For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നാലും ലാലേട്ടാ... ഇതു വേണമായിരുന്നോ..?

  By Staff
  |

  എന്നാലും ലാലേട്ടാ... ഇതു വേണമായിരുന്നോ..?

  നിറം നിര്‍മ്മിച്ച് വലിയ തോതില്‍ പണം വാരിക്കൂട്ടിയ ജോണി സാഗരികയ്ക്ക് പക്ഷെ അടുത്ത ചിത്രമായ മധുരനൊമ്പരക്കാറ്റ് കാര്യമായ പ്രതിഫലമൊന്നും നല്‍കിയില്ല. എങ്കില്‍ നാലഞ്ച് ചക്രം ഉണ്ടാക്കിയിട്ടു തന്നെ എന്നു തീരുമാനിച്ച് അച്ചായന്‍ തന്റെ പുതിയ ചിത്രത്തിന് തുടക്കമിട്ടു.

  മലയാളത്തില്‍ ഇന്ന് എല്ലാ തലത്തിലും സൂപ്പര്‍ സ്റാറുകളായിട്ടുള്ളവരെയാണ് പുള്ളിക്കാരന്‍ ചിത്രത്തിനു വേണ്ടി അണിനിരത്തിയത്. സംവിധായകന്‍ കമല്‍, തിരക്കഥാകൃത്ത് ലോഹിതദാസ്, നായകനോ മലയാളത്തിലെ കിടിലന്‍ സിംഹം മോഹന്‍ലാലും... ഇതിനു പുറമെ കഞ്ഞിക്ക് ഉപ്പ് എന്ന പോലെ ഉദിച്ചുയരുന്ന താരം ദിലീപിനെ സഹനടനായും തീരുമാനിച്ചു. കോളേജ് കുമാരന്മാരുടെ കണ്ണുകള്‍ക്ക് ഒരു പുതുമയാകട്ടെ എന്ന് കരുതി മുംബൈയില്‍ നിന്ന് വിദ്യ ബി. അയ്യരെന്ന പുതുമുഖത്തെ നായികയായി ഇറക്കുമതി ചെയ്തു... അങ്ങനെയാണ് ചക്രം ഉടലെടുക്കുന്നത്.

  പണി തുടങ്ങുന്നതിനു മുമ്പു തന്നെ ചിത്രം പ്രശസ്തമാകാന്‍ ഇത്രയൊക്കെ മതിയല്ലോ. വലിയ കുഴപ്പമൊന്നുമില്ലാതെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോള്‍ ഗാനവിതരണക്കാരന്‍ കൂടിയായ നിര്‍മ്മാതാവ് പുഞ്ചിരിച്ചു. നാലു ചക്രത്തിനുളള വക ചക്രം തന്നില്ലെങ്കില്‍ പിന്നെന്തിനു ജീവിക്കണം.

  എന്നാല്‍ എല്ലാം കലങ്ങിമറിയാന്‍ ഏറെ സമയമൊന്നും വേണ്ടി വന്നില്ല. ചക്രം പറയുന്നത് ലോറിക്കാരുടെ കഥയായതിനാല്‍ അവരുടെ ചില വികൃതികളൊക്കെ ചിത്രത്തില്‍ ഇല്ലാതിരിക്കില്ലല്ലോ. പക്ഷെ നമ്മുടെ നായകനാകട്ടെ ഈ വികൃതികളൊന്നും തന്റെ ഇമേജിന് നിരക്കുന്നതല്ല എന്നൊരു തോന്നലാണുണ്ടായത്. ആടുതോമയായി മുണ്ടഴിച്ച് അടിക്കാനും വേശ്യയുടെ കൈ പിടിച്ച് അഭിമാനത്തോടെ നടക്കാനും പരസ്യമായി തെറിയഭിഷേകം ചെയ്യാനും മടിക്കാതിരുന്ന മലയാളത്തിലെ വിലയേറിയ നായകനാണ് തന്റെ ഇമേജ് ഇപ്പോള്‍ ഒരു പ്രശ്നമായിരിക്കുന്നത് എന്ന് ഓര്‍ക്കണം. കാവി മുണ്ടും മേലോട്ട് പിരിച്ചുവച്ച മീശയും തീ പാറുന്ന ഡയലോഗുകളും പായിക്കുന്നതാണ് തന്റെ ഇമേജ് എന്ന് ഈ നടന്‍ ധരിച്ചുവച്ചിട്ടുണ്ടോ എന്നതും ചിന്താവിഷയമാണ്.

  തന്റെ ഇമേജിനൊത്ത് തിരക്കഥയില്‍ മാറ്റം വേണമെന്ന് നായകന്‍... മലയാളത്തിലെ എണ്ണപ്പെട്ട തിരക്കഥാകൃത്തുക്കളില്‍ ഒരാളായ തന്റെ തിരക്കഥയില്‍ മാറ്റം വരുത്താന്‍ ഇവനാരെടാ. അങ്ങനെ ഇമേജിനൊത്ത തിരക്കഥ വേണമെങ്കില്‍ തന്നത്താന്‍ എഴുതിക്കോ എന്ന് തിരക്കഥാകൃത്ത്... നായകനും തിരക്കഥാകൃത്തും തമ്മിലുള്ള യുദ്ധം ഒന്നു തീരട്ടെ. എന്നെ മാതൃഭൂമിയും ഏഷ്യാനെറ്റും വിളിച്ചിട്ടുണ്ട് എന്നു പറഞ്ഞ് തട്ടിപ്പിടഞ്ഞെഴുന്നേറ്റ് പ്രണയകഥയ്ക്കായി പരക്കം പായുന്ന സംവിധായകന്‍...

  ഒന്നരക്കോടി മുടക്കിയവനായാലും നിര്‍മ്മാതാവ് പുലിവാല് പിടിക്കാന്‍ ഇത്രയൊന്നും പോരെന്നുണ്ടോ... ഇപ്പോള്‍ ലാലേട്ടാ, ലോഹിച്ചേട്ടാ, കമലിക്കാ എന്നൊക്കെ വിളിച്ച് ഓരോരുത്തരുടെയും പിന്നാലെ നടക്കുകയാണ് പുള്ളിക്കാരന്‍. എങ്ങനെയെങ്കിലും ചിത്രമൊന്ന് തീര്‍ത്ത് താ... ഞാന്‍ ഇനിയൊരിക്കലും സിനിമ നിര്‍മ്മിക്കാന്‍ വരില്ല... എന്നായിരിക്കാം ആത്മഗതം...

  സിനിമയ്ക്ക് പുറത്തു നില്‍ക്കുന്ന നമുക്കും ഒരു ചോദ്യമെറിയാം. എന്താ..? എന്നാലും ലാലേട്ടാ... ഇതു വേണമായിരുന്നോ...?

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X