അവാര്‍ഡ് കിട്ടാത്തതില്‍ എന്തു ദു:ഖം?
അവാര്‍ഡ് കിട്ടില്ലെന്ന് കണ്ടാല്‍ അത് പുളിക്കുമെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കാം. അവാര്‍ഡിലൊന്നും കാര്യമില്ലെന്നും പറയാം. പുളിക്കുന്ന മുന്തിരിങ്ങ കിട്ടാത്തതില്‍ എന്തിന് ദു:ഖിക്കണം?
അവാര്‍ഡിനായി കുറെ കഷ്ടപ്പെട്ടതാണ്. കൂനനായും പെണ്ണായും അഭിനയിച്ചുനോക്കി. അവാര്‍ഡ് സിനിമ പിടിക്കുന്നവരെ കൊണ്ട് സ്വന്തം പോക്കറ്റില്‍ നിന്ന് പണമിറക്കി സിനിമെയടുപ്പിച്ചു. കാശ് പോയത് മിച്ചം. അവാര്‍ഡ് കിട്ടാക്കനിയാണെന്ന് ഉറപ്പായാല്‍ പിന്നെ അത് പുളിക്കുമെന്നും ഉറപ്പാണല്ലോ.
അതുകൊണ്ടാണ് അവാര്‍ഡ് കിട്ടാത്തതില്‍ ദു:ഖമില്ലെന്ന് പ്രഖ്യാപിക്കുന്നത്. അതിന് കാരണവുമുണ്ട്. എനിക്കൊന്നും അവാര്‍ഡ് ലഭിക്കില്ലെന്ന യാഥാര്‍ത്ഥ്യം ഞാന്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞു. അവാര്‍ഡ് തരാത്തത്തിന്റെ ന്യായീകരണമായി പറയുന്നത് മറ്റുള്ളവരെ അനുകരിക്കുന്ന മിമിക്രിക്കാരനിലൂടെ സിനിമാ നടനായി മാറിയതു കൊണ്ടാണത്രെ. എനിക്കൊരിക്കലും നാട്യങ്ങള്‍ കാണിക്കാനോ കടന്നുവന്ന വഴികള്‍ മറക്കാനോ സാധിക്കില്ല.ഇങ്ങനെ കൂടി തട്ടിമൂളിച്ചാല്‍ പിന്നെ ഇനിയൊരു കാലത്തും അവാര്‍ഡിനായി ശ്രമിക്കില്ലെന്ന് നാട്ടുകാര്‍ വിചാരിച്ചോളും.
പക്ഷേ കടന്നുവന്ന വഴികള്‍ മറക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞത് അത്ര കണ്ടങ്ങ് ശരിയാണോ? മിമിക്രിക്കാരനായാണ് തുടങ്ങിയത്. മിമിക്രിയാണ് സിനിമയിലേക്കുള്ള വാതില്‍ തുറന്നു തന്നത്. പക്ഷേ ഏതെങ്കിലും വേദിയില്‍ കാണികള്‍ക്ക് ഒന്ന് ഹരം പകരാന്‍ പഴയ മിമിക്രിയൊന്നു കാണിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാലോ? വന്ന വഴി മറക്കില്ലെന്ന വിനയമങ്ങ് ആ മുഖത്തു നിന്ന് മാറും. സൂപ്പര്‍സ്റാര്‍ മിമിക്രി കാണിക്കുകയോ എന്ന ഭാവം മുഖത്ത് തെളിയും. പഴയ മിമിക്രിക്കാരായ ജയറാമും കലാഭവന്‍ മണിയുമൊക്കെ ഇപ്പോഴും വേദികളില്‍ മിമിക്രി കാണിക്കാറുണ്ടല്ലോയെന്ന് ചോദിച്ചാല്‍ അവരെപോലാണോ ഈ സൂപ്പര്‍സ്റാര്‍ എന്ന മറുചോദ്യം മുഖത്ത് കനക്കും.
അല്ലെങ്കില്‍ തന്നെ സിനിമയില്‍ കാണിക്കുന്ന മിമിക്രി തന്നെ പോരെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍. സിനിമയില്‍ വന്ന കാലത്ത് ഇന്നസെന്റിനെയും മോഹന്‍ലാലിനെയും അനുകരിക്കുകയായിരുന്നു പ്രധാന കലാപരിപാടി. അതിപ്പോഴും തുടരുന്നു. മിമിക്രി തന്നെയാണ് ഇപ്പോഴും വയറ്റുപിഴപ്പ്.
മോഹന്‍ലാലിനെ അനുകരിച്ചാല്‍ ആക്ഷന്‍ ഹീറോയായി. വലിയ ജുബ്ബയുമിട്ട് ശ്വാസം വലിച്ചുകയറ്റി മസിലു പെരുപ്പിച്ചാല്‍ നരസിഹമാവും. സ്റണ്ട് കാണിക്കുന്നതും ലാലേട്ടനെ പോലെ തന്നെ വേണം. അങ്ങനെയാണ് ഡോണുമാര്‍ ജനിക്കുന്നത്. കിടിലന്‍ ഡയലോഗ് പറഞ്ഞ് പ്രേക്ഷകരെ കോരിത്തരിപ്പിക്കാനും ലാലേട്ടന്‍ സ്റൈല്‍ തന്നെ.
ആക്ഷന്‍ ഹീറോയാവാനുള്ള ഉയരവും തടിമിടുക്കൊന്നുമില്ലെങ്കിലും ലാലേട്ടനെ പോലെ കാണിച്ചാല്‍ ആക്ഷന്‍ ഹീറോയാവും. സ്വന്തമായൊരു ശൈലിയില്ലെങ്കില്‍ മറ്റുള്ളവരുടെ ശൈലി മിമിക് ചെയ്താലും മതി. ആക്ഷന്‍ ഹീറോയുടെ മിമിക്രി ഭാവങ്ങള്‍ മലയാളത്തില്‍ ഇതിനു മുമ്പ് ആരു കാണിച്ചിരിക്കുന്നു? മലയാളത്തിലെ നായക സങ്കല്പത്തിന് തന്നെ പുതിയൊരു ഭാവമല്ലേ കൈവരുന്നത്. സിഐഡി മൂസയിലെ നായകന്‍ പറയുന്നതു പോലെഞാനൊരു സംഭവം തന്നെയാണ്. അല്ലേ?.
സിനിമയില്‍ നല്ല നടനുള്ള അവാര്‍ഡ് മാത്രമല്ലേയുള്ളൂ. സിനിമയില്‍ നന്നായി മിമിക്രി കാണിക്കുന്നയാള്‍ക്ക് അവാര്‍ഡില്ലല്ലോ.. പിന്നെങ്ങനെ അവാര്‍ഡ് കിട്ടും?
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications