twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാത്തുവച്ചൊരു കസ്തൂരിമാമ്പഴം.......

    By Staff
    |

    കാത്തുവച്ചൊരു കസ്തൂരിമാമ്പഴം.......

    സിനിമാരംഗത്ത് കസ്തൂരിമാമ്പഴങ്ങളാരും അധികം കാത്തുവയ്ക്കാറില്ല. ശരിക്കും മൂത്തുപഴുത്തോ എന്ന് നോക്കിക്കൊണ്ടിരുന്നാല്‍ അത് ആരെങ്കിലും കൊത്തിക്കൊണ്ടുപോവാന്‍ അധികനേരം വേണ്ട. സിനിമാലോകത്ത് അനുഭവപരിചയമുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യം.

    എന്നാലും ചിലര്‍ അനുഭവ പരിചയമുള്ളവരെങ്കില്‍ തന്നെയും കഥകള്‍ മനസിലിട്ട് മൂത്തുപഴുത്ത് പരുവമാകാനായി കാത്തിരുന്നുവെന്നുവരും. മനസില്‍ പരുവമാവുന്ന സൃഷ്ടിയുടെ കാര്യം ആരോടെങ്കിലും മിണ്ടിപ്പോയെന്നുംവരും. പിന്നെയതാ കുറച്ചുനാള്‍ കഴിഞ്ഞാല്‍ കാത്തുവച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തി പോയേ.... എന്ന് ചിലരൊക്കെ പരിഹസിച്ചു പാടുന്നത് കേള്‍ക്കേണ്ടിയുംവരും.

    സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തില്‍ പോലും പയറ്റിയിട്ടുള്ള രഞ്ജി പണിക്കര്‍ക്ക് സിനിമാരംഗത്തെ ഇത്തരം കൊത്തിക്കൊണ്ടുപോവലിനെ കുറിച്ച് അറിയാഞ്ഞിട്ടല്ല. എങ്കിലും അദ്ദേഹത്തിനും പറ്റി അബദ്ധം. താന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയുടെ ത്രെഡ് അബദ്ധത്തില്‍ അദ്ദേഹം വിശ്വസ്തനാണെന്ന് കരുതിയ ആരോടോ പറഞ്ഞുപോയി. ഇപ്പോഴിതാ ആ മാമ്പഴം മറ്റൊരാള്‍ സിനിമാച്ചന്തയില്‍ വില്‍ക്കാന്‍ വയ്ക്കാന്‍ പോവുന്നു.

    മാറാട് സംഭവം നടന്നപ്പോള്‍ തന്നെ രഞ്ജി ഉറപ്പിച്ചതാണ് തന്റെ അടുത്ത സിനിമ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഈ സംഭവത്തെ കുറിച്ചുതന്നെ. സിനിമയില്‍ മോഹന്‍ലാലിനെ നായകനായും തീരുമാനിച്ചു. മാറാട് പ്രശ്നത്തിന് പിന്നിലെ എല്ലാ ഛിദ്രശക്തികള്‍ക്കെതിരെയും ആഞ്ഞടിക്കാനായി തൂലികയുന്താന്‍ തുടങ്ങിയതിനിടയിലാണ് തന്റെ പുതിയ സിനിമയുടെ വിഷയത്തെ പറ്റി രഞ്ജിയുടെ വായില്‍ നിന്ന് വീണുപോയത്. വീണ വാക്കിനൊപ്പം ആ വിഷയവും ഉപേക്ഷിക്കേണ്ട ഗതികേടിലായി രഞ്ജി.

    മാറാട് പ്രശ്നത്തെ ആസ്പദമാക്കി കെ. കെ. ഹരിദാസ് ഒരു ചിത്രം ഒരുക്കാന്‍ പോവുന്നുവെന്നും ചിത്രീകരണം അടുത്തുതന്നെയുണ്ടാവുമെന്നും അറിഞ്ഞതോടെ സിനിമയിലെ കൊത്തിയെടുക്കല്‍ തുടര്‍ക്കഥ തന്റെ കാര്യത്തിലും ആവര്‍ത്തിച്ചുവെന്ന് രഞ്ജിക്ക് ബോധ്യമായി. സുരേഷ്ഗോപിയെ നായകനാക്കിയാണത്രെ ഹരിദാസ് മാറാട് സിനിമ ഒരുക്കുന്നത്. അങ്ങനെ കാത്തുവച്ച രഞ്ജിയുടെ മാറാട് ഹരിദാസ് കൊത്തിക്കൊണ്ടുപോയി. പുതിയ കഥയുടെ ആലോചനയിലാണ് രഞ്ജി ഇപ്പോള്‍.

