ക്രിക്കറ്റ് കളിക്കാരുടെ ആത്മാര്‍ത്ഥയില്‍ പ്രീതിയ്‌ക്ക് സംശയം
ഐപിഎല്‍ മേളയുടെ കൊടിയിറക്കത്തിനൊപ്പം അണിയറക്കഥകളും പുറത്തേക്ക്. ബാംഗ്ലൂര്‍, കൊല്‍ക്കത്ത ടീമുകള്‍ക്കുള്ളിലെ സൗന്ദര്യ പിണക്കങ്ങളും കലഹങ്ങളും നേരത്തെ തന്നെ അങ്ങാടിപ്പാട്ടായിരുന്നു.
പുതിയ അണിയറക്കഥ ബോളിവുഡ് താരം പ്രീതി സിന്റെയുടെയും കാമുകന്‍ നെസ് വാഡിയയുടെയും ടീമായ മൊഹാലിയില്‍ നിന്നാണ് പുറത്ത് വന്നിരിയ്‌ക്കുന്നത്. യുവരാജ് ക്യാപ്‌റ്റനായ മൊഹാലി ടീം സെമിയില്‍ തോറ്റതാണ് പ്രീതിയ്‌ക്ക് അരിശമുണ്ടാക്കിയിരിക്കുന്നത്.
ടീം സെമിയില്‍ കടന്ന സന്തോഷത്തിന് പ്രീതിയും കാമുകനും ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത ടീം ക്യാപ്‌റ്റന്‍ യുവരാജ് പാര്‍ട്ടി കഴിയുന്നതിന് മുമ്പ് നേരത്തെ ഇറങ്ങി. തനിയ്‌ക്ക് കൃത്യമായി ഉറങ്ങണമെന്നും പിറ്റെ ദിവസത്തെ പ്രാക്ടീസിന് ഇത് അത്യാവശ്യമാണെന്നുമൊക്കെയായിരുന്നു യുവി പ്രീതിയോട് തട്ടി വിട്ടത്.
ഈ ആത്മാര്‍ത്ഥ കണ്ട് പ്രീതിയും കാമുകനും ഏറെ സന്തോഷിയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ വീട്ടിലേക്ക് ഉറങ്ങാന്‍ പോകുന്നതിന് പകരം യുവി മറ്റെവിടെയോ പോയി രാത്രി വെളുപ്പിച്ചെന്നും ഇതിനാല്‍ പിറ്റെന്നത്തെ പ്രാക്ടീസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രീതി പിന്നീട് കണ്ടെത്തി.
ഇതൊക്കെയാണ് സെമിയില്‍ ടീം തോല്‌ക്കാനുള്ള കാരണമായി പ്രീതി കരുതുന്നത്. താന്‍ സിനിമയോട് കാണിയ്‌ക്കുന്ന ആത്മാര്‍ഥതയെങ്കിലും കളിക്കാര്‍ക്ക് ക്രിക്കറ്റിനോട് കാണിച്ചൂടെയെന്നാണിപ്പോള്‍ താരം ചോദിയ്‌ക്കുന്നത്.


Click it and Unblock the Notifications











