For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടൂരും കൈരളിയും പിന്നെ താരനിശയും

  By Staff
  |

  അടൂരും കൈരളിയും പിന്നെ താരനിശയും

  അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്ര അക്കാദമി ഭരിക്കുമ്പോള്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഒരു പക്ഷേ, കോഴിക്കോട് പൊലീസ് കമ്മിഷണര്‍ ബിശ്വനാഥ് സിന്‍ഹയ്ക്കുപോലും. എന്നാല്‍ ചലച്ചിത്ര അവാര്‍ഡു വിതരണം ഇത്തരമൊരു വിവാദത്തിലായിപ്പോയതില്‍ പിന്നീടൊരു പക്ഷേ അദ്ദേഹം വിഷമിച്ചേക്കാം.

  വലിയ പൊല്ലപ്പൊന്നുമില്ലാതെയായിരുന്നു ഇക്കുറി അവാര്‍ഡ് പ്രഖ്യാപിച്ചത്. (പ്രിയദര്‍ശന്റെ ചില ഉത്തരാധുനിക കണ്ടെത്തലുകള്‍ മറക്കുന്നില്ല, മേക്കപ്പും അഭിനയവുമൊക്കെയായി ആശാന്‍ വക ചെറിയ സവാരിഗിരിഗിരി ഉണ്ടായിരുന്നല്ലോ). എന്നാല്‍ ഈ അവാര്‍ഡിന്റെ കൊടുത്തു കൈയൊഴിയല്‍ ചടങ്ങ് ഇങ്ങനെയൊരു പുലിവാലാകുമെന്ന് അടുര്‍ സ്വപ്നത്തില്‍ പോലും നിനച്ചിരിക്കുകയില്ല.

  കാര്യം എലിപ്പത്തായവും വിധേയനുമൊക്കെ സംവിധാനം ചെയ്ത് ലോകപ്രസിദ്ധിയാര്‍ജിച്ച സംവിധായകനാണെങ്കിലും തനിക്ക് ഈ കക്ഷി അത്ര വലിയ പുളളിയല്ല എന്ന മട്ടിലാണല്ലോ കോഴിക്കോട് കമ്മിഷണര്‍ അടൂരിനെ കൈകാര്യം ചെയ്തത്. അല്ലെങ്കില്‍ കോഴിക്കോട്ട് വച്ച് എത്ര പണ്ടേ മുരളിയ്ക്കും സുഹാസിനിയ്ക്കും രാജീവ് കുമാറിനുമൊക്കെ അര്‍ഹതപ്പെട്ടതങ്ങ് കൊടുത്ത് ഭാരമൊഴിയ്ക്കാമായിരുന്നു. അയാള്‍ സമ്മതിച്ചില്ല.

  എല്ലാം കൂടെ എടുത്തു പിടിച്ച് ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ കൊണ്ടു വന്നപ്പോഴാണ് മറ്റൊരു കാര്യം മനസിലായത്. പിടിച്ചതിനേക്കാള്‍ വലുതാണ് മടിയിലിരിക്കുന്നത്. സിനിമയും അവാര്‍ഡുമെന്നു പറഞ്ഞ് ഒരുത്തനും സ്റേഡിയത്തിനകത്തു കയറരുതെന്നായിരുന്നു ഭൂലോകം മുഴുവന്‍ ഭരിക്കുന്ന ഡിജിപിയേമാന്റെ ഉത്തരവ്. സാംസ്ക്കാരിക വകുപ്പാണ്, കാര്‍ത്തികേയനാണ്, കൊമ്മണ്ടിക്കയാണ് എന്നൊക്കെ പറഞ്ഞിട്ടൊന്നും ആശാന്‍ ഒരിഞ്ചും വിട്ടു കൊടുത്തില്ല. അവസാനം അടുരിന്റെ പരവേശം കണ്ട് സ്ത്രീസഹജമായ സഹതാപം തോന്നിയ മേയര്‍ ജെ. ചന്ദ്ര പൂജപ്പുരയിലെ സ്റേഡിയം സൗജന്യമായി വിട്ടുകൊടുത്തു.