    സിനിമാരംഗത്ത് ഇത്തരം അക്കിടികള്‍ പറ്റിയിട്ടുള്ള പ്രമുഖരില്‍ രഞ്ജി പണിക്കര്‍ ഒറ്റയ്ക്കല്ല. ശരത്തിന്റെ സുമുഖി ടി. കെ. രാജീവ്കുമാറിന്റെ സുന്ദരിയായി മാറിയതും ഇത്തരമൊരു കൊത്തിയെടുക്കല്‍ തന്നെ. ലോകസുന്ദരി യുക്താമുഖിയെ നായികയാക്കി ലോകസുന്ദരി മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചിത്രമൊരുക്കുന്നുവെന്ന് ശരത് പ്രഖ്യാപിച്ചിരുന്നത് മാധ്യമങ്ങളിലെല്ലാം പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിരുന്നതാണ്. പിന്നെയൊരുനാള്‍ കേള്‍ക്കുന്നു ടി. കെ. രാജീവ്കുമാര്‍ സുന്ദരി എന്നൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയെന്നും ഈ ചിത്രത്തിന്റെ കഥ ലോകസുന്ദരി മത്സരത്തിന്റെ പശ്ചാത്തലത്തിലാണെന്നും. ചിത്രീകരണം തുടങ്ങുംമുമ്പ് ചിത്രത്തെ കുറിച്ച് യാതൊരു സൂചനകളും രാജീവ്കുമാര്‍ നല്‍കിയിരുന്നുമില്ല. അതോടെ സുമുഖിയെ അടിച്ചുമാറ്റി രാജീവ്കുമാര്‍ സുന്ദരിയാക്കിയെന്ന് ശരത്തിന് ബോധ്യമായി. മറ്റൊരാള്‍ കൈവച്ച സുമുഖിയെ അദ്ദേഹം ഉപേക്ഷിക്കുകയും ചെയ്തു.

    പ്രിയദര്‍ശന്റെ മമ്മൂട്ടി ചിത്രമായ മേഘവും ഇത്തരമൊരു വിവാദം ഉയര്‍ത്തിയിരുന്നു. ഒരു കേണലിന്റെ കഥയാണ് മേഘം പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരു കേണലിന്റെ കഥ പ്രമേയമായ സിനിമ താനും ഒരുക്കാന്‍ ഉദ്ദേശിച്ചിരുന്നെന്നും ഈ ഐഡിയ പ്രിയന്‍ മോഷ്ടിച്ചതാണെന്നും ആരോപിച്ച് ഷാജി രംഗത്തെത്തി. പക്ഷേ, ബഹളമുണ്ടാക്കാനല്ലാതെ ഷാജിക്കെന്തു ചെയ്യും. മനസിലുള്ള കഥക്ക് കോപ്പിറൈറ്റ് അവകാശപ്പെടാനാവില്ലല്ലോ.

    ഷാജി കൈലാസിന് പിന്നീടും ഇത്തരമൊരു അമളി പറ്റി. തമിഴില്‍ തിരുടാ എന്നൊരു ചിത്രം ഷാജി പ്ലാന്‍ ചെയ്തിരുന്നതാണ്. പിന്നീടാണ് അറിഞ്ഞത് മനസിലുള്ളതു പോലൊരു കഥ പ്രമേയമാക്കി റെഡ് എന്ന അജിത്ത് ചിത്രം ഒരുങ്ങുന്നുണ്ടെന്ന്. അതോടെ ആ ചിത്രം ഉപേക്ഷിച്ചു. എന്നാല്‍ റെഡ് പുറത്തിറങ്ങിയതിന് ശേഷം കണ്ടപ്പോള്‍ തന്റെ കഥയുമായി സാമ്യമില്ലെന്ന് ഷാജിക്ക് മനസിലായി. അപ്പോഴേക്കും ഷാജി കാത്തുവച്ചിരുന്ന മാമ്പഴത്തിന് പോട് വീണിരുന്നു.

    കഥ ആരും അടിച്ചുമാറ്റരുതെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഈ സംവിധായകരൊക്കെ ഒരു കാര്യം ചെയ്യണം. മണിരത്നത്തെ മാതൃകയാക്കണം. തന്റെ സിനിമയുടെ കഥ പുറത്തുപറയരുതെന്ന് സിനിമയോട് സഹകരിക്കുന്ന എല്ലാവര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടാണ് മണിരത്നം സിനിമ തുടങ്ങുന്നത്. ആ വിലക്ക് ലംഘിക്കപ്പെടാറുമില്ല.

    പക്ഷേ ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ഹിറ്റ് മേക്കറായ രാംഗോപാല്‍ വര്‍മ നേരെ തിരിച്ചാണ്. ഈ സംവിധായകരെ പോലെ തന്റെ കഥ ആരെങ്കിലും അടിച്ചുമാറ്റുമോയെന്ന വേവലാതിയൊന്നും അങ്ങേര്‍ക്കില്ല. മാത്രമല്ല സിനിമയുടെ പശ്ചാത്തലമൊക്കെ നേരത്തെ പുറത്തുവിട്ട് ഒരു ഹൈപ്പ് അങ്ങേര്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യും. കൊത്തിക്കൊണ്ടുപോവുമെന്ന വേവലാതിയുമായി ഉറക്കമിളച്ചിരിക്കുന്ന സംവിധായകര്‍ക്ക് ഏതായാലും വര്‍മയെ അനുകരിക്കാനാവില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X