twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചട്ടനെ പൊട്ടന്‍ ചതിച്ചു, പൊട്ടനെ രാജീവ് കുമാറും

    By Staff
    |

    ചട്ടനെ പൊട്ടന്‍ ചതിച്ചു, പൊട്ടനെ രാജീവ് കുമാറും

    തലയില്‍ കൈവച്ചൊന്ന് കരയാന്‍ പോലുമാവാതെ അന്തം വിട്ടിരിക്കുകയാണ് സംവിധായകന്‍ ശരത്. അതെ 2001 ലെ ഏറ്റവും നല്ല ചിത്രത്തിനുളള പുരസ്ക്കാരം കിട്ടിയ സായാഹ്നത്തിന്റെ സംവിധായകന്‍ ശരത് തന്നെ. കാര്യമെന്തെന്നല്ലേ. ഏറെ കൊട്ടിഘോഷിച്ച് കക്ഷി പ്രഖ്യാപിച്ച പുതിയ ചിത്രത്തിന്റെ കഥ അപ്പാടെ അടിച്ചുമാറ്റപ്പെട്ടു.

    അടിച്ചു മാറ്റിയത് മറ്റാരുമല്ല. ഈ വര്‍ഷത്തെ നല്ല ചിത്രം സംവിധാനം ചെയ്ത രാജീവ് കുമാറാണ്. ലോക സുന്ദരിപ്പട്ടവുമായി ബന്ധപ്പെട്ട ഒരു ബ്രഹ്മാണ്ഡ പടമായിരുന്നു ശരതിന്റെ മനസില്‍. നായികയായി യുക്താമുഖിയെയും തീരുമാനിച്ച് ഷൂട്ടിംഗ് തുടങ്ങാന്‍ നല്ല നേരം നോക്കിയിരിക്കുകയായിരുന്നു പുളളി. അപ്പോഴാണ് രാജീവ് കുമാറിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് തുടങ്ങിയത്. ഏതാണ്ട് അതേ കഥ. നായിക ഗീതു മോഹന്‍ദാസ്.

    പക്ഷേ, ശരത് തലയില്‍ കൈവച്ചു പോയത് അതു കൊണ്ടല്ല. പണ്ട് താന്‍ മറ്റൊരാളോട് ചെയ്ത ചെയ്ത് ഇടിത്തീ പോലെ തന്റെ തലയില്‍ കൊണ്ടിട്ട വിധിയുടെ കളി കണ്ടാണ് കക്ഷി അമ്പരന്നു പോയത്. അതേത് കഥ എന്നല്ലേ, പറയാം.

    അറിയപ്പെടുന്ന നാടകകൃത്തും നിരൂപകനും സ്കൂള്‍ മാഷുമായ എന്‍. ശശിധരന്‍, ഇഎംഎസിന്റെ മരണവും ആണവ പരീക്ഷണവുമായി ബന്ധപ്പെടുത്തി ഒരു കഥയുടെ രൂപരേഖ തയ്യാറാക്കുന്നു. കാനില്‍ പോയ സംവിധായകന്‍ ഷാജി. എന്‍. കരുണിനെക്കൊണ്ട് സംവിധാനം ചെയ്യിക്കുകയാണ് കക്ഷിയുടെ ഉദ്ദേശം. കഥ വായിക്കാന്‍ സുഹൃത്തായ മുല്ലനേഴിയെ ഏല്‍പ്പിക്കുന്നു.

    മുല്ലനേഴി കഥ ഷാജിയെ ഏല്‍പ്പിച്ചു. ഷാജിയ്ക്ക് കഥ പെരുത്തിഷ്ടപ്പെട്ടു. ഷാജി സ്ഥിരം കുറ്റികളായ എസ്. ജയചന്ദ്രന്‍ നായര്‍ ടീമിനോട് സംഭവം പറയുന്നു. കേട്ടപാടെ കുറ്റികള്‍ ഇങ്ങനെ ഗീത ചൊല്ലി, സംഭവാമി യുഗേ, യുഗേ. ഒരു പുതുമുഖത്തിന്റെ സ്ക്രിപ്റ്റില്‍ ഷാജി സംവിധായകനാവുകയോ, ശംഭോ മഹാദേവ. അവനോട് പോ മോനേ ദിനേശാ കാച്ച്. കഥ ഒപ്പിക്ക്, യഥായഥാഹി ധര്‍മ്മസ്യ

    അങ്ങനെ ശശിധരന്‍ മാഷിന്റെ കൈയില്‍ നിന്നും കഥ കൈക്കലാക്കാന്‍ ശ്രമം നടക്കുന്നു. പൂര്‍ണമായ തിരക്കഥ തന്റെ കൈയില്‍ തരാന്‍ ഷാജി മാഷോട് അഭ്യര്‍ത്ഥിച്ചു. മാഷിന് ഗീത വേഗം തിരിഞ്ഞു. വണ്‍ലൈന്‍ മാത്രം നല്‍കി മാഷ് മുങ്ങി.

    രണ്ടാമങ്കത്തില്‍ സൂത്രധാരന്‍ ഇങ്ങനെ അറിയിച്ചു. ഷാജി എന്‍. കരുണിന്റെ ശിഷ്യനും പിആര്‍ഡി ഉദ്യോഗസ്ഥനും സര്‍വോപരി പത്രപ്രവര്‍ത്തകനുമായ ശരത് സിനിമയെടുക്കുന്നു. ഇഎംഎസിന്റെ മരണവും ആണവപരീക്ഷണവും തമ്മില്‍ ബന്ധപ്പെടുത്തിയ ഉഗ്രന്‍ ത്രെഡു മേലെയാണ് സംവിധാനം. ആനന്ദിപ്പിന്‍, ആഘോഷിപ്പിന്‍.

    അങ്ങനെയാണ് സായാഹ്നം പിറന്നത്. പേരു പോലും ശശിധരന്‍ മാഷിട്ടത്. വാശികയറിയ മാഷ് തന്റെ കഥ അഴിച്ചു പണിഞ്ഞു. ഇഎംഎസ് തന്നെ വിഷയം. സംവിധാനം പ്രിയനന്ദനനെ ഏല്‍പ്പിച്ചു. ചിത്രം പിറന്നു. അതാണ് നെയ്ത്തുകാരന്‍.

    നെയ്ത്തുകാരനും സായാഹ്നവും ഒരുമിച്ച് 2001 ഒക്ടോബറിലെ ഫിലിം ഫെസ്റിവലില്‍ ഇന്ത്യന്‍ പനോരമയിലേയ്ക്ക് മത്സരിക്കുന്നു. നെയ്ത്തുകാരന്‍ തഴയപ്പെടുന്നു. ഷാജിയാണ് അക്കാദമി ചെയര്‍മാനെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

    ശരത് തലയില്‍ കൈവച്ചു പോയില്ലെങ്കിലല്ലേ അത്ഭുതമുളളൂ. ഇതൊക്കെ കണ്ടു കൊണ്ടൊരുത്തന്‍ മോളിലിരുന്ന് കപ്പലണ്ടി തിന്നുന്നുണ്ടെന്ന് ഇനിയെങ്കിലും മനസിലാക്കുമോ ആവോ. ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ രാജീവ് കുമാര്‍ ചതിക്കും എന്ന് ഗുണപാഠം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X