twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയന്റെ ചൂണ്ടയില്‍ റാം

    By Staff
    |

    വിനയന്റെ ചൂണ്ടയില്‍ റാം

    ഈയിടെ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളില്‍ നിന്നു പോലും കഥയടിച്ചുമാറ്റി വിനയന്‍ ടച്ചുള്ള മലയാളച്ചിത്രമെന്ന് പറഞ്ഞ് പുറത്തിറക്കാന്‍ പ്രത്യേക സിദ്ധിയുള്ള സംവിധായകന്‍ ഇതാ വീണ്ടുമെത്തുന്നു. അദ്ദേഹത്തിന്റെ ആ മഹത്തായ സിദ്ധിയുടെ പുതിയ സൃഷ്ടിയാണ് ബോയ്ഫ്രന്റ്.

    ആകാശഗംഗ തൊട്ട് അത്ഭുതദ്വീപ് വരെ മറ്റ് സിനിമകളില്‍ നിന്നും നോവലുകളില്‍ നിന്നും കവിതകളില്‍ നിന്നും പാവം സിനിമാ മോഹവുമായി നടക്കുന്ന എഴുത്തുകാരുടെ കഥകളില്‍ നിന്നും തനിക്ക് വേണ്ടതൊക്കെ ചൂണ്ടിയെടുത്ത് മഹത്സൃഷ്ടികര്‍മം ഇടതടവില്ലാതെ തുടരുന്ന ഈ പ്രതിഭാശാലിയുടെ പുതിയ ചിത്രമാണ് ബോയ്ഫ്രന്റ്. മോഷ്ടിക്കാതെന്തു സിനിമ എന്ന് പ്രഖ്യാപിക്കുന്ന ഈ അത്യുജ്വല പ്രതിഭ ഇത്തവണയും ഒരു ചൂണ്ടല്‍ സൃഷ്ടിയാണ് ഒരുക്കാന്‍ പോകുന്നത്. ഇദ്ദേഹത്തിന്റെ ചൂണ്ടയില്‍ പുതുതായി കൊളുത്തിയിരിക്കുന്നത് ഈയിടെ തമിഴില്‍ സൂപ്പര്‍ഹിറ്റായ റാം എന്ന ചിത്രമാണ്.

    സൂര്യ നായകനായ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം കാക്ക കാക്ക കണ്ട് പ്രചോദിതനായി അതിലെ ഗാനരംഗം അതേ പടി തന്റെ സത്യം എന്ന ചിത്രത്തില്‍ പകര്‍ത്തിവച്ച മഹാനാണ് വിനയന്‍. അദ്ദേഹത്തിന്റെ മഹത്പ്രവൃത്തികള്‍ ഇപ്പോള്‍ വലിയ ക്യാന്‍വാസിലേക്ക് നീളുകയാണ്. കാക്ക കാക്കയിലെ ഗാനരംഗങ്ങളും ചില ആക്ഷന്‍ രംഗങ്ങളുമാണ് സത്യത്തില്‍ അതേ പടി പകര്‍ത്തിയതെങ്കില്‍ ബോയ്ഫ്രന്റില്‍ റാമിന്റെ കഥ അതേ പടി ചൂണ്ടിയെടുത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്.

    മാനസിക നിലയില്‍ അല്പം കുഴപ്പങ്ങളുള്ള റാം എന്ന കോളജ് വിദ്യാര്‍ഥിയും അവന്റെ യുവതിയായ അമ്മയും തമ്മിലുള്ള അസാധാരണമായി ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് റാം. ഒപ്പം ഒരു കുറ്റാന്വേഷണത്തിന്റെ സമാന്തര ട്രാക്കും ചിത്രത്തിലുണ്ട്. ഒരു കൊലപാതകത്തെ തുടര്‍ന്ന് പൊലീസിന്റെ സംശയത്തിനിരയാവുന്ന റാമിന്റെ കഥ ഉദ്വേഗജനകമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു.

    ഈ കഥ തന്നെയാണ് അതിന്റെ സീരിയസ് ഇന്‍വെസ്റിഗേഷന്‍ ട്രാക്കില്‍ നിന്ന് അടര്‍ത്തിയെടുത്ത് കോമഡി ട്രാക്കില്‍ പ്രതിഷ്ഠിച്ച് വിനയന്‍ ബോയ്ഫ്രന്റായി ഒരുക്കുന്നത്. റാം എന്ന ചിത്രത്തില്‍ ജീവ അവതരിപ്പിച്ച യുവാവിന്റെ വേഷത്തില്‍ മണിക്കുട്ടനും ശരണ്യ അവതരിപ്പിച്ച അമ്മയുടെ വേഷത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുമാണ്. ഇരുവരും തമ്മിലുള്ള ബന്ധമൊക്കെ തമിഴ് ചിത്രത്തില്‍ നിന്നും വലിയ മാറ്റങ്ങളില്ലാതെയാണ് വിനയന്‍ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.

    എന്നാല്‍ റഹ്മാനും മുരളിയും അന്വേഷകരായി പ്രത്യക്ഷപ്പെട്ട തമിഴ് ചിത്രത്തിലെ സീരിയസ് ഇന്‍വെസ്റിഗേഷന്‍ ട്രാക്ക് ബോയ്ഫ്രന്റില്‍ കോമഡി ട്രാക്കാവുന്നു. തമാശക്കാരായ അന്വേഷണ ഉദ്യോഗസ്ഥരുടെ വളിപ്പുകള്‍ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത് ശ്രീനിവാസന്‍, മുകേഷ്, ജഗദീഷ് എന്നിവരാണ്.

    നമ്മുടെ ചില സംവിധായകര്‍ കഥ ചൂണ്ടുന്നത് ഹോളിവുഡില്‍ നിന്നും ഹിന്ദിയില്‍ നിന്നുമൊക്കെയാണെങ്കില്‍ ചൂണ്ടല്‍ ചില ഭാഷകളില്‍ നിന്നു മാത്രമേ പാടുള്ളൂവെന്ന മുന്‍വിധിയൊന്നും വിനയനില്ല. പഴയ സിനിമ, പുതിയ സിനിമ എന്ന ഭേദവും അക്കാര്യത്തില്‍ അദ്ദേഹത്തിന് ബാധകമല്ല.

    സംവിധായകരായാല്‍ ഇങ്ങനെ വേണം. തമിഴില്‍ യുവസംവിധായകര്‍ ലാഘവബുദ്ധിയോടെ പുതിയ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അത് കഷ്ടപ്പെട്ട് അടിച്ചുമാറ്റാന്‍ പ്രത്യേക വൈഭവം തന്നെ വേണമല്ലോ. തീര്‍ച്ചയായും ഇത്തരം വിഭവസമ്പന്നന്‍മാരില്‍ തന്നെയാണ് മലയാള സിനിമയുടെ ഭാവി. അവരുടെ മഹത്സൃഷ്ടികളിലൂടെ മലയാള സിനിമയുടെ പതാക ഉയരങ്ങളില്‍ പാറിപ്പറക്കുക തന്നെ ചെയ്യും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X