നന്ദനം അനുഭവിക്കുന്ന സവാരി ഗിരിഗിരികള്‍

By Staff

നന്ദനം അനുഭവിക്കുന്ന സവാരി ഗിരിഗിരികള്‍

നന്ദനത്തിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? മൂന്നാം പ്രാവശ്യമാണ് നന്ദനത്തിന്റെ റിലീസിംഗ് മാറ്റിവയ്ക്കുന്നത്. ടിവി ചാനലുകളിലാണെങ്കില്‍ ക്ലിപ്പിംഗുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. കോഴിയ്ക്കു വരുമെന്നു കരുതുന്ന അവയവം പോലെ നന്ദനം തീയേറ്റുകളില്‍ മരീചികയായി തുടരുന്നു.

രാവണപ്രഭുവിന്റെ അത്ഭുത വിജയത്തിനു ശേഷം സ്ഥിരം ഫോര്‍മുലയില്‍ നിന്നൊരു വഴിമാറലായിരുന്നു രഞ്ജിത്തിന് നന്ദനം. ഇളകിയാടുന്ന തമ്പുരാന്‍ കഥാപാത്രങ്ങളില്‍ നിന്നൊരു മോചനം. ചവച്ചു പഴകിയ ദേവാസുര വേഷങ്ങളില്‍ നിന്നൊരു ഭാവപ്പകര്‍ച്ച.

ഇനിയൊരു ഒരു കൊച്ചു പ്രണയകഥയാകട്ടെ എന്നു തീരുമാനിച്ചത് അങ്ങനെയാണ്. രഞ്ജിത്ത് നിര്‍മ്മാണവേഷവും കെട്ടിയ നന്ദനത്തിന്റെ സഹനിര്‍മ്മാതാവായി നടന്‍ സിദ്ധിഖും കൂടെക്കൂടി. താരനിര്‍ണയവും കഥയും തിരക്കഥയും ഷൂട്ടിംഗുമൊക്കെ ശരവേഗത്തില്‍ നടന്നു. സുകുമാര പുത്രന്‍ പ്രിഥ്വിരാജിന്റെ ആദ്യ ചിത്രമെന്ന നിലയിലും നന്ദനം പുറത്തു വരാന്‍ ജനം കണ്ണിമച്ചു കാത്തിരുന്നു.

ഡബിംഗ് തുടങ്ങി എല്ലാ പോസ്റ് പ്രൊഡക്ഷന്‍ വര്‍ക്കും കഴിഞ്ഞിട്ടും നന്ദനം ഇപ്പോഴും പെട്ടിയിലിരിപ്പാണ്. ചിത്രത്തിന്റെ പ്രിവ്യൂ കണ്ടവരൊക്കെ പറഞ്ഞത് മികച്ച അഭിപ്രായം. മലയാളത്തില്‍ പ്രണയകഥകളുടെ മലവെളളപ്പാച്ചിലിന് നന്ദനം വഴിയൊരുക്കുമെന്ന് എല്ലാരും ഒരു സ്വരത്തില്‍ പറഞ്ഞു.

ജനം കാത്തിരുന്നു. കൊളളാവുന്ന ഒരു പ്രണയകഥ കൊണ്ടാടാന്‍. ഫലമെന്ത്? വരുന്നു വരുന്നു എന്നു പറയുന്നതല്ലാതെ നന്ദനം വരുന്നില്ല. എവിടെയാണ് പിഴച്ചത്? ആരാണ് നന്ദനത്തിന്റെ വരവ് മുടക്കുന്നത്?

നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുളള തര്‍ക്കമാണത്രേ നന്ദനം മുടങ്ങാന്‍ കാരണം. നിര്‍മ്മാതാക്കളെന്നു പറഞ്ഞാല്‍ നടന്‍ സിദ്ധിഖും സംവിധായകന്‍ രഞ്ജിത്തും ഒരു വശത്തും വിതരണക്കാരായ കോക്കേഴ്സ് ഫിലിംസ് മറുവശത്തും.

കോക്കേഴ്സ് ഫിലിംസ് നേരത്തെ വിതരണം ചെയ്ത ചില ചിത്രങ്ങളുടെ പരാജയം സൃഷ്ടിച്ച ബാദ്ധ്യതയാണ് ചിത്രം മുടങ്ങാനുളള ആദ്യ കാരണം. കോക്കേഴ്സ് തന്നു തീര്‍ക്കാനുളള തുക മുഴുവന്‍ തന്നിട്ട് പുതിയ ചിത്രം വിതരണം ചെയ്താല്‍ മതിയെന്ന് തീയേറ്റര്‍ ഉടമകള്‍ കടുംപിടുത്തം പിടിച്ചു. ഫലം നന്ദനത്തിന്റെ റിലീസിംഗ് പറഞ്ഞ തീയതിയില്‍ നടന്നില്ല.

