ഇതിലും ഭേദം ടി വി സീരിയല്‍!
ഇതിലും ഭേദം ടി വി സീരിയല്‍!
വിഖ്യാതമായ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഷാജി എന്‍. കരുണിന്റെ വാനപ്രസ്ഥം കണ്ടതിന് ശേഷം ഒരു യൂറോപ്യന്‍ സംവിധായകന്‍ മോഹന്‍ലാലിന്റെ അടുത്തെത്തി. മോഹന്‍ലാലിനോട് സംവിധായകന്‍ പറഞ്ഞു: യു ആര്‍ ആന്‍ അക്ടര്‍ ബോണ്‍ ഇന്‍ ദ റോംഗ് സൈഡ് ഒഫ് ദ വേള്‍ഡ്
യൂറോപ്യന്റെ സുപ്പീ-രിയോരിറ്റി കോംപ്ലക്സെന്ന് നമുക്ക് വേണമെങ്കില്‍ നെറ്റിച്ചുളിക്കാം. എങ്കിലും മോഹന്‍ലാലിന് അത് അഭിനന്ദനത്തിന്റെ പൂച്ചെണ്ട് തന്നെ. എന്നാല്‍ കാനില്‍ ലോകോത്തര നടനെന്ന് വിശേഷിപ്പിക്കപ്പെട്ട മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെയാണ് എത്തിനില്‍ക്കുന്നത്?
അവതാര വേഷങ്ങളോടാണല്ലോ മോഹന്‍ലാലിന് ഇപ്പോള്‍ കമ്പം. നരസിംഹഅവതാരം ആടിതിമര്‍ത്ത് ഇപ്പോള്‍ പുതിയ അവതാര വേഷങ്ങളിലെത്തി നില്‍ക്കുന്ന മോഹന്‍ലാല്‍ അടുത്ത് അഭിനയിക്കാന്‍ പോകുന്ന ചിത്രം ആരുടേതെന്ന് അറിയാമോ? തുളസീദാസിന്റെ ചിത്രത്തില്‍.
തുളസീദാസിനെ ഓര്‍മയില്ലേ? അതെ, സില്‍ക്ക് സ്മിതയും നന്ദുവും കിടപ്പറ രംഗങ്ങളില്‍ തിമര്‍ക്കുന്ന ലയനം എന്ന ക്ലാസിക്കല്‍ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ. സില്‍ക്കിന്റെയും നന്ദുവിന്റെയും പ്രേക്ഷകരെ ചൂടുപിടിപ്പിക്കുന്ന മാദകരംഗങ്ങളുടെ ബിറ്റുകളുമായി കേരളത്തിലെ മൂന്നാം കിട തിയേറ്ററുകളില്‍ ഓടിയ ചിത്രത്തിന്റെ സംവിധായകന്‍.
തമാശയായിട്ടാണെന്ന് തോന്നുന്നു ഈയിടെ നിര്‍മാതാക്കള്‍ താരങ്ങള്‍ക്കേര്‍പ്പെടുത്തുന്ന വിലക്കിനെ പരാമര്‍ശിച്ചുകൊണ്ട് മോഹന്‍ലാല്‍ ഈയിടെ പറഞ്ഞു: എനിക്കാണെങ്കില്‍ ചിത്രങ്ങള്‍ കുറഞ്ഞുവരികയാണ്. സീരിയലില്‍ അഭിനയിക്കേണ്ടിവരികയാണെങ്കില്‍ ഇങ്ങനെ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ ഞാന്‍ എന്തു ചെയ്യും?
അത് തന്നെയായിരുന്നു ഭേദം. പത്മരാജന്റെയും സത്യന്‍ അന്തിക്കാടിന്റെയും സിബി മലയിലിന്റെയും ചിത്രങ്ങളില്‍ അവതരിപ്പിച്ച മറക്കാനാവാത്ത കഥാപാത്രങ്ങളില്‍ നിന്ന് നരസിംഹാവതാരത്തിലെത്തി ഇപ്പോള്‍ തുളസീദാസ് ചിത്രത്തിലേക്ക് വളരുന്നതിനേക്കാള്‍ ടി വി സീരിയലില്‍ അഭിനയിക്കുന്നതു തന്നെ ഭേദം.


Click it and Unblock the Notifications