ഇരുന്നിട്ട് പോരേ കാല്‍ നീട്ടുന്നത്....
ഇരുന്നിട്ട് പോരേ കാല്‍ നീട്ടുന്നത്....
യുവതാരങ്ങളില്‍ പൃഥ്വിരാജിന് അഹങ്കാരം ഇത്തിരി കൂടുതലാണെന്നാണ് സിനിമക്കാര്‍ക്കിടയിലെ സംസാരം. പൃഥ്വിരാജിനെ പറ്റി ആരും നല്ലത് പറയുന്നില്ലെന്ന് അമ്മ മല്ലികാ സുകുമാരനും സമ്മതിക്കുന്നുണ്ട്.
മൂത്ത മകന്‍ ഇന്ദ്രജിത്ത് എല്ലാവരോടും നന്നായി ഇടപഴകുന്നതു കൊണ്ട് അവനെ കുറിച്ച് എല്ലാവരും നല്ലത് പറയുന്നു. അതേ സമയം എന്റെ ഇളയ മകനെ പറ്റി ചിലര്‍ സത്യമില്ലാത്തത് പറയുന്നു. അതിനു കാരണം പൃഥ്വി ആരോടും അടുക്കാത്തതു കൊണ്ടാകാമെന്നാണ് മല്ലികാ സുകുമാരന്റെ വിശദീകരണം.
മല്ലികയുടെ ഇളയ മകനെ പറ്റി എങ്ങനെ നല്ലതു പറയുമെന്നാണ് സിനിമക്കാരുടെ ചോദ്യം. നാക്കിന്റെ നീളം അത്രയ്ക്കുണ്ടല്ലോ. താരസംഘടനയായ അമ്മയെ ധിക്കരിച്ച് വാര്‍ത്താസമ്മേളനം നടത്തുക പോലും ചെയ്ത വീരനായകനാണ് ഈ യുവനായകന്‍. അതിന്റെ പേരില്‍ ആറു മാസം വീട്ടിലിരിക്കേണ്ടിയും വന്നു. ഇപ്പോള്‍ പഴയതൊക്കെ മറന്ന മട്ടായതിനാല്‍ അമ്മ പ്രതികാര നടപടി നിര്‍ത്തിയെന്നാണ് തോന്നുന്നത്. എന്നാല്‍ യുവതാരം അതൊന്നും മറന്ന മട്ടില്ല.
നാല്പതിനു മുകളില്‍ പ്രായമുള്ള സൂപ്പര്‍താരങ്ങള്‍ ഇരുപത് കടക്കാത്ത നടിമാരെ നായികയാക്കുന്നതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നാല്പത് വയസ് പ്രായമുള്ള നായികയോടൊത്ത് തനിക്ക് അഭിനയിക്കേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞ് സൂപ്പര്‍താരങ്ങളെ പരിഹസിക്കാനും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് മറന്നിട്ടില്ല.
സിനിമയില്‍ അവസരം കിട്ടാന്‍ സൂപ്പര്‍താരങ്ങളെ മറ്റു താരങ്ങള്‍ കിട്ടുന്ന അവസരത്തിലൊക്കെ സുഖിപ്പിക്കുമ്പോഴാണ് മൂന്ന് വര്‍ഷം മുമ്പു മാത്രം സിനിമയിലെത്തിയ യുവതാരം സൂപ്പര്‍താരങ്ങളെ ഇങ്ങനെ കടന്നാക്രമിച്ചിരിക്കുന്നത്. അതിനുള്ള ചങ്കൂറ്റത്തെ എന്തായാലും സമ്മതിച്ചുകൊടുക്കണം. പക്ഷേ അദ്ദേഹത്തിന്റെ ധാര്‍മിക രോഷം കൊള്ളുന്നത് സിനിമയില്‍ എത്രയോ കാലം മുമ്പേ നിലനില്‍ക്കുന്ന ഒരു സ്ത്രീ-പുരുഷ അസമത്വത്തെ കുറിച്ചാണ്.
