twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ മാറാട് തരംഗം

    By Staff
    |

    മലയാളത്തില്‍ മാറാട് തരംഗം

    കേരള സമൂഹത്തെ നടുക്കിയ സംഭവമാണ് മാറാട് നടന്ന കൂട്ടക്കൊല. സമകാലീന രാഷ്ട്രീയ പ്രശ്നങ്ങള്‍ സിനിമകളില്‍ കുത്തിനിറയ്ക്കാന്‍ പ്രത്യേക താത്പര്യമുള്ള സിനിമക്കാര്‍ക്ക് മാറാട് സംഭവവും നല്ലൊരു വിഭവവമായി. മലയാളത്തില്‍ ഇതൊരു മാറാട് തരംഗത്തിന് തന്നെ തുടക്കമിട്ടിരിക്കുന്നു.

    ലെനിന്‍ രാജേന്ദ്രന്റെ അന്യര്‍ ആണ് ഈ ജനുസില്‍ പെട്ട ആദ്യത്തെ സിനിമ. (ഓണസീസണിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ഏറെ അവകാശവാദങ്ങളുമായെത്തിയ മറ്റ് സിനിമകള്‍ക്കിടയില്‍ ഇങ്ങനൊയൊരു ചിത്രം റിലീസ് ചെയ്തതു പോലും മാലോകര്‍ അറിഞ്ഞില്ല. മാത്രവുമല്ല ഓണസീസണിലാണ് റിലീസ് ചെയ്തതെങ്കിലും ഈ പാവം ചിത്രത്തെ ഓണച്ചിത്രങ്ങളുടെ കൂട്ടത്തില്‍ ആരും പെടുത്തിയതുമില്ല.) ഗുജറാത്തും മാറാടുമൊക്കെ ചേര്‍ത്തുവച്ചാണ് ലെനിന്‍ രാജേന്ദ്രന്‍ ഈ ചിത്രത്തിന് വിഭവം കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ നിന്ന് മാറാട് സംഭവത്തിലേക്ക് ഒരു പാലമിട്ടിരിക്കുന്നു ലെനിന്‍ രാജേന്ദ്രന്‍ ഈ ചിത്രത്തില്‍. പക്ഷേ ഓണബഹളത്തില്‍ മുങ്ങിപ്പോയ ഈ ചിത്രത്തെ ആരും ശ്രദ്ധിച്ചില്ല.

    രണ്ടാമത്തെ മാറാട് ചിത്രം ഒരുക്കുന്നത് സാക്ഷാല്‍ രഞ്ജി പണിക്കരാണ്. നോസ്ട്രഡാമസ് സപ്തംബര്‍ 11ലെ തീവ്രവാദി ആക്രണം പ്രവചിച്ചതു പോലെ മാറാട് കലാപമൊക്കെ പണ്ടേ താന്‍ തന്റെ തിരക്കഥകളില്‍ പ്രവചിച്ചതാണല്ലോ എന്നാണ് രഞ്ജി പണിക്കരുടെ അവകാശവാദം. വര്‍ഗീയ ലഹളയുണ്ടാവുന്നതും ബോംബ് പൊട്ടുന്നതും ജില്ലാ കളക്ടര്‍ പൊലീസ് കമ്മിഷണറെ വെല്ലുവിളിച്ച് സംഭവസ്ഥലത്തെത്തി ലഹള നിയന്ത്രിക്കുന്നതുമൊക്ക പണ്ട് കിംഗ് എന്ന ചിത്രത്തില്‍ സീനെഴുതി വച്ചതിന്റെ പേരിലാണ് ഈ അവകാശവാദം. മഹാന്‍മാര്‍ കാര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നവരാണല്ലോ!!

    ഏതായാലും നേരത്തെ പ്രവചിച്ച സംഭവത്തെ പറ്റി വീണ്ടുമൊരു സിനിമ പിടിക്കാനൊരുങ്ങുകയാണ് രഞ്ജി. രഞ്ജി ആദ്യമായി സംവിധാനം ചെയ്യുന്ന നരന്‍ എന്ന ചിത്രത്തിലാണ് മാറാട് സംഭവം കയറിവരുന്നത്. മാറാട്ടെ തീവ്രവാദികളെയും വര്‍ഗീയവാദികളെയുമെല്ലാം നിലംപരിശാക്കാനെത്തുന്നത് നരേന്ദ്രന്‍ എന്ന പൊലീസ് ഓഫീസര്‍. അത് മറ്റാരുമല്ല, രഞ്ജിയുടെ ചിത്രം നിര്‍മിക്കുന്ന ആന്റണി പെരുമ്പാവൂര്‍ ഡ്രൈവ് ചെയ്യുന്ന കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന മെഗാതാരം മോഹന്‍ലാല്‍. (സി ബി ഐ അന്വേഷണ വേണമെന്നും പറഞ്ഞ് ഉപവാസം ഉദ്ഘാടനം ചെയ്യുകയും ഇടയ്ക്കിടെ വാര്‍ത്താ സമ്മേളനം വിളിക്കുകയും ചെയ്യുന്ന പി. എസ്. ശ്രീധരന്‍പിള്ളയ്ക്ക് മാറാട്ടെ എല്ലാ അന്താരാഷ്ട്ര ഭീകരരെയും മെഗാതാരം ഈ ഭൂലോകത്ത് നിന്നുതന്നെ ഉന്മൂലനം ചെയ്യുന്ന നരന്‍ ഇറങ്ങുന്നതോടെ അടങ്ങിയിരിക്കാം.)

    മാറാട് സംഭവത്തെ കുറിച്ച് ഒരു സിനിമ എന്ന് വിശേഷിപ്പിച്ചുകൊണ്ടു തന്നെയാണ് മറ്റൊരു ചിത്രം ഒരുങ്ങുന്നത്. കണ്ണൂര്‍ എന്ന ക്ലാസിക് ചിത്രം ഒരുക്കിയ ഹരിദാസാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. നരനില്‍ മോഹന്‍ലാലാണെങ്കില്‍ ഹരിദാസിന്റെ മാറാട് ചിത്രത്തില്‍ സുരേഷ് ഗോപിയാണ്. പണ്ട് പറഞ്ഞമട്ടിലുള്ളഇടിവെട്ട് ഡയലോഗുകളൊക്കെ ഒന്നുകൂടി തട്ടിവിടാമല്ലോ എന്ന സന്തോഷത്തിലാണ് സുരേഷ് ഗോപി. ആനന്ദ നിര്‍വൃതിക്ക് സൂപ്പര്‍താരത്തിന് മറ്റൊന്നും വേണ്ടല്ലോ.

    വാല്‍ക്കഷ്ണം: മുണ്ടുമടക്കി രണ്ടു കാലും പൊക്കിയടിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണെന്നാണ് സിനിമയിലെ 25 വര്‍ഷം ആഘോഷിക്കുന്ന മോഹന്‍ലാല്‍ ഈയിടെ പറഞ്ഞത്. നരനില്‍ ആ സുഖം കിട്ടാന്‍ പൊലീസ് ഓഫീസര്‍ നീലനിറത്തിലുള്ള മുണ്ടുമുടുത്ത് വരുമോ എന്തോ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X