For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷ്ടകാലം വരുന്ന വഴി

By Staff
|

കഷ്ടകാലം വരുന്ന വഴി

സത്യത്തില്‍ പൊലീസ് ഓഫീസറെ അവതരിപ്പിച്ച് കൈയടി നേടിയതതിന്റെ ത്രില്ലിലാണ് പൃഥ്വിരാജ്. പെണ്‍പിള്ളാരുടെ ഫോണ്‍വിളികള്‍ തൊട്ട് പ്രണയലേഖനങ്ങള്‍ വരെ യുവനായകനെ തേടിയെത്തുന്നു. മലയാളത്തിന് ഇതാ പുതിയൊരു ആക്ഷന്‍ ഹീറോ എന്ന് ചിത്രം കണ്ടവര്‍ പറയുന്നത് കേട്ട് ആകെ പുളകിതനായിരിക്കുകയാണ് നമ്മുടെ യുവനായകന്‍.

താന്‍ നായകനായ ഒരു ചിത്രം ഒറ്റയ്ക്കു വിജയിപ്പിക്കാന്‍ ആദ്യമായി കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ടെങ്കിലും അത്രയ്ക്കങ്ങ് സന്തോഷിക്കാനാവാത്ത നിലയിലാണ് ഈ നടന്‍. ആക്ഷന്‍ ഹീറോ പട്ടമൊക്കെ ചാര്‍ത്തിക്കിട്ടിക്കഴിഞ്ഞെങ്കിലും, സത്യം വിജയമായെങ്കിലും പുതിയ ഒരു ഓഫര്‍ പോലും ഈ നടനെ തേടിയെത്തിയിട്ടില്ല. വന്ന രണ്ട് മൂന്ന് ഓഫറുകള്‍ ഒന്നു കണ്ണുചിമ്മി തുറക്കുമ്പോഴേക്കും വന്നവഴിക്ക് പോവുകയും ചെയ്തു.

ഓണത്തിന് റിലീസ് ചെയ്ത മറ്റ് ചിത്രങ്ങളിലെ നായകരൊക്കെ പുതിയ ചിത്രങ്ങളുടെ ചിത്രീകരണത്തില്‍ സജീവമാണെങ്കില്‍, നമ്മുടെ യുവ ആക്ഷന്‍ ഹീറോ സത്യം പൂര്‍ത്തിയാക്കിയതിന് ശേഷം ഇപ്പോള്‍ കുറെ നാളായി വീട്ടിലിരിക്കുകയാണ്. സിനിമാപ്രതിസന്ധിക്ക് വിരാമമാവുകയും സിനിമാരംഗം വീണ്ടുമൊന്നു ഉഷാറാവുകയും ചെയ്തതോടെ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവര്‍ മാത്രമല്ല ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. പക്ഷേ പൃഥ്വിരാജിന് മാത്രം അഭിനയിക്കാന്‍ സിനിമയില്ല.

സത്യം ഹിറ്റായിട്ടും പുതിയൊരു അവസരം ഈ നടനെ തേടിയെത്താത്തതെന്തെന്നല്ലേ? മറ്റൊന്നുമല്ല. സിനിമയിലേതു പോലെ സിനിമക്ക് പുറത്തും ചില സൂപ്പര്‍ ഡയലോഗുകള്‍ കാച്ചാന്‍ തുനിഞ്ഞതാണ് ഈ യുവആക്ഷന്‍ ഹീറോക്ക് വിനയായത്.

ആക്ഷന്‍ സിനിമകളില്‍ നായകര്‍ അടിച്ചുവിടുന്നതു പോലുള്ള ഡയലോഗുകള്‍ ഇടയ്ക്കിടെ തട്ടിവിടുന്നയാളാണ് വിനയന്‍. അദ്ദേഹം നല്ല കിടിലന്‍ സംഭാഷണങ്ങള്‍ എഴുതിപ്പിടിപ്പിച്ച് സത്യത്തില്‍ പൃഥ്വിരാജിനെ കൊണ്ട് പറയപ്പിക്കുന്നുണ്ട്. അത്തരം ചില ഡയലോഗുകള്‍ സിനിമയ്ക്കു പുറത്തും തന്റെ ഇഷ്ടസംവിധായകനായ വിനയനെ അനുകരിച്ച് തട്ടിമൂളിച്ചപ്പോള്‍ അത് കഷ്ടകാലത്തിന് നാന്ദി കുറിക്കുമെന്ന് യുവനായകന്‍ തീരെ നിനച്ചിരുന്നില്ല.