നാല്പതു കടന്ന സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കുന്ന ഇരുപത് കടക്കാത്ത നായികമാരുടെ മാനസികാവസ്ഥയെന്തായിരിക്കുമെന്ന് ഇദ്ദേഹം വികാരം കൊള്ളുന്നതും കണ്ടു. പക്ഷേ നായികമാരാരും അങ്ങനെ ഇതുവരെ വികാരം കൊള്ളുന്ന് കണ്ടിട്ടില്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികമാരായി അഭിനയിക്കാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമാണെന്നും അഭിനയപാഠമായെന്നുമൊക്കെയാണ് ഈ ഇരുപത് കടക്കാത്ത നായികമാര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. മാത്രവുമല്ല സൂപ്പര്‍താരത്തിന്റെ നായികയാവണോ, അല്ല പൃഥ്വിരാജിന്റെ നായികയാവണോ എന്ന് ചോദിച്ചാല്‍ രണ്ടാമത്തേതു മതി എന്നു പറയാന്‍ ഒരു യുവനായികയും തയ്യാറായെന്നും വരില്ല.
നാല്പത് കടന്ന സൂപ്പര്‍താരങ്ങള്‍ ഇരുപത് കടക്കാത്ത നടിമാരെ നായികമാരാക്കുന്നത് ശരിയോ എന്ന ചോദ്യം പ്രസക്തം. പക്ഷേ അമ്പത് കടന്ന കമലഹാസനും രജനീകാന്തുമൊക്കെ മകളാകാന്‍ പ്രായമുള്ള നടിമാരെയാണ് നായികമാരാക്കുന്നത്. ഇത് പുതിയ കാര്യമൊന്നുമല്ല. മോഹന്‍ലാലിനൊപ്പം സിനിമയില്‍ അരങ്ങേറിയ പൂര്‍ണിമാ ജയറാമിന്റെ മകളാണ് പുതിയ മോഹന്‍ലാല്‍ ചിത്രത്തിലെ നായിക! അങ്ങനെ പാടില്ലെന്ന് പൂര്‍ണിമാ ജയറാം വികാരം കൊള്ളാത്തതെന്തേ? പൃഥ്വിരാജ് പറയുന്നതനുസരിച്ചാണെങ്കില്‍ മകള്‍ക്കു പകരം പൂര്‍ണിമ തന്നെ മോഹന്‍ലാലിന്റെ നായികയാവണം.
നാളത്തെ മോഹന്‍ലാല്‍ എന്ന് പലരും വിശേഷിപ്പിക്കുന്ന പൃഥ്വിരാജ് നാല്പതു കടന്നും ഈ അഭിനയരംഗത്തൊക്കെയുണ്ടെങ്കില്‍ ഇപ്പോള്‍ തന്റെ കൂടെ അഭിനയിക്കുന്ന കാവ്യാ മാധവനെയും മീരാ ജാസ്മിനെയും തന്നെയാണോ നായികയാക്കുക? അച്ഛന്‍ സുകുമാരന്‍ സൂപ്പര്‍താരമായി വിലസിയപ്പോള്‍ അഭിനയിച്ചത് ഏതു പ്രായത്തിലുള്ള നടിമാരോടൊപ്പമായിരുന്നു?- പൃഥ്വിരാജിന് ഉത്തരം പറയാന്‍ ഇങ്ങനെ ചില ചോദ്യങ്ങള്‍ കൂടിയുണ്ട്. അഭിമുഖത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വലിയ നടന്‍മാരായത് നല്ല തിരക്കഥ ലഭിച്ചതു കൊണ്ടാണെന്നും തനിക്ക് വലിയ നടനാണെന്നു തെളിയിക്കാന്‍ നല്ല തിരക്കഥ കിട്ടുന്നില്ലെന്നും അദ്ദേഹം മൊഴിഞ്ഞു. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും പോന്ന നടനാണ് താനെന്നൊരു ഭാവം അദ്ദേഹത്തിന്റെ മുഖത്ത് തെളിയുന്നതും കണ്ടു. ഇരുന്നിട്ട് കാല്‍ നീട്ടിയാല്‍ പോരെയെന്ന് അമ്മ മല്ലിക തന്നെ മകനെ പറഞ്ഞു മനസിലാക്കുന്നതാവും നല്ലത്.


Click it and Unblock the Notifications