മമ്മൂട്ടി രാജേഷ്ഖന്നയാവുമ്പോള്‍...
മമ്മൂട്ടി രാജേഷ്ഖന്നയാവുമ്പോള്‍...
നമ്മുടെ ചില സിനിമക്കാര്‍ പറയുന്നതു കേട്ടിട്ടില്ലേ, ഞാന്‍ സിനിമയുമായി പ്രണയത്തിലാണ്, എന്റെ പ്രണയം സിനിമയോടാണ് എന്നൊക്കെ. നമ്മുടെ സംവിധായകന്‍ കമലിന്റെയും സ്ഥിതി അതുതന്നെ. കാല്പനിക കഥകള്‍ പറയുന്ന പഴയ ഹിന്ദി സിനിമകളോടും ഹോളിവുഡ് സിനിമകളോടും കമലിന് ഒരു പ്രത്യേക പ്രണയം തന്നെയുണ്ട്.
ഹിന്ദി സിനിമകളോടും ഹോളിവുഡ് സിനിമകളോടുമുള്ള പ്രണയം മൂര്‍ച്ഛിക്കുമ്പോള്‍ കമല്‍ വല്ലാതങ്ങ് ക്രീയേറ്റീവാകും. എന്തുകൊണ്ട് ഇതു പോലൊരു സിനിമ മലയാളത്തിലുമുണ്ടാക്കിക്കൂടാ എന്ന ചിന്തയും അതോടൊപ്പം ജനിക്കും. കാല്പനികതയുടെ കാമുകന്‍ എന്നൊക്കെ സിനിമയുടെ പരസ്യവാചകങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെയീ കമല്‍ തുടര്‍ന്ന് തന്റെ അഗാധപ്രണയത്തിന്റെ സന്തതികളുമായെത്തും.
ത്രീമെന്‍ ആന്റ് എ ബേബി എന്നൊരു സിനിമ ഹോളിവുഡിലുണ്ടായിട്ടുണ്ട്. പ്രശസ്തമായ ആ ചിത്രം സിനിമയോട് താത്പര്യമുള്ള മലയാളികളും കണ്ടിട്ടുള്ളതാണ്. പക്ഷേ ഹോളിവുഡ് സിനിമയുമായുള്ള തന്റെ പ്രണയത്തിന് പുതിയ മാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന സംവിധായകന്റെ ചിന്ത കേരളത്തില്‍ നിന്ന് ആ ചിത്രം കണ്ടിട്ടുള്ളത് താന്‍ മാത്രമാണെന്നാണ്. അങ്ങനെയാണ് ആ പ്രണയസൃഷ്ടി മലയാളത്തില്‍ ജനിച്ചത്-തൂവല്‍സ്പര്‍ശം.
മൂന്ന് യുവാക്കളുടെയും അവരുടെ ജീവിതത്തിലേക്ക് യാദൃശ്ചികമായെത്തിപ്പെടുന്ന കൊച്ചുകുഞ്ഞിന്റെയും കഥ പറയുന്ന ത്രീമെന്‍ ആന്റ് എ ബേബി നനുത്ത തൂവല്‍സ്പര്‍ശമായി മലയാളത്തിലെത്തി. ഹോളിവുഡ് സിനിമയുമായുള്ള പ്രണയപാരവശ്യത്തിന്റെ സൃഷ്ടി.
ഗോസ്റ് എന്ന ഹോളിവുഡ് ചിത്രവും പ്രശസ്തമാണ്. ഹോളിവുഡിലെ ആ പ്രേതചിത്രവുമായും കമല്‍ പ്രണയത്തിലകപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ആയുഷ്കാലം എന്ന മലയാളചിത്രം പിറന്നുവീണത്. കാല്പനികതയുടെ കാമുകന്‍മാര്‍ അങ്ങനെയാണ്. അവരുടെ പ്രണയം പുതിയ പകര്‍പ്പുസൃഷ്ടികള്‍ക്കു ജന്മം നല്‍കുന്നു.
