മൂസയും മുത്തുവും
മൂസയും മുത്തുവും
ഒന്നുകില്‍ ആര്‍ത്തു ചിരിക്കുക... അല്ലെങ്കില്‍ കരഞ്ഞു കണ്ണീര്‍ വറ്റിക്കുക...രണ്ടായാലും അതിനുള്ള വക സിനിമയില്‍ വേണ്ടുവോളമുണ്ടെങ്കില്‍ പ്രേക്ഷകര്‍ തിയേറ്ററിലെത്തിക്കോളും. അതിന് പേമാരി പോലും പ്രേക്ഷകര്‍ക്ക് തടസമായെന്നുവരില്ല. എത്രനേരം വേണമെങ്കിലും മഴയത്ത് ക്യൂ നിന്ന് ടിക്കറ്റുകളെടുത്ത് തിയേറ്ററുകള്‍ അവര്‍ ഹൗസ് ഫുള്ളാക്കിക്കോളും.
കേരളം മുഴുവന്‍ പേമാരി ആര്‍ത്തലക്കുന്നതിനിടയിലാണ് ഒരു നടനെയും ഒരു സംവിധായകനെയും സംബന്ധിച്ചിടത്തോളം പ്രസ്റീജ് പ്രശ്നമായ രണ്ട് ചിത്രങ്ങള്‍ റിലീസിംഗിനെത്തിയത്- ദിലീപ് നായനാവുകയും നിര്‍മിക്കുകയും ചെയ്യുന്ന സി ഐ ഡി മൂസ, വിനയന്‍ സംവിധാനം ചെയ്യുന്ന മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും. ദിലീപിനെ സംബന്ധിച്ചിടത്തോളം താന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം. ചെലവ് മൂന്ന് കോടി. ചിത്രം പൊട്ടിയാല്‍ ദിലീപിന്റെ തന്നെ ഭാഷയില്‍ താന്‍ സിനിമ നിര്‍മിക്കുന്നതു തീരെ സുഖിക്കാത്ത ചില ശത്രുക്കള്‍ക്ക് ആര്‍ത്തുചിരിക്കാന്‍ വകയായി. വെള്ളത്തിലാവുന്നത് മൂന്ന് കോടിയും.
ഹിറ്റ് മേക്കറായ വിനയന്റെ കാര്യത്തിലാവട്ടെ വിജയങ്ങളുടെ തുടര്‍ച്ചക്ക് ശേഷം എട്ടുനിലയില്‍ പൊട്ടിയ കാട്ടുചെമ്പകത്തില്‍ കൈ പൊള്ളിയതിന് ശേഷം ഒരുക്കുന്ന ചിത്രം. ഇതു കൂടി പരാജയമായാല്‍ മെനക്കെട്ടുണ്ടാക്കിയ ഹിറ്റ്മേക്കര്‍ പദവി പേമാരിക്കൊപ്പം ഒലിച്ചുപോവും.
പക്ഷേ ദിലീപിന്റെയും വിനയന്റെയും ആശങ്കകള്‍ തീര്‍ത്തും അസ്ഥാനത്തായി. സിനിമാ വ്യവസായത്തെ ബാധിക്കുന്ന ഒരു ഘടകമേയല്ല പേമാരിയെന്ന് ഇരുവര്‍ക്കും ബോധ്യമായി. രണ്ട് സിനിമകളും പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ റിലീസിംഗിന്റെ അന്ന് മുതല്‍ തിരക്കോട് തിരക്ക്. ഒരു വ്യത്യാസം മാത്രം. മൂസ കളിക്കുന്ന തിയേറ്ററുകളില്‍ ഇടവേളക്ക് പുറത്തിറങ്ങുമ്പോള്‍ പോലും പ്രേക്ഷകര്‍ ചിരിച്ചുകൊണ്ടിരിക്കുന്നു. മുത്തു ഓടുന്ന തിയേറ്ററുകളില്‍ നിന്ന് സിനിമ കണ്ടിറങ്ങുന്നവരുടെ മുഖങ്ങളില്‍ ആണ്‍പെണ്‍ഭേദമില്ലാതെ കണ്ണീരൊട്ടി മുഖം വിഷാദഭാവം പടര്‍ന്നിരിക്കുന്നു.
സി ഐ ഡി മൂസ കണ്ടിറങ്ങുന്നവരോട് എന്താണ് സിനിമയുടെ കഥയെന്ന് ചോദിച്ചാല്‍ പെട്ടെന്ന് മറുപടി പറയാനാവാതെ കുഴങ്ങുന്നത് കാണാം. അങ്ങനെയൊരു കഥയൊന്നുമില്ലെന്ന് മറുപടിയും പറഞ്ഞെന്നുംവരും. ഇങ്ങനെ കഥയില്ലാത്ത സിനിമ കാണാനാണോ ആളുകള്‍ ഇങ്ങനെ തിക്കിതിരക്കുന്നതെന്ന് അത്ഭുതം കൂറേണ്ട. കഥയില്ലെങ്കിലെന്ത്, ചിരിക്കാമല്ലോ എന്നാണ് സിനിമ കണ്ടിറങ്ങുന്നവര്‍ പറയുന്നത്.
രണ്ടര മണിക്കൂര്‍ ആര്‍ത്തുചിരിക്കാനായാല്‍ മതി. ആ ചിരിക്ക് കാമ്പുണ്ടാവണമെന്നില്ല. സിനിമക്ക് കഥയുണ്ടാവണമെന്നുമില്ല. എന്തു കണ്ടിട്ടാണ് തങ്ങളിങ്ങനെ ആര്‍ത്തുചിരിക്കുന്നതെന്ന് സ്വയം ചോദിക്കാന്‍ മാത്രം പ്രേക്ഷകര്‍ വളരാത്തിടത്തോളം സി ഐഡി വേഷങ്ങളിങ്ങനെ പേമാരിയിലുമെത്തികൊണ്ടിരിക്കും.
മറ്റേ തിയേറ്ററിലാണെങ്കില്‍ വികലാംഗയായ മീരയെയും അവളുടെ ദു:ഖത്തില്‍ മനംനൊന്ത് സ്വപ്നം കാണുന്ന മുത്തുവിനെയും കണ്ട് പ്രേക്ഷകര്‍ക്കിടയിലെ സ്ത്രീപുരുഷ വ്യത്യാസമില്ലാതാക്കുന്ന വിധത്തില്‍ തേങ്ങല്‍ മുഴങ്ങികൊണ്ടിരിക്കുകയാണ്. പൈങ്കിളി നോവല്‍ വായനക്കാരുടെ വായനാശീലമില്ലാതാക്കിയ ടിവി സീരിയലുകള്‍ക്ക് മുന്നില്‍ ചടഞ്ഞുകൂടിയിരുന്നവരെ തിയേറ്ററുകളിലെത്തിക്കുന്നതില്‍ വിജയിച്ച ഒരു സംവിധായകന്റെ നേട്ടം.....
പൊള്ളയായ ചിരിക്കും കരച്ചിലിനുമിടയില്‍ പ്രേക്ഷകര്‍ പടവലങ്ങ പോലെ താഴേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നു. മലയാള സിനിമാ വ്യവസായത്തില്‍ പണം മുടക്കുന്നവര്‍ സി ഐ ഡി വേഷവും ചുറ്റി ഗുരുവായൂരില്‍ തുലാഭാരം തൂക്കിയ ഫിലിം പെട്ടിയുമായി കാശ് കൊയ്യാന്‍ തിയേറ്ററുകളിലെത്തുന്നു.


Click it and Unblock the Notifications