ആ മരം പെയ്യില്ല
ആ മരം പെയ്യില്ല
രഞ്ജിത്തിന് മരം പെയ്യിക്കാനാവില്ല. മോഹന്‍ലാല്‍ അവസാന നിമിഷം മുഖം തിരിച്ചതിനെ തുടര്‍ന്നാണത്രെ മരം പെയ്യിക്കാനുള്ള പദ്ധതി രഞ്ജിത്തിന് ഉപേക്ഷിക്കേണ്ടിവന്നത്. മുഖം തിരിക്കാനുള്ള കാരണമോ മോഹന്‍ലാലിന്റെ പ്രതിഫലവും.
രാവണപ്രഭുവിന് ശേഷം മോഹന്‍ലാലോടൊത്ത് പുതിയ സിനിമ ചെയ്യാന്‍ പദ്ധതിയിടുമ്പോള്‍ രഞ്ജിത്തിന് ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. ഇതിലെന്തായാലും മെഗാതാരത്തെ കൊണ്ട് മീശ പിരിപ്പിക്കരുത്. മോഹന്‍ലാലിനെ മീശപിരിയനാക്കിയതിന്റെ പഴി കേള്‍ക്കുന്ന താന്‍ തന്നെ വേണം ആ മീശ താഴോട്ട് താഴ്ത്തി ലാലിനെ പഴയ പടിയാക്കാന്‍. അങ്ങനെയാണ് മരം പെയ്യുമ്പോള്‍ എന്ന ചിത്രം രഞ്ജിത്തിന്റെ ഭാവനയില്‍ വിരിയുന്നത്.
ലാലിനും പിരിച്ചുവെച്ച മീശ താഴോട്ടാക്കണമെന്ന ആഗ്രഹം തുടങ്ങിയിട്ടുണ്ട്. സംവിധായകരൊന്നും അനുവദിക്കാത്തതു കൊണ്ടാണത്രേ അദ്ദേഹം മീശ സ്ഥിരമായി മുകളിലോട്ട് കയറ്റിവെച്ചിരിക്കുന്നത്. അപ്പോഴാണ് മീശ ഒരു തരത്തിലും പിരിക്കേണ്ടിവരില്ലാത്ത ഒരു കഥയുമായി രഞ്ജിത്ത് വന്നത്.
മായാമയൂരം, സമ്മര്‍ ഇന്‍ ബത്ലഹേം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ വൈവിധ്യമുള്ള സിനിമകള്‍ക്ക് തിരക്കഥയെഴുതിയ രഞ്ജിത്തിന്റെ പുതിയ കഥയ്ക്കും ഇത്തിരി വൈവിധ്യമൊക്കെയുണ്ട്. ജയിലില്‍ കഴിയുന്ന ഒരഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് രഞ്ജിത്ത് പറയുന്നത്. അഛന്‍ വേഷമാണ് ലാല്‍ ചെയ്യേണ്ടത്. ലാല്‍ കഥ കേട്ടപാതി കേള്‍ക്കാത്ത പാതി സമ്മതം മൂളുകയും ചെയ്തു.
തുടര്‍ന്ന് എല്ലാ കാര്യങ്ങളും മുറയ്ക്ക് നടക്കാന്‍ തുടങ്ങി. മരം പെയ്യുമ്പോള്‍ നടന്‍ കൂടിയായ അഗസ്റിന്‍ നിര്‍മിക്കും. (ഷാജി കൈലാസ്-രഞ്ജിത്ത്-മോഹന്‍ലാല്‍ ഫോര്‍മുലയില്‍ നേരത്തെ ഒരു പണംവാരിപടം നിര്‍മിക്കുന്ന കാര്യം അഗസ്റിന്‍ പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ അത് സിനിമാ ലോകത്ത് പലപ്പോഴും സംഭവിക്കുന്ന വെറും പ്രഖ്യാപനം മാത്രമായൊടുങ്ങിയതോടെയാണ് അഗസ്റിന്‍ മീശ പിരിക്കാത്ത ലോ ബഡ്ജറ്റ് ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങിയത്) രഞ്ജിത്ത് തിരക്കഥ രചിക്കാന്‍ തുടങ്ങി. നായികയെ തീരുമാനിച്ചു. ഫയര്‍ ഫെയിമും ചില മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുള്ള നന്ദിതാദാസ്. ചിത്രീകരണത്തിന്റെ തീയതിയും തീരുമാനിച്ചു.
എന്നാല്‍ കാര്യങ്ങളൊക്കെ ഇങ്ങനെ മുറയ്ക്ക് നടക്കുമ്പോഴും നിര്‍മാതാവും സംവിധായകനും ആദ്യമേ പറഞ്ഞുറപ്പിക്കേണ്ടിയിരുന്ന ഒരു കാര്യം പിന്നീടാണ് ചര്‍ച്ചയ്ക്ക് വന്നത്. മോഹന്‍ലാലിന്റെ പ്രതിഫലക്കാര്യം. ലോ ബഡ്ജറ്റാണല്ലോ, മോഹന്‍ലാല്‍ മീശ പിരിയന്‍ ചിത്രങ്ങള്‍ക്ക് വാങ്ങുന്ന പ്രതിഫലം ഇതില്‍ വാങ്ങില്ലല്ലോ എന്നായിരുന്നത്രെ നിര്‍മാതാവിന്റെയും സംവിധാകന്റെയും ധാരണ.