ഇടക്ക് ഹോളിവുഡ് സിനിമയോടുള്ള പ്രണയം മതിയാക്കി എഴുപതുകളിലെ ഹിന്ദി സിനിമയിലേക്ക് നമ്മുടെ സംവിധായകന്‍ പുതിയ പ്രണയച്ചാലുകള്‍ കീറിനോക്കി. പ്രണയം തളിര്‍ക്കാനും പൂവിടാനുമുള്ള വന്‍സാധ്യതകളാണ് കാല്പനികതയുടെ കാമുകന്‍ അവിടെ കണ്ടത്. പ്രണയമൂര്‍ച്ഛക്കൊടുവിലെ ആ മഹത്സൃഷ്ടിയുടെ പിറവികര്‍മത്തിന് സാക്ഷ്യം വഹിക്കാനായി അദ്ദേഹം ടി. എ. റസാക്ക് എന്ന തിരക്കഥാകൃത്തിനെയും ഒപ്പം കൂട്ടി. ആ സൃഷ്ടി രാപ്പകല്‍ എന്ന പേരില്‍ ഏപ്രില്‍ 24ന് തിയേറ്ററുകളിലെത്തും.
ഗോസ്റാണ് ആയുഷ്കാലമെന്നും ത്രീമെന്‍ ആന്റ് എ ബേബിയാണ് തൂവല്‍സ്പര്‍ശമെന്നും എത്ര പറഞ്ഞാലും കാല്പനികതയുടെ ഈ കാമുകന്‍ സമ്മതിച്ചുതന്നുവെന്നു വരില്ല. അതുപോലെ എഴുപതുകളില്‍ പുറത്തിറങ്ങിയ ബാവര്‍ച്ചി എന്ന സിനിമയെയും രാജേഷ് ഖന്നയെയും പറ്റി ചോദിച്ചാല്‍ അതേതു ചിത്രം, അങ്ങനെയൊരു നടനുണ്ടോ എന്ന് തിരിച്ചുചോദിക്കാനുള്ള തയ്യാറെടുപ്പൊക്കെ കാമുകനും അദ്ദേഹത്തിന്റെ കൂട്ടുകാരനായ റസാക്കും നടത്തിയിട്ടുണ്ടാവണം.
എങ്കിലും ബാവര്‍ച്ചി എന്ന ചിത്രത്തെ പറ്റി സിനിമയോട് താത്പര്യമുള്ളവര്‍ക്ക് അറിയാമായിരിക്കുമല്ലോ. ഹൃഷികേശ് മുക്കര്‍ജി സംവിധാനം ചെയ്ത ചിത്രം. രാജേഷ് ഖന്ന നായകന്‍. ഒരു വലിയ വീട്ടിലെ പാചകക്കാരനായി പണി ചെയ്യുന്ന നായകന് ആ വീടുമായി വല്ലാത്തൊരു ആത്മബന്ധം. ആ വീട്ടിലെ ഗൃഹനായികയായ പ്രായം ചെന്ന സ്ത്രീക്ക് അയാള്‍ ഒരു മകനെ പോലെ. ആ വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അയാള്‍ മുമ്പിലുണ്ടാകും. രാജേഷ് ഖന്ന തകര്‍ത്ത് അഭിനയിച്ച് അവിസ്മരണീയമാക്കിയ വേഷമാണ് ബാവര്‍ച്ചിയിലെ കേന്ദ്രകഥാപാത്രം.
ഇനി രാപ്പകല്‍ എന്ന മഹത്സൃഷ്ടിയിലേക്കു നോക്കുക. കൃഷ്ണമംഗലം കോവിലകത്തെ കൃഷ്ണന്‍കുട്ടി എന്ന പാചകക്കാരന്‍. അയാള്‍ക്ക് ആ വീടുമായി ആത്മബന്ധം. അയാളെ മകനെ പോലെ സ്നേഹിക്കുന്ന അവിടുത്തെ ഗൃഹനായികയായ സരസ്വതിയമ്മ. വിദേശത്ത് കഴിയുന്ന ബന്ധുക്കള്‍ക്കെല്ലാം കൃഷ്ണനെ വലിയ കാര്യമാണ്. ആ വീട്ടിലെ എന്തു കാര്യത്തിനും അയാള്‍ മുമ്പിലുണ്ടാകും. രാജേഷ്ഖന്നക്കു പകരം ഇവിടെ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത് മമ്മൂട്ടി.
ബാവര്‍ച്ചിയും രാപ്പകലും തമ്മിലെന്തു ബന്ധമെന്ന് കാല്പനികതയുടെ കാമുകന്‍ ഇനിയും ചോദിച്ചേക്കാം. ഹോളിവുഡ് സിനിമകള്‍ മാത്രമല്ല എഴുപതുകളിലെ ഹിന്ദി സിനിമകളും കാണുന്ന മലയാളികള്‍ താനും തിരക്കഥാകൃത്ത് ടി. എ. റസാക്കും മാത്രമാണെന്നാണല്ലോ അദ്ദേഹത്തിന്റെ ചിന്ത.


Click it and Unblock the Notifications