For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അണ്ണാന്‍ വാ പൊളിച്ചാല്‍...

  By Staff
  |

  അണ്ണാന്‍ വാ പൊളിച്ചാല്‍...

  സിനിമ പിടിക്കുന്നതിന്റെ ചെലവ് കര്‍ശനമായും കുറയ്ക്കണമെന്നാണ് ഫിലിം ചേംബറിന്റെ ഉത്തരവ്. ഒരു ചിത്രത്തിന്റെ നിര്‍മാണ ചെലവ് പരമാവധി 85 ലക്ഷം രൂപയായി ചേംബര്‍ നിജപ്പെടുത്തുകയും ചെയ്തു. സിനിമ പിടിച്ച് നിര്‍മാതാവ് പാപ്പരാവാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയിലാണ് ചേംബര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

  സിനിമയുടെ ചെലവ് കുറയ്ക്കണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമുണ്ടാവാനിടയില്ല. എന്നാല്‍ 70 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ വാഴുന്ന മലയാള സിനിമിയില്‍ 85 ലക്ഷം രൂപയ്ക്ക് സിനിമ പിടിക്കണമെങ്കില്‍ വില പിടിച്ച താരമൊഴികെ മറ്റാരും പ്രതിഫലം പറ്റരുതെന്ന വ്യവസ്ഥ വയ്ക്കേണ്ടിവരും.

  സൂപ്പര്‍താരമില്ലാതെ സിനിമ പിടിക്കുന്നവരുടെ കാര്യത്തിലാണെങ്കില്‍ ഈ ചെലവ് കുറയ്ക്കല്‍ ഉത്തരവ് പ്രായോഗികമാക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്. എന്നാല്‍ മലയാള സിനിമയുടെ ഇപ്പോഴത്തെ ഒരു പോക്ക് വച്ച് നോക്കുമ്പോള്‍ ചേംബറിന്റെ ഉത്തരവ് ചേംബറിലെ അംഗങ്ങള്‍ക്ക് പാലിക്കാന്‍ വേണ്ടിയുള്ളതൊന്നുമല്ല എന്ന് വ്യക്തം.

  നിര്‍മാണ ചെലവ് കുറയ്ക്കണം, ചെലവ് കുറയ്ക്കണം എന്ന മുറവിളി ഉയരുന്നതിനിടയില്‍ തന്നെയാണ് ചില സംവിധായകര്‍ ധൂര്‍ത്തിന് പ്രേരിപ്പിക്കുന്നത്. ചെലവ് കുറയ്ക്കാനായി ഷൂട്ടിംഗ് ലൊക്കേഷനിലെ വാഹനങ്ങളുടെ എണ്ണം പോലും കുറയ്ക്കാന്‍ തയ്യാറാവുന്ന അണിയറപ്രവര്‍ത്തകരുണ്ടെങ്കിലും ചില സംവിധായകരുടെ കാര്യത്തില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. യുവതാരങ്ങളെ തങ്ങള്‍ നായകരാക്കുന്നത് ചെലവ് കുറയ്ക്കാന്‍ വേണ്ടിയാണെന്ന് വാചകമിറക്കുന്ന സംവിധായകര്‍ തന്നെയാണ് തങ്ങളുടെ ചിത്രങ്ങളുടെ ഗാനരംഗങ്ങള്‍ ചിത്രീകരിക്കാന്‍ യുവതാരങ്ങളെയും കൊണ്ട് വിയന്നയിലേക്കും ന്യൂസിലാന്റിലേക്കും പോവുന്നത്.

  മലയാളത്തില്‍ ഈയിടെ കണ്ട് തുടങ്ങിയ ഒരു പുതിയ പ്രവണതയാണിത്. തമിഴ് സിനിമയില്‍ ഗാനരംഗങ്ങള്‍ വിദേശത്തുവച്ച് ചിത്രീകരിച്ചില്ലെങ്കില്‍ സിനിമ തിയേറ്ററിലോടിക്കാന്‍ വിതരണക്കാരും തിയേറ്റര്‍ ഉടമകളും ഉണ്ടാവില്ലെന്നതാണ് സ്ഥിതി. കോടികള്‍ കൊണ്ട് സിനിമയുണ്ടാക്കുന്ന, തമിഴ്നാട്ടിലും പുറത്തുമുള്ള വലിയൊരു സിനിമാപ്രേക്ഷക വൃന്ദത്തെ ലക്ഷ്യമിട്ടൊരുക്കുന്ന തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ഗാനരംഗങ്ങള്‍ വിദേശത്തു വച്ച് ചിത്രീകരിക്കുന്നത് അധികച്ചെലവാണെന്ന് പറയാനാവില്ല. എന്നാല്‍ കേരളത്തിലെ പ്രേക്ഷകര്‍ തന്നെ കാണാന്‍ മടിക്കുന്ന, വല്ലവിധേനയും ഞരങ്ങിനീങ്ങി മുന്നോട്ടുപോവുന്ന മലയാള സിനിമയുടെ കാര്യത്തില്‍ അതാണോ സ്ഥിതി?

  ആന വാ പൊളിക്കുന്നത് കണ്ട് അതു പോലെ വാ പൊളിക്കാന്‍ ശ്രമിക്കുന്ന അണ്ണാന്റെ സ്ഥിതിയിലാണ് മലയാള സിനിമ. ചില സംവിധായകര്‍ക്ക് ഗാനരംഗങ്ങള്‍ തമിഴ് സിനിമാക്കാരെ പോലെ വിദേശത്തു വച്ച് ചിത്രീകരിച്ചാലേ മതിയാവൂ. സ്വപ്നക്കൂട് എന്ന ചിത്രത്തിലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചത് വിയന്നയില്‍ വച്ചാണ്. ചിത്രം ഹിറ്റായെങ്കിലും ലക്ഷങ്ങള്‍ ചെലവിട്ട് ചിത്രീകരിച്ച ഗാനരംഗങ്ങള്‍ ഇവിടെ പോണ്ടിച്ചേരിയിലോ ഗോവയിലെ ചിത്രീകരിച്ചിരുന്നുവെങ്കില്‍ സിനിമ പരാജയപ്പെട്ടുപോവുമായിരുന്നോ എന്ന് സംവിധായകന്‍ സ്വയം ചോദിച്ചുനോക്കണം.

  ബാങ്കോക്കിലാണ് റണ്‍വെ എന്ന ചിത്രത്തിലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചത്. ഇപ്പോഴിതാ സ്വപ്നക്കൂടിന്റെ സംവിധായകനായ കമലിന്റെ പുതിയ ചിത്രമായ മഞ്ഞുപോലൊരു പെണ്‍കുട്ടിയുടെ ഗാനരംഗങ്ങള്‍ ന്യൂസിലാന്റില്‍ ചിത്രീകരിക്കാന്‍ പോവുന്നു.

  ലോ ബഡ്ജറ്റ്, പുതുമുഖം എന്നൊക്കെ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്ന സംവിധായകരുടെ ഈ വിദേശ ചിത്രീകരണ കമ്പത്തിലെ അപകടം നിര്‍മാതാക്കള്‍ വൈകാതെ തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് നന്ന്. ചിത്രം പൊളിയുമ്പോഴായിരിക്കും വിയന്നയിലും ന്യൂസിലാന്റിലുമൊക്കെ ചെലവഴിച്ച നിമിഷങ്ങള്‍ നിര്‍മാതാവിനെ ദുസ്വപ്നം പോലെ പിന്തുടരുന്നത്. നിര്‍മാതാക്കള്‍ ജാഗ്രതൈ..

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X