ചുരുങ്ങിയ സമയം കൊണ്ട് ജയസൂര്യ ഏറെ മുന്നോട്ടുപോയിരിക്കുന്നു.
എന്നാലും ജയസൂര്യയുടെ മുന്നില്‍ ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. അത് മനസിലേക്ക് ഉയര്‍ന്നുവരുമ്പോഴൊക്ക ജയസൂര്യയുടെ മനസ് കിടന്ന് തിളക്കും. മൂന്ന് ഹിറ്റുകള്‍ കൈയിലിരിക്കുമ്പോഴും അതില്‍ രണ്ട് ഹിറ്റ് ചിത്രങ്ങളുടെ ജാതകം മാറ്റിയെഴുതപ്പെട്ടില്ലായിരുന്നെങ്കില്‍ മലയാളത്തിലെ യുവതാരങ്ങളുടെ മുന്‍നിരയിലെത്തി കഴിഞ്ഞ താന്‍ എവിടെയിരിക്കുമായിരുന്നു? അത് വല്ലാത്തൊരു ജാതകത്തിരുത്ത് തന്നെയായിരുന്നെന്ന് ജയസൂര്യയുടെ മനസ് മന്ത്രിക്കും.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നായകനാവാന്‍ വിനയന്‍ സാര്‍ തന്നെ തനിക്ക് അവസരം തന്നുവെങ്കിലും അതിന് മുമ്പ് ദിലീപ് വിനയന്‍ ചിത്രത്തിലേക്കുള്ള ഓഫര്‍ നിരസിച്ചിരുന്നില്ലെങ്കിലോ? ഉരിയാടാപ്പയ്യനാവുന്നതിനേക്കാള്‍ നല്ലത് ചക്കരപ്പൊട്ടനാവുന്നതാണെന്ന് കരുതി ദിലീപ് വിനയന്‍ ചിത്രം വേണ്ടെന്നു വച്ചില്ലായിരുന്നെങ്കില്‍?!! എങ്കില്‍ സൂര്യാ ടിവിയിലെ കോമഡി പരിപാടിയും മിമിക്രിയുമായി നടന്നിരുന്ന പയ്യന്‍ സിനിമയുടെ പടിവാതില്‍ ചവിട്ടുമായിരുന്നോ?
പുലിവാല്‍ കല്യാണത്തിന് ശേഷം ചതിക്കാത്ത ചന്തു സൂപ്പര്‍ഹിറ്റായതോടെ ജയസൂര്യയുടെ കരിയാര്‍ഗ്രാഫ് കുത്തനെ ഉയര്‍ന്നു. എന്നാല്‍ ചതിയന്‍ ചന്തുവാകാന്‍ തയ്യാറായി ദിലീപ് റാഫി മെക്കാര്‍ട്ടിന്റെ ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലോ? ദിലീപ് ആ ചിത്രം വേണ്ടെന്ന് വച്ചതുകൊണ്ട് ചതിക്കാത്ത ചന്തുവായി ജയസൂര്യയെ പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നു. ജയസൂര്യയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുന്നു.
സിനിമയിലെ ജാതകമെഴുത്തിന്റെയും തിരുത്തിന്റെയും ചില മറിമായങ്ങള്‍! ജയസൂര്യ നെടുവീര്‍പ്പിടുന്നു.
സിനിമാലോകം അത്തരം ചില ഭാഗ്യസമ്മാനങ്ങള്‍ ചിലര്‍ക്ക് സമ്മാനിക്കാറുണ്ട്. ഷാജി കൈലാസിന്റെ ഏകലവ്യന്‍ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി എന്ന നടന്‍ മലയാളത്തിലെ മൂന്നാമത്തെ സൂപ്പര്‍താരം എന്ന പദവിയിലേക്കുയര്‍ന്നത്. സുരേഷ് ഗോപിയുടെ സിനിമാജാതകം തിരുത്തിയെഴുതിയ ചിത്രം. എന്നാല്‍ ഏകലവ്യനെ കുറിച്ചോര്‍ക്കുമ്പോള്‍ സുരേഷ് ഗോപിക്കുമുണ്ട് ഇങ്ങനെ നെടുവീര്‍പ്പിടേണ്ട ഒരു ചോദ്യം. ആ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ മോഹന്‍ലാല്‍ നിരസിച്ചില്ലായിരുന്നെങ്കിലോ?
ഹിറ്റുകളൊന്നും അപ്പോള്‍ കയ്യിലില്ലാതിരുന്ന ഒരു സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ മടി കാണിച്ചത് മറ്റൊരു നടന്റെ സൂപ്പര്‍താരമായുള്ള വളര്‍ച്ചയ്ക്ക് വഴിയൊരുക്കി. ജയസൂര്യയുടെ കാര്യത്തിലും സംഭവിച്ചത് അങ്ങനെയൊക്കെ തന്നെ.


Click it and Unblock the Notifications