മലയാളത്തിലെത്തുന്ന പുതിയ പെണ്‍കോലങ്ങള്‍
മലയാളത്തിലെത്തുന്ന പുതിയ പെണ്‍കോലങ്ങള്‍
മലയാള സിനിമയില്‍ നായികാ ദാരിദ്യ്രമാണെന്ന് ഒരുപാടൊരുപാട് മഹാന്മാര്‍ നൂറു വട്ടമെങ്കിലും നമ്മള്‍ക്കു പറഞ്ഞു തന്നിട്ടുണ്ട്. നമ്മള്‍ക്കെല്ലാവര്‍ക്കും അതു മനസ്സിലാവുകയും ചെയ്തിട്ടുണ്ട്... കാലാകാലവും ഇങ്ങനെ പറഞ്ഞോണ്ടിരുന്നാല്‍ മതിയോ... ഇതിനൊരു പരിഹാരമൊക്കെ വേണ്ടേ...
സംവിധായകരും നിര്‍മ്മാതാക്കളും വന്‍താരങ്ങളും തല പുകഞ്ഞാലോചിക്കാന്‍ തുടങ്ങി... അതിന്റെ ഫലമായത്രെ പൂതിയ ചിത്രങ്ങളിലേക്കായി ഹിന്ദി, തമിഴ് എന്നു വേണ്ട കന്നടയില്‍ നിന്നു പോലും നായികമാരെ നാം ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്.
ഇപ്പോള്‍ മറ്റൊന്നു കൂടി നടക്കുന്നു... പ്രമുഖ നടന്മാര്‍ തന്നെ സ്ത്രീവേഷങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയിരിക്കുന്നു. അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മൂന്നു ചിത്രങ്ങളില്‍ മലയാളത്തിലെ നാലു നടന്മാര്‍ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ടി.എസ്. സജി സംവിധാനം ചെയ്യുന്ന തില്ലാന തില്ലാനയില്‍ യുവനടന്‍ കൃഷ്ണയും ഹാസ്യാചാര്യന്‍ ജഗതിയുമാണ് പെണ്‍വേഷത്തിലെത്തുന്നത്. കെ.കെ. ഹരിദാസ് സംവിധാനം ചെയ്യുന്ന സി.ഐ. മഹാദേവന്‍ അഞ്ചടി നാലിഞ്ചില്‍ മറ്റൊരു ഹാസ്യസമ്രാട്ട് കൊച്ചിന്‍ ഹനീഫയും പെണ്‍വേഷമിടുന്നു. നാലാമത്തെ ആളും ഒരു കൊമേഡിയന്‍ തന്നെ.... സാക്ഷാല്‍ ഇന്ദ്രന്‍സ്. ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന എന്നും സംഭവാമി യുഗേ യുഗേയില്‍.
കഥകളി തുടങ്ങിയ കലാരൂപങ്ങളിലും ആദ്യകാല സിനിമകളില്‍ തന്നെയും ആണുങ്ങള്‍ തന്നെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് വേണ്ടത്ര തെളിവുകളുണ്ട്. പോരാത്തതിന് ആഗോള ഹീറോ ആയി അറിയപ്പെടുന്ന കമലഹാസന്‍ പോലും സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്തിനേറെ നമ്മുടെ ജഗതി തന്നെ മുമ്പൊരിക്കല്‍ അവൈ ഷണ്‍മുഖിയെ അനുകരിച്ചിട്ടുണ്ടല്ലോ... അപ്പോള്‍ ഇത്തരം ഒരു നീക്കത്തെ കുറ്റം പറയാന്‍ സാധിക്കില്ല... അല്ലേ...
പ്രതിസന്ധിയില്‍ പെട്ടുഴലുന്ന മലയാള സിനിമയുടെ ഓരോരോ പരീക്ഷണങ്ങളേ....


Click it and Unblock the Notifications