twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവാര്‍ഡ് നിര്‍മാണത്തിന് മീരയും

    By Staff
    |

    അവാര്‍ഡ് നിര്‍മാണത്തിന് മീരയും

    സിനിമയിലൂടെ വേണ്ടത്ര പ്രശസ്തിയും സമ്പത്തും ആയെന്ന് തോന്നുന്നതോടെ അവാര്‍ഡ് ലക്ഷ്യമാക്കി സൂപ്പര്‍താരങ്ങള്‍ സിനിമ നിര്‍മിക്കാന്‍ ഒരുങ്ങി പുറപ്പെടാറുണ്ട്. കച്ചവട സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ മേമ്പൊടിക്ക് ഇനി ചില പുരസ്കാരങ്ങളൊക്കെയാവാം എന്ന വെളിപ്പാടുണ്ടാവുന്നതോടെയാണ് താരങ്ങള്‍ അവാര്‍ഡ് പടം പിടിക്കാനിറങ്ങുന്നത്.

    മുതല്‍മുടക്കു പോലും തിരിച്ചുകിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിലും സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ തരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇത്തരം സിനിമകള്‍ താരങ്ങള്‍ നിര്‍മിക്കുന്നത്. കളിയാട്ടത്തിന് ദേശീയ അവാര്‍ഡ് നേടിയ സുരേഷ് ഗോപി ആ ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായത് കരിയറില്‍ താരമൂല്യം ഏറ്റവുമേറിയ സമയത്താണ്. വാനപ്രസ്ഥം നിര്‍മിക്കാന്‍ മോഹന്‍ലാല്‍ ചെലവഴിച്ചത് കോടികളാണ്. ഒരു ലക്ഷം രൂപ പ്രതിദിന വാടക നല്‍കേണ്ട പാനാവിഷന്‍ ക്യാമറയൊക്കെ ഉപയോഗിച്ച് ചിത്രീകരിച്ച വാനപ്രസ്ഥം കീശയില്‍ നിന്നു പോയ കോടികള്‍ക്കു പകരം ലാലിന് ഒരു ദേശീയ അവാര്‍ഡ് തരപ്പെടുത്തി. തനിക്ക് ഇതുവരെ ലഭിക്കാത്ത സംസ്ഥാന അവാര്‍ഡെങ്കിലും നേടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ദിലീപ് നിര്‍മിച്ച കഥാപുരുഷന്‍ ലക്ഷ്യപ്രാപ്തിയിലെത്തുമോ, അതോ ലക്ഷങ്ങള്‍ മുടക്കിയത് മാത്രം മിച്ചമെന്ന നിലയിലാവുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

    വെറും താരങ്ങള്‍ സാധാരണ അവാര്‍ഡിനായി സിനിമ പിടിക്കാറില്ല. താരങ്ങള്‍ സൂപ്പറാവുമ്പോള്‍ മാത്രമാണ് ഇത്തരം അവാര്‍ഡ് ചിന്തയും അവാര്‍ഡ് നിര്‍മാണവും ഉണ്ടാവാറുള്ളത്. ഉണ്ടിരിക്കുന്ന നായര്‍ക്കല്ലേ ഉള്‍വിളിയുണ്ടാവാറുള്ളൂ. സിനിമയില്‍ നിന്ന് ഒട്ടേറെ സമ്പാദിച്ചുവെന്ന തോന്നലുണ്ടാവുമ്പോഴേ അവാര്‍ഡ് തുടങ്ങിയ ഷോക്കേസ് ആര്‍ഭാടങ്ങളെ കുറിച്ച് താരങ്ങള്‍ ചിന്തിക്കാറുള്ളൂ.

    നടന്‍മാര്‍ സൂപ്പര്‍നടന്‍മാരായി തീറാറുണ്ടെങ്കിലും മലയാളത്തിലെ നടിമാര്‍ക്ക് അങ്ങനെ സൂപ്പര്‍വിശേഷണം കിട്ടാറില്ല. മലയാള സിനിമയില്‍ നിന്നും സമ്പാദിക്കുന്ന പണം കൊണ്ട് ഒരു നടന് സൂപ്പറാവാമെങ്കിലും നടിക്ക് സൂപ്പറാവുക അസാധ്യമെന്നതു തന്നെ കാര്യം. അതുകൊണ്ട് മലയാളത്തിലെ നടിമാരാരും ഇത്തരം അവാര്‍ഡ് സിനിമാ നിര്‍മാണത്തിനായി ഒരുങ്ങി പുറപ്പെട്ടിട്ടില്ല. കാവ്യാ മാധവനെ പോലെ പ്രതിഫലം കുറച്ചഭിനയിക്കുക തുടങ്ങിയ സാഹസങ്ങള്‍ക്കല്ലാതെ നിര്‍മാണത്തിനൊന്നും അവര്‍ മുതിരുമെന്ന് തോന്നുന്നില്ല. എന്നാല്‍ മീരാ ജാസ്മിന്‍ നമ്മുടെ നടിമാര്‍ക്ക് ഒരു അപവാദമാവാന്‍ ഒരുങ്ങിനില്‍ക്കുകയാണ്.

