മീരാ ജാസ്മിനെ തമിഴ് തഴയുന്നു
മീരാ ജാസ്മിനെ തമിഴ് തഴയുന്നു
മലയാളത്തില്‍ നിന്നും തമിഴിലേക്ക് കുടിയേറിയ മീരാ ജാസ്മിന് തമിഴില്‍ അവസരം കുറയുന്നു. തമിഴില്‍ മീരയുടെ ആദ്യ ചിത്രമായ റണ്‍ വന്‍ വിജയമായിരുന്നു. മാധവന്റെ നായികയായാണ് മീര ജാസ്മിന്‍ ഇതില്‍ അഭിനയിച്ചിരുന്നത്.
മീരാ ജാസ്മിന്റെ വിചിത്രമായ ചില നിലപാടുകള്‍ മൂലം പിന്നീടുള്ള രണ്ട് തമിഴ് ചിത്രങ്ങളുടെ ജോലി തടസ്സപ്പെടുകയും നീണ്ടുപോവുകയും ചെയ്തതായി പറയുന്നു. നടന്‍ അജിത് നിര്‍മ്മിക്കുന്ന ജന എന്ന ചിത്രത്തില്‍ ആദ്യം മീരാ ജാസ്മിനെ ആയിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. ഇതിന്റെ സംവിധായകന്‍ ഷാജി കൈലാസാണ്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ മീരാ ജാസ്മിന്‍ അഡ്വാന്‍സും കൈപ്പറ്റിയിരുന്നതാണ്. പക്ഷെ അഡ്വാന്‍സ് തുക അജിതിനെ തിരിച്ചേല്പിച്ചു.
എന്നാല്‍ ഇതിന് മീരാ ജാസ്മിന്‍ കാരണമൊന്നും പറഞ്ഞിരുന്നില്ല. അജിതും ലോഹിതദാസും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങള്‍ മൂലമാണ് മീരാ ജാസ്മിന്‍ ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നായിരുന്നു നേരത്തെ ധരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഷാജി കൈലാസും ലോഹിതദാസും തമ്മിലുള്ള തര്‍ക്കമാണ് ഇതിന് പിന്നിലെന്ന് തമിഴ്സിനിമാ വൃത്തങ്ങള്‍ പറയുന്നു. ഇപ്പോള്‍ ഈ ചിത്രത്തില്‍ മോഡല്‍ ത്രിഷയെ നായികയാക്കി.
രണ്ടാമത്തെ പ്രശ്നം തമിഴ്നടന്‍ വിജയും മീരാ ജാസ്മിനും തമ്മിലുണ്ടായതാണ്. വിജയിന്റെ ഗീതൈ എന്ന ചിത്രത്തിലെ നായിക മീരാ ജാസ്മിനായിരുന്നു. പക്ഷെ ഗീതൈയില്‍ ചില അര്‍ധസെക്സ് രംഗങ്ങള്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് മീരാ ജാസ്മിന്‍ വാശി പിടിച്ചത്രെ. ഷൂട്ടിംഗ് പകുതിയായതിന് ശേഷമാണ് മീരയുടെ കടുംപിടുത്തമെന്നതിനാല്‍ വിജയിന് ഗീതൈയുടെ കഥ തന്നെ മാറ്റേണ്ടി വന്നു. തുണിയുരിക്കല്‍ രംഗങ്ങള്‍ അഭിനയിക്കാന്‍ വിജയ് ബോളിവുഡില്‍ നിന്നും അമിഷാ പട്ടേലിനെ കൊണ്ടുവന്നു. ഗീതൈയുടെ കഥ മാറ്റി പുതുഗീതൈ എന്ന് ചിത്രത്തിന് പേരും മാറ്റി നല്കി. ഇപ്പോള്‍ ഈ ചിത്രത്തില്‍ നായിക അമിഷാ പട്ടേലാണ്. മീരാ ജാസ്മിന്‍ രണ്ടാം നായിക മാത്രം.
വിജയും അജിതും മീരാ ജാസ്മിനുമായി ഉടക്കിയതോടെ തമിഴ്സിനിമാലോകം ആകെ മീരാ ജാസ്മിനുമായി കരാറുണ്ടാക്കാന്‍ മടിക്കുന്നുണ്ടെന്നും അറിയുന്നു. ഇപ്പോള്‍ മീരാ ജാസ്മിന് പകരം അവര്‍ ത്രിഷ എന്ന മോഡലിനെ പരീക്ഷിക്കുകയാണ്. മീരയ്ക്കായി തമിഴ് സിനിമാ ലോകം കരുതിവച്ചിരുന്ന റോളുകളെല്ലാം ത്രിഷ നേടുകയാണ്.


Click it and Unblock the Notifications