twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനും വേണം അവാര്‍ഡ്

    By Staff
    |

    ദിലീപിനും വേണം അവാര്‍ഡ്

    അങ്ങനെ ദിലീപും അവാര്‍ഡ് സിനിമ നിര്‍മിക്കുന്നു. അവാര്‍ഡ് സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അത് നിര്‍മിക്കുക കൂടി ചെയ്തേ പറ്റൂവെങ്കില്‍ പിന്നെന്തു ചെയ്യും? അവാര്‍ഡാണല്ലോ പ്രധാനം.

    മലയാളത്തിലെ നടിമാരുടെ കാര്യത്തില്‍ അവാര്‍ഡ് എന്നത് പലപ്പോഴും ഭാഗ്യം പോലെ തേടിയെത്തുന്നതാണ്. അവാര്‍ഡിനായി പ്രത്യേകിച്ചെന്തെങ്കിലും പ്രയത്നം അവരുടെ ഭാഗത്തു നിന്നുണ്ടാവേണ്ട കാര്യമില്ല. ആദ്യചിത്രത്തിന് (നഖക്ഷതങ്ങള്‍) തന്നെ മികച്ച നടിക്കുള്ള ഉര്‍വശി പട്ടം മോണിഷയെ തേടിയെത്തി. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിനായി ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ ഈ ആദ്യചിത്രത്തിലെ അഭിനയത്തിന് തന്നെ സംസ്ഥാന അവാര്‍ഡ് തന്നെ നേടിയെത്തുമെന്ന് സംയുക്താവര്‍മ സ്വപ്നം കണ്ടിരിക്കാന്‍ പോലുമിടയില്ല.

    നടിമാരുടെ കാര്യത്തില്‍ അവാര്‍ഡ് വന്നുപെടുന്നത് അങ്ങനെയൊക്കെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ലോട്ടറി പോലെ. എന്നാല്‍ നടന്‍മാരുടെ കാര്യത്തില്‍ സ്ഥിതി നേരെ തിരിച്ചുമാണ്.

    എന്തെല്ലാം കഷ്ടങ്ങളാണ് ഒരു അവാര്‍ഡ് തരപ്പെടുത്താന്‍ വേണ്ടി അവര്‍ സഹിക്കേണ്ടത്. തരക്കേടില്ലാത്ത സിനിമയായാലോ നല്ല കഥാപാത്രമായാലോ അവാര്‍ഡ് കിട്ടണമെന്നില്ല. അതിന് സമാന്തര സിനിമ എന്ന് വിളിക്കെപ്പടുന്ന വിഭാഗം സിനിമകളില്‍ തന്നെ അഭിനയിക്കണം. അഭിനയിച്ചാല്‍ മാത്രം മതിയോ ആ ചിത്രങ്ങള്‍ ഉണ്ടാക്കാനുള്ള പണം ചെലവഴിക്കുകയും വേണം. കച്ചവട സിനിമയില്‍ ഉയര്‍ന്ന പ്രതിഫലത്തിന് വേണ്ടി തല്ലുകൂടുന്ന സൂപ്പര്‍താരങ്ങള്‍ സമാന്തര സിനിമയില്‍ അഭിനയിക്കുമ്പോള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കണം. പ്രതിഫലമേ വേണ്ട. ചിത്രം നിര്‍മിക്കുകയും ചെയ്യാം. അവാര്‍ഡ് കിട്ടിയാല്‍ മതി എന്നൊരു പ്രാര്‍ഥന മാത്രം.

    സമാന്തര സിനിമയെന്ന് കേള്‍ക്കുമ്പോള്‍ സിനിമ പിടിക്കാന്‍ ചെലവ് കാര്യമായി വരില്ല എന്ന് തെറ്റിദ്ധരിക്കരുത്. സിനിമ നിര്‍മിക്കുന്നത് സൂപ്പര്‍താരമാണെങ്കില്‍ അത് ഷൂട്ട് ചെയ്യുന്നതിന് സാധാരണ ക്യാമറയൊന്നും പോരയെന്ന് പറഞ്ഞുകളയും ചില സമാന്തര സിനിമക്കാര്‍. വാനപ്രസ്ഥം എന്ന ചിത്രം ദിവസം ഒരു ലക്ഷം രൂപ വാടകയുള്ള പാനാവിഷന്‍ ക്യാമറ ഇറക്കുമതി ചെയ്താണ് നിര്‍മിച്ചത്.

    കളിയാട്ടം എന്നൊരു ചിത്രം നിര്‍മ്മിയ്ക്കാന്‍ ഓഹരിയിട്ടാണ് സുരേഷ് ഗോപി ദേശീയ അവാര്‍ഡ് തരപ്പെടുത്തിയത്. ദേശീയ അവാര്‍ഡ് കിട്ടിയാല്‍ അത് വാങ്ങാന്‍ പോവുമ്പോള്‍ ചുമ്മാ പോയാല്‍ മതിയോ. അവാര്‍ഡ് കിട്ടുമെന്നുറപ്പുള്ളതിനാല്‍ നല്ലൊരു സ്റൈലന്‍ കോട്ട് തയ്പിച്ചുവച്ചു അവാര്‍ഡ് വാങ്ങല്‍ ചടങ്ങിന് പോവുമ്പോള്‍ ഇടുന്നതിനായി.

    അത് പോലൊരു കോട്ട് ദിലീപും തയ്പിച്ചുവച്ചുവെന്നാണ് കേള്‍ക്കുന്നത്. ടി. വി. ചന്ദ്രന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന ദിലീപ് തന്നെയാണ് ആ ചിത്രം നിര്‍മിക്കുന്നതും. ഇത്രയും കാലം കഷ്ടപ്പെട്ട് ഉണ്ടാക്കിയ കുറെ കാശ് പോയാലെന്ത്, അവാര്‍ഡ് കിട്ടുന്നത് വല്ലപ്പോഴുമുണ്ടാവുന്ന ചരിത്രസംഭവമല്ലേ.

    ഏതായാലും ദിവസം ഒരു ലക്ഷം രൂപ വാടക കൊടുത്ത് വാനപ്രസ്ഥമുണ്ടാക്കി ദേശീയ അവാര്‍ഡ് തരപ്പെടുത്തിയ മോഹന്‍ലാലിന് സമാന്തര സിനിമയും അവാര്‍ഡുമൊക്കെ അതോടെ മടുത്തുവെന്നാണ് കേട്ടത്. താനിനി അത്തരം സിനിമ പിടിക്കാനില്ലെന്നാണ് മൂപ്പര്‍ പ്രഖ്യാപിച്ചത്. കൈയിലെ കാശ് കുറെയങ്ങ് പോയിക്കിട്ടിയപ്പോള്‍ ഈ ദേശീയ അവാര്‍ഡിലൊന്നും വലിയ കാര്യമില്ലെന്ന് തോന്നിക്കാണണം.

    എല്ലാ കാര്യത്തിലും ലാലിന്റെ പാതയിലാണ് ദിലീപെന്നാണ് പറയാറ്. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും സിനിമ നിര്‍മിക്കാനുള്ള പ്ലാനിന്റെ കാര്യത്തിലാണെങ്കിലും ഒരു കൊച്ചുലാലാണ് ദിലീപ്. ടി. വി. ചന്ദ്രന്റെ ചിത്രം നിര്‍മിച്ചുകഴിയുമ്പോള്‍ ലാലിനെ പോലെ ഒന്നും വേണ്ടായിരുന്നുവെന്നൊരു തോന്നല്‍ ദിലീപിനുമുണ്ടാവുമോ?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X