ഷാജി ഇനി അലിഭായി ചെയ്യുമോ?
നാട്ടുരാജാവിനു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം അലിഭായി ആണെന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകള്‍. ചുമട്ടുതൊഴിലാളികളുടെ നേതാവായി ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നു, മോഹന്‍ലാല്‍ വീണ്ടും മീശ പിരിക്കുന്നു എന്നിങ്ങനെയുള്ള വിശേഷണങ്ങളിലൂടെ വാര്‍ത്താ പ്രാധാന്യം നേടിയ പ്രൊജക്ട്.
എന്നാല്‍ ആ പ്രൊജക്ട് ഇടയ്ക്കു വച്ച് മാറ്റിവച്ചു. തിരക്കഥ പൂര്‍ത്തിയാവാത്തതാണ് കാരണം. അതിനിടയില്‍ എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ ബാബ കല്യാണി എന്ന ചിത്രം ചെയ്യാന്‍ ഷാജി കൈലാസ് തീരുമാനിച്ചു. മോഹന്‍ലാല്‍ ഒരു ഇടവേളക്കു ശേഷം പൊലീസ് ഓഫീസര്‍ വേഷത്തിലെത്തുന്നുന്ന ചിത്രം.
അലിഭായി ഇനി ഷാജി സംവിധാനം ചെയ്യുമോ? ഇല്ലെന്ന് ഷാജി. അലിഭായി ഇനി ഞാന്‍ ചെയ്യില്ല, അത് മറ്റാരെങ്കിലും ചെയ്യട്ടെയെന്നതാണ് ഷാജിയുടെ നിലപാട്.
എന്താണാവോ ഈ നിലപാട് മാറ്റത്തിനു കാരണം? മറ്റൊന്നുമല്ല, മോഹന്‍ലാലിനെ കൊണ്ട് വീണ്ടും മീശ പിരിപ്പിച്ചുവെന്ന ആരോപണം നേരിടാന്‍ വയ്യത്രെ. അലിഭായി ചെയ്താല്‍ മോഹന്‍ലാല്‍ വീണ്ടും മീശ പിരിക്കും. മുണ്ട് മടക്കിക്കുത്തും, കൈ തെറുത്ത് കയറ്റി വലിയ വലിയ ഡയലോഗുകള്‍ പറയും. എല്ലാം പഴയ പാറ്റേണില്‍. ആ പാറ്റേണൊന്ന് മാറി കിട്ടാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. അപ്പോഴാണ് ബാബ കല്യാണി വന്നത്. ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
പക്ഷേ അലിഭായി ഇനി ഞാന്‍ ചെയ്യില്ല എന്ന ഷാജിയുടെ പ്രഖ്യാപനം അത്ര കണ്ടങ്ങ് വിശ്വസിക്കാനാവുമോ? ഇങ്ങനെയുള്ള പല പ്രഖ്യാപനങ്ങളും നേരത്തെ കേട്ടിട്ടുള്ളതാണല്ലോ.. നരസിംഹം മെഗാഹിറ്റായപ്പോള്‍ മോഹന്‍ലാലിനെ വച്ച് ഇനി അത്തരമൊരു സിനിമ ചെയ്യില്ലെന്ന് പറഞ്ഞയാളാണ് ഷാജി. നരസിംഹത്തേക്കാള്‍ തകര്‍പ്പന്‍ വേഷം മോഹന്‍ലാലിന് നല്‍കാന്‍ കഴിയുന്ന ഒരു ചിത്രം മാത്രമേ ഇനി ചെയ്യൂവെന്നായിരുന്നു പ്രഖ്യാപനം.
എന്നിട്ടെന്തായി? പറഞ്ഞ വാക്കൊക്കെ വിഴുങ്ങി താണ്ഡവം ചെയ്തു. മോഹന്‍ലാലിനൊപ്പം ഷാജി പ്രേക്ഷകരുടെ മേല്‍ നടത്തിയ താണ്ഡവം തന്നെയായിരുന്ന അത്. പിന്നെ നാട്ടുരാജാവില്‍ ലാലിനെ കൊണ്ട് വീണ്ടും മീശ പിരിപ്പിച്ചു. ഇതിലെല്ലാം നരസിംഹത്തേക്കാള്‍ തകര്‍പ്പന്‍ വേഷമായിരുന്നോ മോഹന്‍ലാലിന്? എല്ലാ അര്‍ത്ഥത്തിലും ഈ രണ്ട് ചിത്രങ്ങളും പ്രേക്ഷകരെ തകര്‍ത്തുകളഞ്ഞു എന്നത് ശരിയാണ്.
അതുകൊണ്ട് അലിഭായി ചെയ്യില്ലെന്ന് പറയുന്നത് അങ്ങനങ്ങ് വിശ്വസിക്കേണ്ട. പക്ഷേ പ്രേക്ഷകരുടെ മേല്‍ വീണ്ടും താണ്ഡവമാടാനാണെങ്കില്‍ അത് വേണ്ടെന്ന് തീരുമാനിക്കുന്നതാവും ഷാജിക്ക് നല്ലത്. നിര്‍മാതാവിനോട് ഒരു മിനിമം ബാധ്യതയെങ്കിലും സംവിധായകന് വേണമല്ലോ...


Click it and Unblock the Notifications