ഷാഫി പിടിച്ച പുലിവാല്
ഷാഫി പിടിച്ച പുലിവാല്
പേരിലെന്തിരിക്കുന്നുവെന്ന് ഷേക്സ്പിയര്‍ക്ക് ചുമ്മാ പറയാമായിരുന്നു. കാരണം അന്ന് നാട്ടില്‍ വിഎച്ച്പിയും സംഘ്പരിവാറുമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇന്ന് പേരില്‍ പലതുമുണ്ട്. പേരിന്റെ പേരില്‍ പലരും പുലിവാല് പിടിക്കുന്നുമുണ്ട്.
തന്റെ പുതിയ ചിത്രത്തിന് ഹനുമാന്‍ ജംഗ്ഷന്‍ എന്ന് പേരിടാന്‍ തോന്നിയതോടെയാണ് ഷാഫി എന്ന സംവിധായകന്‍ പേരിന്റെ പേരില്‍ പുലിവാല്‍ പിടിച്ചത്. ഹനുമാന്‍ എന്നത് ഒരു ദൈവത്തിന്റെ പേരാണെന്നും ചിത്രത്തിന്റെ സംവിധായകനായ ഷാഫിയുടെ പേര് ഒരു മുസ്ലിം പേരാണെന്നും കുമ്മനം രാജശേഖരന്റെ ആള്‍ക്കാര്‍ കണ്ടുപിടിച്ചതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി.
ഹനുമാന്‍ ജംഗ്ഷന്‍ എന്ന് പേരിട്ടിരിക്കുന്നത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താന്‍ വേണ്ടിയാണെന്നും തന്റെ മുന്‍ചിത്രത്തിന് കല്യാണരാമന്‍ എന്ന് പേരിട്ട് രാമഭക്തരുടെ വികാരം നേരത്തെ വ്രണപ്പെടുത്തിയിട്ടുള്ള ഷാഫി ആള് വര്‍ഗീയവാദിയാണെന്നും വിഎച്ച്പി പ്രഖ്യാപിച്ചതോടെ സംവിധായകന്‍ അങ്കലാപ്പിലായി. വിഎച്ച്പിക്കാര്‍ സിനിമ കണ്ടില്ലെങ്കിലും അവര്‍ എന്തെങ്കിലും പുകിലുണ്ടാക്കിയാല്‍ മതിയല്ലോ സിനിമയുടെ റിലീസിംഗിനെ വരെ ബാധിക്കാന്‍. അങ്ങനെയാണ് ഷാഫി സിനിമയുടെ പേര് മാറ്റാന്‍ തീരുമാനിച്ചത്.
പേര് മാറ്റിയതോടെ വിഎച്ച്പിക്കാര്‍ തണുത്തെങ്കിലും പേരിന്റെ പേരിലുണ്ടായ അനിശ്ചിതത്വം മാറിക്കിട്ടുന്നില്ല. ഹനുമാന്‍ ജംഗ്ഷന്‍ എന്ന വികാരം വ്രണപ്പെടുത്തുന്ന പേര് മാറ്റി തേവരത്തെരുവ് എന്നാക്കി. പുതിയ പേര് പ്രഖ്യാപിക്കുകയും ചെയ്തു.
പേര് പ്രഖ്യാപിച്ചതിന് ശേഷമാണ് തേവര്‍ എന്നത് തമിഴ്നാട്ടിലെ ഒരു പ്രമുഖജാതിയാണെന്നതും ഇനി അതിന്റെ പേരിലെന്തെങ്കിലും പ്രശ്നമുണ്ടാവുമോയെന്നും ഷാഫി ഓര്‍ത്തത്. ഉടന്‍ വീണ്ടും പേര് മാറ്റി, പുലിവാല്‍ കല്യാണം എന്നാക്കി.
ഇപ്പോഴിതാ വീണ്ടും പേര് മാറ്റാന്‍ പോവുന്നെന്ന് കേള്‍ക്കുന്നു. ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഇപ്പോള്‍ ഷാഫിയുടെ പുതിയ ചിത്രമെന്ന് മാത്രമാണ് പരാമര്‍ശം. പേരിലെ പുലിവാലിന്റെ പേരില്‍ താനിനി വീണ്ടും പുലിവാല്‍ പിടിക്കുമോ എന്ന് കരുതിയാണോ എന്തോ പേരിന്റെ കാര്യത്തിലുള്ള ചാഞ്ചാട്ടം ഷാഫിക്ക് മാറിയിട്ടില്ല.
പേരിന്റെ പേരില്‍ പുലിവാല് പിടിക്കുന്ന സിനിമാലോകത്തെ ആദ്യത്തെ സംവിധായകനല്ല ഷാഫി. വിഎച്ച്പിയും ഹിന്ദു ഐക്യവേദിയുമൊക്കെ ഉണ്ടാവുന്നതിന് മുമ്പുള്ള പ്രാചീനകാലത്തു തന്നെ നായര് പിടിച്ച പുലിവാല് എന്ന ചിത്രത്തിന്റെ സംവിധായകന്‍ കുറെ വിവാദമുണ്ടാക്കിയതാണ്. അക്കാലത്തുതന്നെ എന്‍എസ്എസും നാരായണപ്പണിക്കരുമൊക്കെ ഉണ്ടായിരുന്നതാണ് സംവിധായകന് വിനയായത്.
പൊന്മുട്ടയിടുന്ന തട്ടാന്‍ എന്ന് സിനിമക്ക് പേരിട്ടതിന്റെ പേരില്‍ സത്യന്‍ അന്തിക്കാടിനും തിരക്കഥാകൃത്ത് രഘുനാഥ് പലേരിക്കുമെതിരെ തട്ടാന്‍മാര്‍ രംഗത്തെത്തിയ സംഭവവുമുണ്ട്. ഒടുവില്‍ പേര് പൊന്മുട്ടയിടുന്ന താറാവ് എന്ന് തന്നെയാക്കേണ്ടിവന്നു.
മോഹന്‍ലാല്‍ ചിത്രത്തിന് രാവണപ്രഭു എന്ന് പേരിട്ടതറിഞ്ഞ് ഒരേ സമയം സിനിമാചന്തയില്‍ മത്സരിക്കാനിറങ്ങുന്ന തന്റെ മമ്മൂട്ടി ചിത്രത്തിന് രാക്ഷസരാമന്‍ എന്ന് പേരിട്ട വിനയനും ഇതുപോലെ പേരിന്റെ പേരില്‍ പുകിലുണ്ടാക്കി. സിനിമ ഓടുന്ന തിയേറ്ററുകളെ വിഎച്ച്പിയുടെയും കുമ്മനം രാജശേഖരന്റെയും കോപത്തില്‍ നിന്ന് രക്ഷിക്കാന്‍ രാക്ഷസരാജാവ് എന്ന് പേര് മാറ്റേണ്ടിവന്നു വിനയന്.


Click it and Unblock the Notifications