»   » പ്രേക്ഷകാ, താണ്ഡവം കാണൂ, പ്ലീസ്...

പ്രേക്ഷകാ, താണ്ഡവം കാണൂ, പ്ലീസ്...

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകാ, താണ്ഡവം കാണൂ, പ്ലീസ്...

ബസ് വിടാന്‍ സമയമായിട്ടും വേണ്ടത്ര ആളുകള്‍ കയറിയില്ലെങ്കില്‍ വഴിയേ പോകുന്നവരെയെല്ലാം മാടിവിളിച്ച് കൂകിവിളിക്കുന്ന കിളികളെ കണ്ടിട്ടില്ലേ. മലയാളത്തിലെ താരങ്ങളുടെ താരം അത്തരമൊരു കിളിയെ പോലെയാണ് ഇപ്പോള്‍. തന്റെ ചിത്രം കാണണേ എന്ന അപേക്ഷയുമായി നമ്മുടെ മുന്നിലെത്തുന്ന ദൈന്യം നിറഞ്ഞ ഈ മുഖം മലയാളത്തിലെ മെഗാതാരത്തിന്റെ പുതിയ അവതാരമാണ്.

കേരളത്തിലെ അറുപതോളം തിയേറ്ററുകളില്‍ റിലീസ് ചെയ്ത താണ്ഡവം എന്ന മെഗാതാര ചിത്രം പ്രേക്ഷകന് മേലുള്ള താണ്ഡവമാണെന്ന് ചിത്രം കണ്ടവരുടെ മുന്നറിയിപ്പ് ലഭിച്ചതോടെ തിയേറ്ററില്‍ ആളു കുറഞ്ഞ് കുറഞ്ഞ് വന്നപ്പോഴാണ് മോഹന്‍ലാല്‍ നേരിട്ടുവന്ന് പ്രേക്ഷകരോട് യാചന നടത്തുന്നത്.

താണ്ഡവം തന്റെ ഏറ്റവും മികച്ച എന്റര്‍ടെയ്നറാണെന്നും ചിത്രം കാണുമ്പോള്‍ മൂന്ന് മണിക്കൂര്‍ പോവുന്നത് അറിയുകയേയില്ലെന്നും എല്ലാവരും ചിത്രം കണ്ട് ആനന്ദിക്കണമെന്നുമാണ് മെഗാതാരം പത്രപരസ്യത്തില്‍ കേണപേക്ഷിക്കുന്നത്. സിനിമയില്‍ മെഗാതാരത്തിന് ആരെയും നിലംപരിശാക്കുന്ന രുദ്രഭാവം. പുറത്ത് പ്രേക്ഷകരേ, തിയേറ്ററില്‍ കയറണേ എന്ന യാചനാഭാവം. ഭാവപ്രകടനത്തിന്റെ ഈ റെയ്ഞ്ച് അപാരം തന്നെ അല്ലേ.

പ്രേക്ഷകാ എന്റെ ചിത്രം കാണൂ എന്ന് യാചിച്ച് ആളുകളെ തിയേറ്ററില്‍ കയറ്റേണ്ടിവരുന്ന ഈ ഗതികേടില്‍ മെഗാതാരം എങ്ങനെ ചെന്നുപെട്ടു? നരസിംഹാവതാരം വാമനനായി പോയതെന്തേ?

താണ്ഡവത്തില്‍ കുടുംബവിരുദ്ധമായി ഒന്നുമില്ലെന്നും എങ്കിലും കിംവദന്തിക്ക് കാരണമായ സീനുകള്‍ മുറിച്ചുമാറ്റുന്നെന്നും സൂപ്പര്‍ സംവിധായകന്റെ അറിയിപ്പിന് പിന്നാലെയാണ് മെഗാതാരത്തിന്റെ ഈ വിളംബരം.

ആളുകള്‍ പറയുന്നതൊന്നും വിശ്വസിക്കരുതേ, ചിത്രം വന്ന് കാണൂവെന്ന് അപേക്ഷിക്കുന്ന ഈ പുതിയ വേഷങ്ങള്‍ എന്തായാലും പ്രേക്ഷകര്‍ നന്നായി ആസ്വദിക്കുന്നുണ്ട്.

വാല്‍ക്കഷ്ണം: അതല്ല, റിലീസ് ചെയ്ത് മാസമൊന്ന് കഴിഞ്ഞിട്ടും ആളുകള്‍ ബ്ലാക്കിന് ടിക്കറ്റെടുത്ത് കാണുന്ന ഒരു സിനിമയോട് മത്സരിക്കാനാവാതെ പിന്തള്ളപ്പെടുന്ന ഒരു ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സൂപ്പര്‍ നായകന്റെയും സൂപ്പര്‍ സംവിധായകന്റെയും പരിദേവനങ്ങള്‍ ആണോ ഇത്?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X