twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയ് വിനയന്‍!

    By Staff
    |

    ജയ് വിനയന്‍!

    ആഴ്ചക്കണക്കിനാണ് സംവിധായകന്‍ വിനയന്‍ സിനിമകള്‍ പടച്ചുവിടുന്നത്. ഒരു സിനിമയൊരുക്കാന്‍ മൂന്ന് വര്‍ഷത്തിന്റെ ഇടവേള വരെയെടുക്കുന്ന സംവിധായകര്‍ മലയാളത്തില്‍ ഉണ്ടെന്നിരിക്കെ, പലരും പറ്റിയ പ്രമേയത്തിനായി നീണ്ട കാത്തിരിപ്പ് നടത്താറുണ്ടെന്നിരിക്കെ നമ്മുടെ വിനയന് മാത്രം പ്രമേയദാരിദ്യ്രമില്ല.

    സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കണമെന്ന് ആഗ്രഹവുമായി ഇരിക്കുന്നവര്‍ക്ക് മാത്രമല്ലേ പ്രമേയദാരിദ്യ്രമൊക്കെ വന്നു ഭവിക്കൂ. മോഷണം സ്ഥിരംതൊഴിലാക്കിയവന് എന്തു ദാരിദ്യ്രം? ലോകത്തില്‍ നല്ല നല്ല സിനിമകളും നോവലുകളും പലരും ഉണ്ടാക്കിവച്ചിട്ടുണ്ടെന്നിരിക്കെ, അതില്‍ നിന്ന് തനിക്ക് വേണ്ടതൊക്കെ ചുരണ്ടിയെടുത്താല്‍ പുതിയ സിനിമയയായി എന്ന് കരുതുന്ന സംവിധായകന് എപ്പോഴെങ്കിലും പ്രമേയദാരിദ്യ്രം അനുഭവിക്കേണ്ടിവരുമോ?

    ഇക്കാര്യത്തില്‍ മോഷണം എവിടെ നിന്നുമാവാം എന്നതാണ് വിനയന്റെ നയം. ശരത്ചന്ദ്രന്‍ വയനാടിനെ പോലുള്ള പാവം സംവിധായകരുടെ കഥ തൊട്ട് കുള്ളന്‍മാര്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപിന്റെയും അവിടെയെത്തുന്ന ഗള്ളിവറിന്റെയും കഥ പറയുന്ന ജോനാഥന്‍ സ്വിഫ്റ്റിന്റെ ഗള്ളിവറിന്റെ സഞ്ചാരങ്ങള്‍ എന്ന ലോകക്ലാസിക്ക് വരെ അദ്ദേഹത്തിന്റെ മോഷണത്തിന് ഇരയായെന്നുവരാം. ഒരു ദ്വീപില്‍ കഴിയുന്ന മുന്നൂറ് കുള്ളന്‍മാരുടെയും അവരുടെയിടയിലേക്ക് എത്തുന്ന മുതിര്‍ന്നവരുടെയും കഥയാണ് വിനയന്‍ തന്റെ പുതിയ ചിത്രത്തില്‍ പറയുന്നത്.

    ഗളിവര്‍ കഥ ആധാരമാക്കി ലോകസിനിമയില്‍ ഒട്ടേറെ സിനിമകളുണ്ടായിട്ടുണ്ട്. അതൊക്കെ ചുരണ്ടിയാല്‍ പുതിയ സിനിമയാവുമെങ്കില്‍ പുതിയ സിനിമക്കായി വെറുതെ നീണ്ട കാത്തിരിപ്പ് നടത്തുന്ന നമ്മുടെ ചില കിഴങ്ങന്‍ സംവിധായകരെ പോലെ മലയാള സിനിമയിലെ ഈ അത്യുജല പ്രതിഭ പുതിയ ചിത്രത്തിന്റെ പ്രമേയത്തിനായി എന്തിന് കാത്തിരിക്കണം? ഗള്ളിവറിന്റെ സഞ്ചാരങ്ങള്‍ എഴുതിയ പരേതനായ ജോനാഥന്‍ സ്വിഫ്റ്റ് വിനയനെതിരെ ഏതായാലും പകര്‍പ്പവകാശ ലംഘനത്തിന് കേസ് കൊടുക്കാന്‍ സാധ്യതയില്ലല്ലോ.

    വിനയന് ബ്രേക്ക് നല്‍കിയ ആകാശഗംഗ എന്ന ചിത്രം മുതല്‍ ഈ സംവിധായകപ്രതിഭയോടൊപ്പം മോഷണവിവാദമവുമുണ്ട്. വന്നുവന്ന് മോഷണമില്ലെങ്കില്‍ വിനയനില്ല എന്നുവന്നിരിക്കുന്നു. ആകാശഗംഗ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്നീ ചിത്രങ്ങളെല്ലാം വിനയനെ മോഷണവിവാദത്തിലാണ് കൊണ്ടുചെന്നെത്തിച്ചത്.

    ഈ വര്‍ഷം പുറത്തിറങ്ങിയ വെള്ളിനക്ഷത്രം വിനയന്‍ ചുരണ്ടിയത് ഹോളിവുഡ് ക്ലാസിക്കായ ഒമന്‍ എന്ന ചിത്രത്തില്‍ നിന്നാണ്. ഒമനിലെ പ്രേതബാധിതനായ ഒരു കുട്ടിയുടെ കഥ അതേ പടി പകര്‍ത്തിവച്ച് വിനയന്‍ വെള്ളിനക്ഷത്രമുണ്ടാക്കിയെങ്കില്‍ ഗൗതം മോനോന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ കാക്ക കാക്ക കണ്ടപ്പോള്‍ വിനയന്റെ മനസിലുദിച്ച മറ്റൊരു മോഷണചിന്തയുടെ ഉത്പന്നമാണ് സത്യം. കാക്ക കാക്കയിലെ ആക്ഷന്‍രംഗങ്ങളുടെ ഗാനരംഗങ്ങളും അതേ പടി പകര്‍ത്തിയാണ് സത്യം എന്ന ചിത്രം അദ്ദേഹമുണ്ടാക്കിയത്. ഗാനരംഗങ്ങളിലെ ഷോട്ടുകള്‍ അതേ പടി പകര്‍ത്തുന്നതില്‍ വിനയന്‍ അസാധാരണ വൈഭവവും പ്രകടിപ്പിച്ചു. ഇപ്പോഴിതാ ലോകക്ലാസിക്കില്‍ നിന്നും ചുരണ്ടിയെടുത്തുണ്ടാക്കിയ പുതിയ സൃഷ്ടിയുമായി നമ്മുടെ പ്രതിഭാധനനായ സംവിധായകന്‍ വീണ്ടുമെത്തുന്നു.

    മലയാള സിനിമക്ക് എന്ത് പ്രതിസന്ധിയുണ്ടെങ്കിലും ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായുണ്ടാക്കുന്നതില്‍ വിനയന് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയുണ്ടെന്ന് കരുതേണ്ട. ജയ് വിനയന്‍!

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X