അമ്മയും ഫിലിം ചേംബറും തമ്മിലുള്ള തര്‍ക്കം സിനിമാപ്രതിസന്ധി രൂക്ഷമാക്കിയ സാഹര്യത്തില്‍ താരസംഘടനയുടെ നിലപാടിനെതിരെ പൃഥ്വിരാജ് പരസ്യപ്രഖ്യാപനം നടത്തിയത് വിനയന്റെ സത്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയായിരുന്നു. അമ്മയെ ധിക്കരിച്ച് ഫിലിം ചേംബറിന്റെ കരാറില്‍ ഒപ്പിട്ട് പൃഥ്വിരാജ് അഭിനയിക്കാന്‍ തുടങ്ങി. അന്നു തുടങ്ങിയതാണത്രെ അമ്മയിലെ ചില പ്രമുഖര്‍ക്ക് പൃഥ്വിരാജിനോടുള്ള വൈരാഗ്യം. അവര്‍ ഇപ്പോള്‍ പൃഥ്വിരാജിനെ ഒതുക്കാന്‍ പല ശ്രമങ്ങളും നടത്തുന്നുവെന്നാണ് അണിയറ വാര്‍ത്ത.

താരങ്ങള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് അമ്മ ഫിലിം ചേംബറിന് ഉറപ്പുനല്‍കിയിരുന്നതു കൊണ്ട് പൃഥ്വിയുള്‍പ്പെടെയുള്ള ചില താരങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞില്ലെങ്കിലും അമ്മയിലെ ചില പ്രമുഖരുടെ ഹിറ്റ്ലിസ്റില്‍ അന്നേ ഒന്നാം സ്ഥാനത്ത് ഈ നടന്റെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. അമ്മയുടെ യോഗത്തില്‍ ഈ നടന്‍ ക്ഷമാപണം നടത്തുന്ന അവസരത്തില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി ചില താരങ്ങള്‍ പ്രകടിപ്പിച്ച പ്രതിഷേധം ഇപ്പോള്‍ ഈ നടനെ ചില സിനിമകളില്‍ നിന്ന് ഒഴിവാക്കുന്നിടത്തോളം എത്തിയിരിക്കുന്നു. ഈ നടന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് പിന്‍മാറാന്‍ താരങ്ങളോട് താരസംഘടനയിലെ പ്രമുഖര്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടത്രെ.

പുതിയ മൂന്ന് സിനിമകളില്‍ നിന്നാണ് പൃഥ്വിരാജ് ഒഴിവാക്കപ്പെട്ടത്. സിബി മലയിലിന്റെ അമൃതം എന്ന ചിത്രത്തില്‍ ജയറാമിനോടൊപ്പം ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ പൃഥ്വിരാജിനെയും ക്ഷണിച്ചതായിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ പൃഥ്വിരാജിനെ ഒഴിവാക്കി, അരുണിനെ കൊണ്ടുവന്നു. അമ്മയുടെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയവരില്‍ ജയറാമും ഉണ്ടായിരുന്നു എന്ന വസ്തുത ഇതുമായി കൂട്ടിവായിക്കണം.

പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍ എന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോഴിതാ ആ സിനിമയും പൃഥ്വിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ശരത്താണ് ഇപ്പോള്‍ പൃഥ്വിയുടെ സ്ഥാനത്ത് വന്നിട്ടുള്ളത്. പൃഥ്വിരാജ് അഭിനയിക്കുകയാണെങ്കില്‍ ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറണമെന്ന് നായികയായ കാവ്യാ മാധവനോട് താരസംഘടനയിലെ ചില പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നുവത്രെ.

കമലിന്റെ പെരുമഴക്കാലം എന്ന ചിത്രത്തില്‍ മീരാ ജാസ്മിന്റെ ഭര്‍ത്താവായി അവസാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വിരാജിനെ നേരത്തെ ക്ഷണിച്ചതായിരുന്നു. എന്നാല്‍ ആ അതിഥിവേഷം പോലും പൃഥ്വിക്ക് നഷ്ടമായി. ദിലീപാണ് ഇപ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്മയുമായി ഇടയുകയും ഫിലിം ചേംബറിനൊപ്പം നില്‍ക്കുകയും ചെയ്ത മാക്ട ജനറല്‍ സെക്രട്ടറി കമലിന്റെ ചിത്രത്തില്‍ നിന്നാണ് പൃഥ്വിരാജ് ഒഴിവാക്കപ്പെട്ടത്!

കഷ്ടകാലം വരുന്ന വഴി നോക്കണേ..സിനിമയില്‍ അവസരം നഷ്ടപ്പെടാതിരിക്കാന്‍ അമ്മയുമായി ഇടഞ്ഞ യുവനായകന് ഇപ്പോള്‍ അവസരങ്ങളേയില്ല. ഇടക്കിടെ സിനിമകള്‍ പടച്ചുവിടുന്ന വിനയന്‍ തന്നെ പൃഥ്വിരാജിന് അഭിനയിക്കാനായി പുതിയ സിനിമ ഉടന്‍ തുടങ്ങേണ്ടിവരുമെന്നതാണ് സ്ഥിതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more