twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാബയെ അഷ്ടമി പിടിച്ചു

    By Staff
    |

    ബാബയെ അഷ്ടമി പിടിച്ചു

    സമയം ശരിയായാല്‍ എല്ലാം ശരിയായി എന്നാണ് സിനിമക്കാരുടെ ആപ്തവാക്യം. എന്നുവെച്ചാല്‍ സമയം തെറ്റിയാല്‍ സിനിമയില്‍ ആരുടെ കാര്യവും പോക്കാണെന്നര്‍ഥം.

    അമിതാഭ് ബച്ചന്‍ എ ബി സി എല്‍ (അമിതാബ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) തുടങ്ങിയതും ഒടുവില്‍ കമ്പനി പൊളിഞ്ഞ് ഹിന്ദിയിലെ മുടിചൂടാമന്നന്‍ കുത്തുപാളയെടുത്ത് കടക്കെണിയിലായതുമെല്ലാം സമയദോഷം കൊണ്ടാണത്രെ. പിന്നെ സ്റാര്‍ ടിവിയില്‍ ക്രോര്‍പതി ക്വസ് പരിപാടിയിലൂടെ അദ്ദേഹം വീണ്ടും കാശുണ്ടാക്കാന്‍ തുടങ്ങിയതോ സമയം ശരിയായതിന് ശേഷവും.

    ബച്ചനെ ബാധിച്ച സമയദോഷമാണ് ഇപ്പോള്‍ രജനീകാന്തിനെ ബാധിച്ചിരിക്കുന്നത്. കടുവയെ കിടുവ പിടിച്ച പോലെയാണ് ആരാധകര്‍ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം ബാബയെ അഷ്ടമി പിടിച്ചിരിക്കുന്നത്. അഷ്ടമിയുടെ പിടിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് രജനീകാന്തും ചിത്രത്തിന്റെ സംവിധായകനുമൊക്കെ തലപുകഞ്ഞ് ആലോചിക്കുന്നത്.

    സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയുടെ സുന്ദരമായ പേരാണ് അഷ്ടമിയെന്ന് തെറ്റിദ്ധരിക്കേണ്ട. അഷ്ടമിയെന്നാല്‍ ഒരു സമയഘട്ടം. ബച്ചനെ കുത്തുപാളയെടുപ്പിച്ച ദുഷ്ടസമയം പോലെ ആരെയും കുത്തുപാളയെടുപ്പിക്കാവുന്ന ഒരു ദോഷസമയം. അതങ്ങനെ ബാബയെ വിഴുങ്ങാന്‍ വേണ്ടി കാത്തിരിക്കുകയാണ്.

    അതില്‍ നിന്ന് രക്ഷപ്പെടുക രജനീകാന്തിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. ആഗസ്ത് 15ന് രാവിലെ 9.30നാണ് അഷ്ടമി തുടങ്ങുന്നത്. അന്നാണ് തമിഴകത്തെ കീഴ്മേല്‍ മറിക്കാനായി ബാബ തിയേറ്ററുകളിലെത്തുന്നത്.

    9.30ന് ശേഷം പടം റിലീസ് ചെയ്താല്‍ രജനീകാന്തിന്റെ ഭാവി കട്ടപ്പുകയാണെന്നാണ് ജ്യോത്സ്യന്മാര്‍ പ്രവചിച്ചിരിക്കുന്നത്. പടവും രജനിയും രക്ഷപ്പെടണമെങ്കില്‍ 9.30ന് മുമ്പ് പടം റിലീസ് ചെയ്തിരിക്കണം. ഇല്ലെങ്കില്‍ അഷ്ടമി രജീകാന്തിന്റെയും ബാബയുടെയും ഭാവിയെയെടുത്ത് അമ്മാനമാടും.

    എന്താണ് ഈ ദുഷ്ടാഷ്ടമിയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി. പടത്തിന്റെ റിലീസിംഗ് ഇനിയും നീട്ടിവെക്കാന്‍ പറ്റില്ല. മൂന്ന് പ്രാവശ്യം റിലീസിംഗ് നീട്ടിവെച്ച ശേഷമാണ് ആഗസ്ത് 15 എന്ന മഹത്തായ ദിനം റിലീസിംഗിനായി തിരഞ്ഞെടുത്തത്. അതും ജ്യോത്സ്യന്മാരുടെ അഭിപ്രായപ്രകാരം. ആ ജ്യോത്സ്യന്മാര്‍ തന്നെയാണ് ഇപ്പോള്‍ ആഗസ്ത് 15ന് 9.30ന് മുമ്പ് പടം റിലീസ് ചെയ്തില്ലെങ്കില്‍ കാര്യം പോക്കാണെന്ന് പറയുന്നത്.

    ചിത്രത്തിന്റെ റിലീസിംഗ് ഇനിയും നീട്ടിവെക്കാനാവില്ല. തമിഴിലും തെലുങ്കിലും അന്ന് പടം റിലീസ് ചെയ്യാമെന്ന കരാറിലൊപ്പിട്ടു കഴിഞ്ഞതാണ്. തമിഴ്നാട്ടില്‍ വേണമെങ്കില്‍ രജനിയെ കണ്‍പാര്‍ക്കാന്‍ കാത്തിരിക്കുന്നവര്‍ കുറച്ചുകൂടി ക്ഷമിക്കുമെങ്കിലും തെലുങ്കില്‍ അത് സാധ്യമല്ല. ഇനി ആഗസ്ത് 15ന് രാവിലെ 9.30ന് മുമ്പ് പടം തുടങ്ങാമെന്ന് വെച്ചാല്‍ അത് പ്രായോഗികമല്ല.

    ധര്‍മസങ്കടത്തിലായ രജനിക്ക് ആരോ ഒടുവില്‍ ബുദ്ധി ഉപദേശിച്ചു കൊടുത്തത്രെ. ആഗസ്ത് 15ന് മുമ്പ് തിയേറ്ററില്‍ ഒരു റീല്‍ റിലീസ് ചെയ്യുക. അങ്ങനെ അഷ്ടമി എന്ന ഉഗ്രആപത്തിനെ അതിജീവിക്കുക. പടയപ്പ ആ വഴിക്ക് ചിന്തിക്കുകയാണെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X