പിന്നീടായിരുന്നു കാര്യങ്ങള്‍ ശരവേഗത്തില്‍ സവാരി ഗിരിഗിരിയായത്. ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനം കഴിഞ്ഞതോടെ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാതെയായി. ചിത്രത്തെക്കുറിച്ച് വന്‍ അഭിപ്രായം. അഭിപ്രായത്തില്‍ പടം സൂപ്പര്‍ ഹിറ്റ്.

റിലീസിംഗിനു മുമ്പേ ചിത്രം തമിഴില്‍ നിര്‍മ്മിക്കാന്‍ സ്വര്‍ഗചിത്ര അവകാശം വാങ്ങി. സംവിധാനം ചെയ്യാന്‍ രഞ്ജിത്തിനെത്തന്നെ ഏല്‍പ്പിച്ചു. തെലുങ്കില്‍ നിര്‍മ്മാക്കാനും ആളെത്തി, വില്‍പനയും നടന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പാണ് ഈ സംഭവമത്രയുമെന്ന് പ്രത്യേകം ഓര്‍ക്കുക. മുടക്കിയതിലും ഇരട്ടി പണം റിലീസിനു മുമ്പേ രഞ്ജിത്തിനും സിദ്ധിഖിനും കിട്ടി.

ചിത്രം തീയേറ്ററിലെത്തിയ്ക്കാന്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും വട്ടമേശമേല്‍ യോഗം ചേര്‍ന്നു. നിര്‍മ്മാതാക്കളുടെ വിധവും മാറി. ചിത്രത്തിന്റെ മാറിയ മാര്‍ക്കറ്റ് വാല്യു അനുസരിച്ച് കരാര്‍ പുതുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കൂടിയ തുകയ്ക്ക് നന്ദനം വിതരണം ചെയ്യാന്‍ മറ്റു വിതരണക്കാര്‍ ക്യൂ നില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാണവേളയിലുടനീളം നിര്‍മ്മാതാക്കള്‍ക്കൊപ്പം സഹകരിച്ച കോക്കേഴ്സ് ഫിലിംസിന് ഈ നിര്‍ദ്ദേശം സ്വീകാര്യമാകാത്തത് സ്വാഭാവികം. നാലു പേര്‍ നല്ലതു പറഞ്ഞെന്നു വച്ച് വിതരണക്കാരനെ മാറ്റാമോ? ഏതു വ്യാപാരത്തിനും വേണ്ടേ സാര്‍ ഒരു ന്യായവും നീതിയും.

നിര്‍ദ്ദേശം തളളപ്പെട്ടപ്പോള്‍ നിര്‍മ്മാതാക്കള്‍ അടുത്ത അടവിറക്കി. മിനിമം ഗ്യാരണ്ടി നിശ്ചയിച്ച് നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാകുന്ന തരത്തില്‍ കരാര്‍ പൊളിച്ചെഴുതണം. എന്നു വച്ചാല്‍ പടം കണ്ട നാലു പേരുടെ നല്ല അഭിപ്രായം കേട്ടപ്പോള്‍ നിര്‍മ്മാതാക്കളുടെ (അതായത് സംവിധായക - നടന്‍മാരുടെ) സ്വഭാവമേ മാറിയെന്ന് ചുരുക്കം.

എങ്ങനുണ്ട് സംവിധായകപ്രഭുവിന്റെ രാവണകല. മറ്റു വിതരണക്കാര്‍ പഠിക്കേണ്ട ഗുണപാഠം രണ്ടുണ്ട് ഈ കഥയില്‍. അവയിങ്ങനെ സംഗ്രഹിക്കാം.

1. റിലീസിംഗിനു ശേഷം മാത്രമേ അന്യാഭാഷയില്‍ ഇതേ ചിത്രം നിര്‍മ്മിക്കാനുളള അവകാശം വില്‍ക്കാന്‍ പാടുളളൂ. ഇല്ലെങ്കില്‍ നിര്‍മ്മാതാക്കള്‍, അവര്‍ സംവിധായകനും നടനുമാണെങ്കില്‍ പ്രത്യേകിച്ച്, അഹങ്കാരത്തിന്റെ നരസിംഹാവതാരമാകും.

2. കൃത്യ സമയത്ത് റിലീസിംഗ് ഉറപ്പുണ്ടെങ്കില്‍ മാത്രം പ്രിവ്യൂ നടത്തുക. ഇല്ലെങ്കില്‍ പ്രിവ്യൂ അനന്തമായി നീട്ടുക. കാരണം പ്രിവ്യു കണ്ട് നാലു പേര്‍ നല്ലതു പറഞ്ഞാല്‍ നിര്‍മ്മാതാക്കള്‍, അവര്‍ സംവിധായകനും നടനുമാണെങ്കില്‍ പ്രത്യേകിച്ച്, നിലവിലുളള വിതരണക്കാരനോട് ശംഭോ മഹാദേവ, വഴിമാറിത്താ ആശാനേ എന്നു പറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X