എന്നാല്‍ പ്രതിഫലം കുറയ്ക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ മെഗാതാരത്തിന്റെ മട്ടും ഭാവവും മാറി. ഇനി പിരിക്കേണ്ടിവരില്ലല്ലോ എന്ന് കരുതി താഴോട്ടാക്കിവെച്ച മീശ അദ്ദേഹം രൗദ്രഭാവത്തോടെ മുകളിലേക്ക് കയറ്റി. താന്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ തന്റെ സ്ഥിരം പ്രതിഫലം കിട്ടിയിരിക്കണം എന്നായി മെഗാസ്റാര്‍.
നിര്‍മാതാവും സംവിധായകനും മെഗാതാരത്തിന്റെ ഉറ്റ കൂട്ടുകാരാണ്. ലാലിന്റെ പല ഭാവങ്ങള്‍ കണ്ടിട്ടുള്ള അവര്‍ ഇതുമൊരു നമ്പരാണെന്ന് ആദ്യം കരുതി. പിന്നെ കാര്യം ഗുരുതരം തന്നെയെന്ന് ബോധ്യപ്പെട്ടപ്പോള്‍ ലാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ പ്രയോജനമില്ല. പ്രതിഫലം അണാ പൈസ കുറയ്ക്കില്ലെന്ന് മെഗാതാരം.
അതോടെ മരം പെയ്യില്ലെന്ന് നിര്‍മാതാവിനും സംവിധായകനും ബോധ്യമായി. താന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം പുറത്തിറക്കാനാവാതെ പെട്ടിയിലിരിക്കുന്നതിന്റെ മനോവിഷമത്തിന് പിന്നാലെ രഞ്ജിത്തിന് ഒരു ഇരുട്ടടി കൂടി കിട്ടി.
മോഹന്‍ലാലിന് ഇതെന്തുപറ്റിയെന്ന് അവര്‍ അതിശയിച്ചു. വല്ല നിര്‍മാതാവും ഇട്ടേച്ചുപോയ ചിത്രത്തിന്റെ നിര്‍മാണം പോലും സംവിധായകനെയോര്‍ത്ത് ഏറ്റെടുത്തിട്ടുള്ള മോഹന്‍ലാലിന്റെ ഈ പുതിയ മുഖം കൂട്ടുകാര്‍ ഒട്ടും പ്രതീക്ഷിച്ചതല്ല.
പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ പിന്നെയും നടന്നു. കമ്പനിയിലൂടെ തന്നെ ആദ്യമായി ഹിന്ദിയില്‍ അവതരിപ്പിച്ച രാംഗോപാല്‍വര്‍മയെ മോഹന്‍ലാല്‍ കോടതി കയറ്റിയത് ഇതിനിടയിലാണ്. കമ്പനിയില്‍ അഭിനയിച്ചതിന് തനിക്ക് ലഭിക്കേണ്ട പ്രതിഫലബാക്കിയായ 14 ലക്ഷം രൂപ കിട്ടാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ കേസ് കൊടുത്തത്. രാംഗോപാല്‍ വര്‍മ നിര്‍മിക്കുന്ന റോഡ് റിലീസായതിന് ശേഷം പണം കൊടുക്കാമെന്നായിരുന്നത്രെ പറഞ്ഞിരുന്നത്. അത് സമ്മതിച്ച മോഹന്‍ലാല്‍ പക്ഷേ റോഡ് റിലീസായതിന് ശേഷം രണ്ട് ദിവസം പോലും കാത്തിരിക്കാന്‍ തയ്യാറായില്ല. റോഡ് റിലീസായ ദിവസം തന്നെ കേസുമായി കോടതിയിലെത്തി.
താണ്ഡവമൊക്കെ പൊട്ടിപ്പൊളിയുകയും ഇമേജ് തകര്‍ച്ചയെ നേരിടുകയും ചെയ്യുന്ന മെഗാതാരത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ ബിസിനസിലാണ്. ബിസിനസൊക്കെ നന്നായി പോവണമെങ്കില്‍ പണം വേണ്ടേ. അപ്പോള്‍ പിന്നെ ബിസിനസ് നന്നാവാന്‍ കോടതിയില്‍ പോവുകയും സുഹൃത്തുക്കളെ പിണക്കുകയും ചെയ്യുന്നതില്‍ എന്താണ് തെറ്റ്? പണ്ട് ഷാജി എന്‍. കരുണിന്റെ വാനപ്രസ്ഥം ചിത്രീകരിക്കാന്‍ കഥകളി വേഷത്തിന് പുറമെ നിര്‍മാതാവിന്റെ വേഷം കൂടി കെട്ടിയതിനാല്‍ ദിവസം ഒരു ലക്ഷം രൂപ വാടകയുള്ള പാനാവിഷന്‍ ക്യാമറ മാസങ്ങളോളം വാടകയ്ക്കെടുക്കേണ്ടിവരികയും ഒടുവില്‍ ഒരു ദേശീയ അവാര്‍ഡിന്റെ മെച്ചം മാത്രം തിരിച്ചുകിട്ടുകയും ചെയ്ത അനുഭവത്തിന് മോഹന്‍ലാല്‍ അങ്ങനെയെങ്കിലും പ്രായശ്ചിത്തം ചെയ്യേണ്ടേ...


Click it and Unblock the Notifications