മണിയും ചില അവാര്‍ഡ് സ്വപ്നങ്ങളും
മണിയും ചില അവാര്‍ഡ് സ്വപ്നങ്ങളും
ഞാനൊരു ലക്ഷണമൊത്ത നടനല്ലെന്നും തനിക്ക് തീരെ പക്വത ഇല്ലെന്നും അവസാനം കലാഭവന്‍ മണി സമ്മതിച്ചിരിക്കുന്നു..! വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സംസ്ഥാന അവാര്‍ഡിന്റെ പേരില്‍ മോഹന്‍ലാലിനോടു തന്നെ ഏറ്റുമുട്ടി ബോധംകെട്ടുപോയ മണിക്ക് എന്തേ ബുദ്ധിയുദിക്കാന്‍ വൈകി എന്നാണ് ഇപ്പോള്‍ അടുപ്പമുള്ളവര്‍ ചോദിക്കുന്നത്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ അന്ധനായ രാമുവിനെ അവതരിപ്പിച്ചപ്പോഴാണ് മണിക്ക് പക്വത തീരെ ഇല്ലെന്ന് മലയാളികളും സിനിമാക്കാരും മനസ്സിലാക്കിയത്. എല്ലാവരും പറഞ്ഞു പറഞ്ഞ് ഒരു അവാര്‍ഡിന് ഏറെ കൊതിച്ചുപോയ മണിയെ കുറ്റം പറയാനാവില്ലല്ലോ... അവാര്‍ഡും കൊണ്ട് ലാലേട്ടന്‍ പോയി എന്നറിഞ്ഞപ്പോള്‍ മണിക്ക് ആദ്യം പോയത് ബോധമാണ്.
പിന്നെ അത് തിരിച്ചുകിട്ടിയപ്പോള്‍ മണി പരാതിയുടെ കെട്ടഴിക്കുകയായി... ലാലേട്ടനും മമ്മുക്കയ്ക്കും എപ്പോള്‍ വേണമെങ്കിലും അവാര്‍ഡുകള്‍ നേടാവുന്നതല്ലേ... വിനയേട്ടനെപ്പോലുള്ളവര്‍ വലിച്ചുനീട്ടുന്ന ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഇനി എന്റെ ജീവിതത്തില്‍ ഉണ്ടാവുമോ... ശരിയല്ലേ... ഇതൊക്കെ അന്ന് ജൂറി പരിഗണിക്കേണ്ടതായിരുന്നില്ലേ... നമ്മുടെ പാവം മണിക്ക് ഇങ്ങനെയുള്ള അവസരം വല്ലപ്പോഴുമല്ലേ ലഭിക്കുകയുള്ളൂ...
പക്ഷെ എന്തുപറയാന്‍ മണിക്ക് വീണ്ടും അതേ പോലുള്ള വേഷങ്ങള്‍ വിനയേട്ടന്‍ തന്നെ കൊണ്ടുകൊടുത്തിരിക്കുന്നു. കരുമാടിക്കുട്ടനില്‍ മന്ദബുദ്ധിയായി മണി നിറഞ്ഞു നില്‍ക്കുകയല്ലേ. വീണ്ടും അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ മാത്രം പ്രകടനമൊക്കെ മണി ഈ ചിത്രത്തിലും കാട്ടിക്കൂട്ടിയിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രം അവാര്‍ഡ് കൈപ്പിടിയിലൊതുങ്ങുകയില്ലല്ലോ...
അവാര്‍ഡിന് പരിഗണിക്കപ്പെടുമ്പോള്‍ ജൂറി അറിയാതെയെങ്ങാനും മണിയുടെ ഭൂതകാലം ചികഞ്ഞു നോക്കിപ്പോയാലോ. (കഴിഞ്ഞ തവണ ഒരു ജൂറി അംഗം മണിയുടെ ഭൂതകാലത്തിലേക്ക് നൂണ്ടിറങ്ങിയതാണത്രെ പ്രശ്നമായത്. അതുകൊണ്ടാണല്ലോ അദ്ദേഹത്തിന്റെ അന്ധപ്രകടനം ഒരു മിമിക്രിയായിപ്പോയതും.) ഇത്തവണ അതു പാടില്ല. അവാര്‍ഡ് കിട്ടാഞ്ഞതിനാല്‍ തനിക്ക് ബോധം പോയിപ്പോയിരുന്നുവെന്ന് ജൂറിയെങ്ങാനും അറിഞ്ഞാല്‍ പോയില്ലേ... മാനവും അടുത്ത അവാര്‍ഡ് സ്വപ്നവും.
എന്തായാലും മണി പക്വതയുള്ളവനും അഭിനയം അറിയാത്തവനുമാണെന്ന് ഇനി ജൂറിക്ക് ബോധ്യപ്പെടാന്‍ അധികം സമയമൊന്നും വേണ്ട. ഒരു മിമിക്രിക്കാരനില്‍ നിന്ന് അഭിനയം അറിയാത്ത കലാകാരനിലേക്ക് മണി ഉയര്‍ന്നല്ലോ... തീര്‍ച്ചയായും അടുത്ത അവാര്‍ഡില്‍ അര്‍ഹമായത് മണിക്ക് കിട്ടും.


Click it and Unblock the Notifications