  അങ്ങനെ അവാര്‍ഡ് നാടകത്തിന്റെ ഒന്നാം അങ്കത്തിന്റെ തിരശീല അടുര്‍ വല്ലവിധേനെയും വലിച്ചുതാഴെയിട്ടു. മെയ് 26 ഞായറാഴ്ച സൂര്യഭഗവാന്‍ എ. കെ. ആന്റണിയ്ക്ക് വിടചൊല്ലിക്കഴിഞ്ഞ് അവാര്‍ഡ് ഭാണ്ഡങ്ങള്‍ അവകാശികള്‍ക്ക് കൈമാറും.

  രണ്ടാമങ്കം നടന്നത് അരങ്ങത്തല്ല. അങ്ങ് അണിയറയ്ക്കുളളില്‍. നാലു ലക്ഷം രൂപ ചെലവ് പ്രതീക്ഷിയ്ക്കുന്ന അവാര്‍ഡ് നിശ 16 ലക്ഷം രൂപയ്ക്ക് കൈരളി ചാനലിന് കൈമാറി. അവാര്‍ഡ് നിശയെന്നു വച്ചാല്‍ ചിലര്‍ ചിലര്‍ക്ക് ചുമ്മാ അവാര്‍ഡ് നല്‍കുന്ന ഡുക്കിലി പരിപാടിയൊന്നുമല്ല. 1000 ലേറെ കലാകാരന്മാരും കലാകാരികളും അവതരിപ്പിയ്ക്കുന്ന എണ്ണം പറഞ്ഞ കലാപരിപാടികളുമുണ്ട്. ഇതെല്ലാം കൈരളിയ്ക്കു സ്വന്തം.

  സ്വരലയയുടെ സമ്മാനദാന പരിപാടികള്‍ കഴിയുമ്പോള്‍ കനകക്കുന്നില്‍ ഖനഗാംഭീര്യം തുളുമ്പുന്ന ഒരു ശബ്ദമുയരും. കേട്ടിട്ടുളളവര്‍ക്കും ഓര്‍മ്മയുളളവര്‍ക്കും അറിയാം. കൈരളി ചാനലിന്റേതല്ലാത്ത എല്ലാ കാമെറയും ഓഫാക്കി ഞങ്ങളോട് സഹകരിക്കുക. എന്നുവച്ചാല്‍ ഇനിയുളള ദൃശ്യങ്ങള്‍ പകര്‍ത്താനുളള അവകാശം വേറിട്ട ചാനലിനു മാത്രമെന്നു ചുരുക്കം. അവിടെ ആര്‍ക്കും പരാതി പറയാന്‍ സ്കോപ്പില്ല. കാരണം, കൈരളിയുടെ വല്യപ്പൂപ്പന്‍ എം. എ. ബേബിയുടെ തറവാട്ടു വക പരിപാടിയാണ് സ്വരലയയുടെ മാമാങ്കം. എന്നാല്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിയ്ക്കുന്ന അവാര്‍ഡ് നിശയോ? അവിടെയാണ് ചിലരുടെ നെറ്റി ചുളിഞ്ഞ് ഒടിഞ്ഞു മടങ്ങുന്നത്.

  ലോകകപ്പ് ഫുട്ബോളിന്റെ സംപ്രേക്ഷണാവകാശം കരസ്ഥമാക്കാന്‍ വന്‍കൊമ്പന്മാരാണ് മീശ പിരിച്ച് കളത്തിലിറങ്ങിയത്. അവസാനം സമ്മാനം കൊണ്ടു പോയത് ഒരറബി വക ടെന്‍ സ്പോര്‍ട്ട്സ് ചാനല്‍. അത് പക്ഷേ, ടെന്‍ഡറൊക്കെ വിളിച്ച് ലേലവും പരിപാടികളുമൊക്കെയായി കൊണ്ടു കയറിയ മത്സരമായിരുന്നു. എന്നാല്‍ ഇവിടെ......?

  പൊതുജനങ്ങളുടെ ചക്രം ചെലവാക്കിയാണ് ചലച്ചിത്ര അക്കാദമി അവാര്‍ഡ് നിശ ഇന്നോളം സംഘടിപ്പിച്ചു പോന്നത്. അത് വിറ്റാലും കാശുണ്ടാക്കാമെന്ന പ്രായോഗിക ബുദ്ധിയുടെ പേരില്‍ അടൂരിനെ അഭിനന്ദിയ്ക്കാതിരിക്കാനാവില്ല. കാരണം, ദൃശ്യമാദ്ധ്യമങ്ങള്‍ കാഴ്ചക്കാരെ പിടിയ്ക്കാന്‍ എന്തു കോപ്രായവും കാണിക്കുന്ന ഇക്കാലത്ത് അവരുടെ കഴുത്തറത്ത് കാശുണ്ടാക്കാന്‍ എല്ലാവരെക്കൊണ്ടു പറ്റിയെന്നു വരില്ല.