    ഇത്തരം നിര്‍മാണ സംഭങ്ങള്‍ക്ക് മുതിരാതെ തന്നെ ശോഭനയെയും മോണിഷയെയുമൊക്കെ ദേശീയ അവാര്‍ഡ് തേടിവരികയാണുണ്ടായത്. മീരാ ജാസ്മിനെയും അതുപോലെ ദേശീയ അവാര്‍ഡ് തേടിയെത്തുകയായിരുന്നു. എന്നാല്‍ ഒരു ദേശീയ അവാര്‍ഡ് കൊണ്ട് മീരാ ജാസ്മിന്‍ തൃപ്തിപ്പെടാന്‍ തയ്യാറല്ല.

    നമ്മുടെ ചില നടിമാരെ പോലെ മലയാളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നയാളല്ല മീര. തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ മീരാ ജാസ്മിന്‍ അഭിനയിച്ചു കസറി. അപ്പോള്‍ പിന്നെ ഒരു സിനിമ നിര്‍മിക്കണമെന്നു വിചാരിച്ചാലും സാധിക്കാത്ത മറ്റു മലയാള നടിമാരെ പോലെയല്ല മീരയുടെ കാര്യം.

    മലയാള ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചെങ്കിലും അതിനി തമിഴിലെ പ്രകടനത്തിനു കൂടി നേടിയെടുക്കണമെന്നാണ് മീരയുടെ ആഗ്രഹം. തമിഴില്‍ മീര കസ്തൂരിമാന്‍ എന്ന ചിത്രം റീമേക്ക് ചെയ്യുന്നതിന് മുതല്‍മുടക്കുന്നത് ഈ ലക്ഷ്യത്തോടെയാണോ എന്നറിയില്ല. ഏതായാലും മോഹം വളര്‍ന്ന് താന്‍ അഭിനയിക്കുന്ന ഭാഷകളില്‍ നിന്നെല്ലാം ദേശീയ അവാര്‍ഡ് നേടണമെന്ന ചിന്തയിലെത്തിനില്‍ക്കുകയാണ് ഈ നടി ഇപ്പോള്‍. തമിഴ് ചിത്രത്തിനു പിന്നാലെ തെലുങ്ക് ചിത്രവും നിര്‍മിക്കാന്‍ ഒരുങ്ങിപുറപ്പെട്ടിരിക്കുകയാണ് ഈ നടി.

    ആന്ധ്രയിലെ ഒരു വിഭാഗം ആദിവാസികളുടെ ജീവിതദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തകനും സംവിധായകനുമായ കെ. എന്‍. ടി. ശാസ്ത്രി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് മീര നിര്‍മിക്കുന്നത്. ആദിവാസി സ്ത്രീയായി മീര ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു. നമ്മുടെ ചില താരങ്ങളെ പോലെ ഒരു അവാര്‍ഡ് നിര്‍മാണത്തിന്റെ ലൈനിലാണ് മീരയുമെന്ന് ബോധ്യമായില്ലേ?

    സിനിമ നിര്‍മിച്ച് സിനിമയിലൂടെ ഉണ്ടാക്കിയ പണമെല്ലാം തുലച്ചുകളയുമോ എന്ന വീട്ടുകാരുടെ ആശങ്കയാണ് മീരയുടെ വീട്ടുകാരും മീരയും തമ്മിലുണ്ടായ തര്‍ക്കത്തിനു പിന്നിലെന്ന് കേട്ടിരുന്നു. വീട്ടുകാരുമായി ഉടക്കിപിരിഞ്ഞു കഴിഞ്ഞ മീര ഇപ്പോഴിതാ ഒന്നിനു പിറകെ രണ്ടാമതൊരു ചിത്രം കൂടി നിര്‍മിക്കുന്നു!

    കാര്യം മീര തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച് പണം കുറെ ഉണ്ടാക്കിയിട്ടുണ്ടാവാം. പക്ഷേ തമിഴിലും തെലുങ്കിലുമൊക്കെ മുമ്പത്തെ പോലെ ഈ നടിക്ക് അവസരങ്ങളില്ല. മോഹന്‍ലാലും ദിലീപും ചെയ്യുന്നതു പോലുള്ള നിര്‍മാണ പരിപാടികള്‍ തുടര്‍ന്നാല്‍ തങ്ങളുടെ ആശങ്ക യാഥാര്‍ഥ്യമാവുമോ എന്ന ചിന്ത മീരയുമായി ഉടക്കിയെങ്കിലും വീട്ടുകാര്‍ക്കിപ്പോഴുമുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X