twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാബു ആന്റണി എഡിറ്റ് ചെയ്യപ്പെട്ട കഥ

    By Staff
    |

    ബാബു ആന്റണി എഡിറ്റ് ചെയ്യപ്പെട്ട കഥ

    താണ്ഡവത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് പുറമെ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്ന നടന്മാര്‍ നെടുമുടി വേണുവും സായികുമാറും മനോജ് കെ. ജയനും ജഗതി ശ്രീകുമാറുമാണെന്ന് ചിത്രം കണ്ടവര്‍ക്കും കുറെയൊക്കെ കാണാത്തവര്‍ക്കും അറിയാം. എന്നാല്‍ ചിത്രം കണ്ടവര്‍ക്കും കാണാത്തവര്‍ക്കും ഒരു പോലെ അറിയാത്ത ഒരു കാര്യമുണ്ട്. താണ്ഡവത്തില്‍ ഒരു പ്രധാന വേഷത്തില്‍ ബാബു ആന്റണിയുമുണ്ട്.

    ആറടിയിലേറെ പൊക്കമുള്ള നീണ്ട മുടിയുമായി സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന ബാബു ആന്റണി എന്ന നടന്‍ താണ്ഡവത്തിലുണ്ടോയെന്ന് ചിത്രം സ്ക്രീനില്‍ കണ്ടവര്‍ അതിശയപ്പെടേണ്ട. ഇത് സ്ക്രീനിനു പുറത്തെ കഥയാണ്.

    ആ കഥ അമേരിക്കയില്‍ നിന്ന് തുടങ്ങുന്നു. അമേരിക്കയിലാണ് ബാബു ആന്റണി ഇപ്പോള്‍. ബാബു ആന്റണി കുറച്ചു കാലമായി സിനിമാ അഭിനയമൊക്കെ നിര്‍ത്തിയ മട്ടാണ്. മറ്റ് ചില ഏര്‍പ്പാടുകളില്‍ ശ്രദ്ധിച്ച് അമേരിക്കയില്‍ കഴിയുന്ന അദ്ദേഹത്തിന് ഒരു ദിവസം ഒരു ഫോണ്‍ കോള്‍ ലഭിച്ചു. മോഹന്‍ലാലാണ് വിളിച്ചത്.

    അഭിനയത്തോട് വിട പറഞ്ഞ മട്ടാണെങ്കിലും തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കണമെന്ന് മോഹന്‍ലാല്‍ ബാബു ആന്റണിയോട് ആവശ്യപ്പെട്ടു. ബാബു ആന്റണി മടി കാട്ടിയെങ്കിലും ഒരു പ്രധാന കഥാപാത്രമാണെന്നും അഭിനയിക്കണമെന്നും മോഹന്‍ലാല്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞതോടെ അത് നിരസിക്കാന്‍ അദ്ദേഹത്തിനായില്ല.അങ്ങനെ താണ്ഡവത്തില്‍ അഭിനയിക്കാനായി ബാബു ആന്റണി കേരളത്തിലെത്തി. ചിത്രത്തിന്റെ എഴുതിവെച്ച തിരനാടകത്തിലെ ഒരു പ്രധാന കഥാപാത്രമായ സൂഫിയെയാണ് ബാബു ആന്റണിയ്ക്ക് അവതരിപ്പിക്കേണ്ടത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം ബാബു ആന്റണി യു എസിലേക്ക് മടങ്ങി.

    പക്ഷേ താണ്ഡവം പുറത്തിറങ്ങിയപ്പോള്‍ ബാബു ആന്റണിയെ ചിത്രത്തിലെവിടെയും മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ല. സൂഫി എന്നൊരു കഥാപാത്രമേ ചിത്രത്തിലില്ല. വളരെ വൃത്തിയായി ബാബു ആന്റണിയെ ചിത്രത്തില്‍ നിന്ന് എഡിറ്റ് ചെയ്തു നീക്കിയിരിക്കുന്നു.

    അഭിനയം നിര്‍ത്തിയ തന്നെ അമേരിക്കയില്‍ നിന്ന് വിളിച്ചുവരുത്തി അഭിനയിപ്പിച്ചിട്ട് ഒടുവില്‍ കഥാപാത്രഹത്യ നടത്തിയ കഥ കേട്ട് ബാബു ആന്റണി പക്ഷേ അത്ര കാര്യമാക്കിയില്ലപോല്‍. കാരണം ഇതേ അനുഭവം അദ്ദേഹത്തിന് മുമ്പുമുണ്ടായിട്ടുണ്ട്. ടി. എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സ്റാലിന്‍ ശിവദാസില്‍ ഇതുപോലെ ബാബു ആന്റണി അഭിനയിച്ച ഭാഗങ്ങള്‍ മുറിച്ചുകൂട്ടി ചവറ്റുകൊട്ടിയിലിട്ടിരുന്നു.

    ഇതു പോലൊരു അനുഭവം നടി രമ്യാ കൃഷ്ണനുമുണ്ടായിട്ടുണ്ട്. താണ്ഡവത്തിന്റെ സംവിധായകനായ ഷാജി കൈലാസിന്റെ സുരേഷ് ഗോപി ചിത്രമായ മഹാത്മയില്‍ ഒരു പ്രധാന വേഷമാണ് രമ്യയ്ക്കുണ്ടായിരുന്നത്. ഹിന്ദിയിലും തമിഴിലും തിളങ്ങി നില്‍ക്കുകയായിരുന്ന രമ്യയെ വന്‍ പ്രതിഫലം കൊടുത്താണ് മഹാത്മയില്‍ അഭിനയിക്കാനായി കൊണ്ടുവന്നത്. പക്ഷേ ചിത്രം പുറത്തുവന്നപ്പോള്‍ രമ്യയുടെ കഥാപാത്രമെന്താണെന്ന് പോലും പ്രേക്ഷകര്‍ക്ക് മനസിലായില്ല. ഒരു ഗാനരംഗത്തില്‍ രമ്യ ദേഹമിളക്കിയാടുന്നത് മാത്രം പ്രേക്ഷകര്‍ക്ക് മനസിലായി.

    രമ്യയെ അഭിനയിപ്പിക്കാനായി വന്‍തുക മുടക്കിയ നിര്‍മാതാവിന് ആ തുക നഷ്ടമായി. ഈ അനുഭവത്തിന്റെ നീരസം മനസിലുള്ളതിനാല്‍ രമ്യാ കൃഷ്ണന്‍ കുറച്ചുകാലം മലയാളത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും അവര്‍ പിന്നെയും മലയാളത്തില്‍ അഭിനയിക്കാനെത്തി. ഷാജി കൈലാസ് പിന്നെയും സിനിമകള്‍ സംവിധാനം ചെയ്തു. പക്ഷേ മഹാത്മയുടെ നിര്‍മാതാവ് പിന്നീടൊരു ചിത്രം നിര്‍മിച്ചിട്ടില്ല!

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X