  അപ്പോള്‍ ചെയ്യേണ്ടിയിരുന്നത് മറ്റു ചാനലുകള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക എന്നതായിരുന്നു. എങ്കില്‍ ഒരു പക്ഷേ കൈരളിയേക്കാള്‍ അഞ്ചു ലക്ഷം കൂടുതല്‍ നല്‍കി ഏഷ്യാനെറ്റോ സൂര്യയോ ഈ പരിപാടിയുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കുമായിരുന്നു.

  ഇതിപ്പോള്‍ കൈരളിയ്ക്കു വേണ്ടി ചലച്ചിത്ര അക്കാദമി സ്റേജ് ഷോ സംഘടിപ്പിയ്ക്കുന്നതു പോലുണ്ട്. എന്നാല്‍ പിന്നെ അവാര്‍ഡ് നല്‍കുന്ന പണി കൈരളിയെ ഏല്‍പിച്ചാല്‍ പോരായിരുന്നോ സാര്‍ എന്നു ചോദിയ്ക്കുന്നവര്‍ അക്കാദമിയുടെ മൂക്കിനു താഴെത്തന്നെയുണ്ട്.

  പൂജപ്പുര ചടങ്ങ് സംഘടിപ്പിയ്ക്കുമ്പോള്‍ കാണാന്‍ വരുന്നവരുടെ എണ്ണത്തിലും കുറവ് വരും. 20,000 പേരെയാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ പ്രതീക്ഷിച്ചിരുന്നത്. ഇതിപ്പോള്‍ ആകെ ഇരിയ്ക്കാവുന്നത് 10,000 പേര്‍ക്കു മാത്രം. അതില്‍ തന്നെ ടിക്കറ്റ് വിറ്റത് 6,000 പേര്‍ക്ക്. പാര്‍ക്കിംഗ് സൗകര്യമില്ലാത്ത സ്റേഡിയമായതിനാല്‍ കൊച്ചമ്മമാരും പരിവാരങ്ങളുമൊന്നും വരില്ലെന്ന് ചുരുക്കം. അവരില്ലെങ്കില്‍ പിന്നെന്തോന്ന് അവാര്‍ഡ് നിശ.

  കൂട്ടിയും കിഴിച്ചും അവസാനത്തെ കണക്കെടുക്കുമ്പോള്‍ വിജയം അടൂരിനു തന്നെ. കൈരളി നല്‍കിയ 16 ലക്ഷം രൂപ അക്കാദമിയ്ക്ക് വന്‍മുതല്‍ക്കൂട്ടായി. ഇനി ഒരാളും ടിക്കറ്റ് വാങ്ങിയില്ലെങ്കിലും പരിപാടി വന്‍ ലാഭം. സൗജന്യമായി ഒരു പൂച്ചക്കുഞ്ഞിനെപ്പോലും അകത്ത് കയറ്റരുതെന്ന് കല്ലു പിളര്‍ക്കുന്ന കല്‍പനയും. ഇത്രയും കാശു കിട്ടിയ സ്ഥിതിയ്ക്ക് പ്രവേശനം സൗജന്യമാക്കാമായിരുന്നെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്.

  എല്ലാം കൂടെ കാച്ചിക്കുറുക്കി ഇപ്രകാരം പ്രസ്താവിയ്ക്കാം. ഇനിയുളള അവാര്‍ഡ് നിശകളില്‍ ചുളുവില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കാണാമെന്നു വച്ചാല്‍ നടക്കില്ല. കാശു മുടക്കണം. മുടക്കാനില്ലെങ്കിലോ കൈരളി തന്നെ കാണണം. വീട്ടിലും അയല്‍പക്കത്തും കൈരളിയുളള കേബിള്‍ ഇല്ലെങ്കില്‍ മാനത്തു നോക്കിയിരിക്കാം. യഥാര്‍ത്ഥ താരങ്ങള്‍ അവിടെയാണല്ലോ.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X